തനിക്കെതിരായ ഇ ഡി അന്വേഷണത്തെ നിയമപരമായി നേരിടുമെന്ന് തമിഴ്‌നാട് ഉന്നത വിദ്യാഭാസ മന്ത്രി കെ പൊൻമുടി. മുൻപ് പൊൻമുടിയ്ക്ക് എതിരെ ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം ആരംഭിച്ചിരുന്നു.
“ഞാൻ കേസിനെ നിയമപരമായി നേരിടും” എന്നായിരുന്നു പൊൻമുടിയുടെ പ്രതികരണം. റെയ്‌ഡിൽ പിടിച്ചെടുത്ത രേഖകളും, ഏകദേശം 13 ലക്ഷം രൂപയ്ക്ക് തുല്യമായ വിദേശ കറൻസിയും (ബ്രിട്ടീഷ് പൗണ്ട്) ഇഡി മരവിപ്പിച്ച 41.9 കോടി രൂപയുടെ സ്ഥിരനിക്ഷേപങ്ങളും സംബന്ധിച്ച് ചോദ്യത്തോട് പ്രതികരിക്കാൻ പൊൻമുടി തയ്യാറായില്ല.
ജൂലൈ 17ന് നടന്ന റെയ്‌ഡിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് “വിദ്യാഭ്യാസമെന്ന വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മാത്രം ചോദിക്കുക” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ, വിഷയത്തിൽ മാധ്യമങ്ങൾ തുടർന്നും ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ റെയ്‌ഡിനെക്കുറിച്ച് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ പറഞ്ഞതല്ലാതെ കൂടുതലായൊന്നും ചേർക്കാനില്ലെന്ന് പൊൻമുടി പറഞ്ഞു.
“കേസിനെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള നിരവധി കേസുകൾ ഞങ്ങൾ മുമ്പും കണ്ടിട്ടുണ്ട്.” പൊൻമുടി വ്യക്തമാക്കി. മന്ത്രിയെ കൂടാതെ എംപിയായ മകൻ ഗൗതം സിഗാമണിയെയും കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്‌തിരുന്നു.
ബെംഗളൂരുവിലെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലേക്ക് പോവുന്നതിന് മുന്നോടിയായി ക്യാബിനറ്റിലെ തന്റെ സഹപ്രവർത്തകന് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് സ്‌റ്റാലിൻ ആരോപിച്ചിരുന്നു. ഭരണകക്ഷിയായ ഡിഎംകെ ധാർമികമായും രാഷ്ട്രീയമായും നിയമപരമായും പൊൻമുടിയെ പിന്തുണയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here