ജിപിഎസ് കോളർ എത്തിയില്ല; അരിക്കൊമ്പന്‍ ദൗത്യത്തിനായുള്ള ടാസ്‌ക് ഫോഴ്‌സ് രൂപീകരണം നീളും

അരിക്കൊമ്പന്‍ ദൗത്യത്തിനായുള്ള ടാസ്‌ക് ഫോഴ്‌സ് രൂപീകരണം നീളും. ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ ഇന്ന് ചേരാനിരുന്ന പ്രത്യേക യോഗം മാറ്റി വച്ചു. മയക്കു വെടി വെച്ചാല്‍ ആനക്ക് ഘടിപ്പിക്കുവാനുള്ള ജിപിഎസ് ഇനിയും എത്താത്തതാണ് യോഗം ചേരുന്നത് നീളുവാന്‍ കാരണം. കോടതി ഉത്തരവുപ്രകാരം ദൗത്യം പൂര്‍ത്തീകരിക്കുവാനുള്ള ആദ്യഘട്ടമാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരണം.

എന്നാല്‍ ആനയ്ക്ക് ഘടിപ്പിക്കുവാനുള്ള ജിപിഎസ് റേഡിയോ കോളര്‍ ലഭ്യമാകാത്തത് ദൗത്യത്തിലേക്ക് കടക്കുന്നതിന് താമസം ഉണ്ടാക്കുകയാണ്. റേഡിയോ കോളര്‍ എത്താത്ത പശ്ചാത്തലത്തില്‍ ഇന്ന് ചേരുവാന്‍ ഇരുന്ന പ്രത്യേക യോഗം മാറ്റിവെക്കുകയായിരുന്നു വനം വകുപ്പ്.

സാറ്റലൈറ്റ് കണക്ടിവിറ്റിയുള്ള ജിപിഎസ് കോളര്‍ നിലവില്‍ കേരള വനംവകുപ്പിന്റെ പക്കലില്ല. വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും അസാം വനം വകുപ്പിന്റെയും കയ്യിലുള്ള ജിപിഎസ് കോളറുകള്‍ ലഭിക്കുവാനുള്ള അപേക്ഷ വനംവകുപ്പ് നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായി ഉണ്ടായ അവധി ദിവസങ്ങളാണ് അനുമതി ലഭിക്കുന്നതിന് താമസം ഉണ്ടാക്കിയത്.

റേഡിയോ കോളര്‍ എത്തിയാല്‍ ഉടന്‍ ദൗത്യത്തിലേക്ക് കടക്കുവാനാണ് വനം വകുപ്പ് ആലോചിക്കുന്നത്. അതേസമയം അരിക്കൊമ്പന്‍ ചിന്നക്കനാലിലെ 31 കോളനിയില്‍ തന്നെ തുടരുകയാണ്. ഒരു പിടിയാനയും രണ്ടു കുട്ടിയാനകളും അടക്കം നാലങ്ക സംഘമായാണ് ഇപ്പോഴും കൊമ്പന്‍ സഞ്ചരിക്കുന്നത്. ആനയെ കൃത്യമായി നിരീക്ഷിക്കുവാന്‍ ഉള്ള സംവിധാനങ്ങള്‍ വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News