ഷൊർണൂരിൽ ട്രെയിൻ തട്ടി മരിച്ച ശുചീകരണത്തൊഴിലാളികളുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. സേലം സ്വദേശികളായിരുന്നു കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മരിച്ചത്. ഇവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാനും മന്ത്രി ഉത്തരവിട്ടു. മരിച്ച നാലുപേരുടെയും കുടുംബങ്ങൾക്ക് മൂന്നുലക്ഷം രൂപ വീതം നൽകാനാണ് തമിഴ്നാട് മുഖ്യമന്ത്രി ഉത്തരവിട്ടത്.
അതേസമയം, തൊഴിലാളികൾ ട്രെയിനിടിച്ച് മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് മന്ത്രി വി അബ്ദുറഹിമാൻ കത്തയച്ചിട്ടുണ്ട്. ദുരന്തം ഏറെ ഞെട്ടിക്കുന്നതായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ റെയിൽവേ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
Also Read; കമലയോ അതോ ട്രംപോ..? യുഎസ് പുതിയ സാരഥിക്കായുള്ള വിധിയെഴുത്ത് നാളെ, ഏഴ് സംസ്ഥാനങ്ങൾ നിർണായകം
കഴിഞ്ഞദിവസമാണ് ഭാരതപ്പുഴയ്ക്ക് കുറുകെ ഷൊർണൂരിലെ റെയിൽവേ പാലത്തിൽ ശുചീകരണജോലി നടത്തുകയായിരുന്ന നാലുപേരിൽ മൂന്നുപേർ തീവണ്ടിയിടിച്ച് മരിച്ചത്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് താമസിക്കുന്ന തമിഴ്നാട് സേലം സ്വദേശികളായ അടിമലൈ ലക്ഷ്മണൻ (60), ഭാര്യ വള്ളി (55), അടിമലൈ റാണി (45) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന റാണിയുടെ ഭർത്താവ് ലക്ഷ്മണൻ രക്ഷപ്പെടാനായി പുഴയിലേക്ക് ചാടി. ഇയാളുടെ മൃതദേഹം ഞായറാഴ്ച ലഭിച്ചു.
അപകടവിവരം തീവണ്ടിയിലെ ലോക്കോപൈലറ്റാണ് ഷൊർണൂർ ബി കാബിനിലെ സ്റ്റേഷൻമാസ്റ്ററെ അറിയിച്ചത്. ഷൊർണൂർ എ, ബി കാബിനുകൾക്കിടയ്ക്ക് രണ്ടുപേരെ തീവണ്ടിയിടിച്ചെന്നായിരുന്നു ലോക്കോപൈലറ്റ് അറിയിച്ചത്. തുടർന്ന് റെയിൽവേ സുരക്ഷാസേനയും, റെയിൽവേ പൊലീസും ഷൊർണൂർ പൊലീസും പരിശോധന നടത്തി. തുടർന്ന് ലക്ഷ്മണനെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. സ്ത്രീകളുടെ മൃതദേഹങ്ങൾ പാലത്തിന് താഴെ നിന്നാണ് കണ്ടെത്തിയത്.
Also Read; കാനഡയിലെ ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ വാദികളുടെ ആക്രമണം; അപലപിച്ച് ജസ്റ്റിൻ ട്രൂഡോ
പാലത്തിൽ ശുചീകരണത്തിനും മറ്റ് സുരക്ഷാപരിശോധനയ്ക്കുമെത്തുന്നവർ തീവണ്ടി വരുന്നതറിഞ്ഞാൽ മാറിനിൽക്കാനുള്ള സൗകര്യമുണ്ട്. പക്ഷേ, ഇവരെത്തിയ ഭാഗത്ത് ഇതിനുള്ള സൗകര്യമില്ലായിരുന്നു. ഇവർ ആദ്യമായാണ് ഈ പ്രദേശത്ത് ജോലിക്കെത്തുന്നത്. നാലുപേരും ഓടിമാറാൻ ശ്രമിച്ചിരുന്നതായും ഇവർക്കൊപ്പമുണ്ടായിരുന്ന ശക്‌തിവേൽ പറഞ്ഞു. സംഭവത്തെത്തുടർന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here