“നികുതി വിഹിതം ബിജെപി സർക്കാരിൻ്റെ കാലത്ത് ജനസംഖ്യാ അടിസ്ഥാനത്തിലാക്കി, ഇത് കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് തിരിച്ചടിയായി”: മുഖ്യമന്ത്രി പിണറായി വിജയൻ

15ാം ധനകാര്യ കമ്മീഷന്റെ മാനദണ്ഡങ്ങളിൽ കൈകടത്തി കേന്ദ്രം കേരളത്തിന്റെ അർഹതപ്പെട്ട വിഹിതം തടയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നികുതി വിഹിതം ജനസംഖ്യാ അടിസ്ഥാനത്തിലാക്കിയത് ബിജെപി സർക്കാരിൻ്റെ കാലത്താണ്. ഇത് കേരളം അടക്കം സംസ്ഥാനങ്ങൾക്ക് തിരിച്ചടിയായെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര വരുമാനത്തിന്റെ മൂന്നിൽ ഒന്ന് സെസും സർചാർജും ആക്കുക വഴി സംസ്ഥാനങ്ങളുടെ വയറ്റത്തടിക്കുകയാണുണ്ടായത്. ധനകാര്യ കമ്മിഷന്‍ സംസ്ഥാനങ്ങള്‍ക്ക് നീതി ഉറപ്പാക്കേണ്ടതുണ്ട്. അത് ഭരണഘടനാപരമായ ബാധ്യതയാണ്. എന്നാല്‍ ഇതില്‍ നിന്നും അവരെ തടയുന്ന ഇടപെടലുകള്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവുകയാണ്. കമ്മീഷന്‍റെ പരിഗണനാവിഷയങ്ങള്‍ വിപുലീകരിച്ചും ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയുമുള്ള ഇടപെടലുകള്‍ ഉദാഹരണം. ഇത് ഫെഡറല്‍ വ്യവസ്ഥയെ തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read; കേരളത്തിന്റേത് സവിശേഷമായ സമരം; കേന്ദ്രത്തില്‍ നിന്ന് അര്‍ഹതപ്പെട്ടത് നേടിയെടുക്കുകയാണ് ലക്ഷ്യം: മുഖ്യമന്ത്രി 

പതിനഞ്ചാം ധനകാര്യ കമീഷന്‍റെ പരിഗണനാ വിഷയങ്ങളിലും മാനദണ്ഡങ്ങളിലും കൈകടത്തി, കേരളത്തിന് ലഭിക്കേണ്ട അര്‍ഹതപ്പെട്ട തുക നിഷേധിക്കുന്നതായിരുന്നു കേന്ദ്രസര്‍ക്കാര്‍ സമീപനം. ബിജെപി സര്‍ക്കാര്‍ വന്ന ശേഷം 2011 ലെ ജനസംഖ്യ മാനദണ്ഡമാക്കാന്‍ (നേരത്തെ 1971ലെ സെന്‍സസ്സായിരുന്നു മാനദണ്ഡം.) ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ടതു കാരണം നികുതി വിഹിതത്തിന്‍റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചു. കൈവരിച്ച നേട്ടങ്ങള്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഇതോടെ തിരിച്ചടിയായി.
ഇതിനുപുറമേ, കേന്ദ്രവരുമാനത്തിന്‍റെ മൂന്നിലൊന്നും സെസ്സുകളും സര്‍ചാര്‍ജുകളും ആക്കുക വഴി സംസ്ഥാനങ്ങളുടെ വയറ്റത്തടിക്കുക കൂടി ചെയ്യുകയാണ് കേന്ദ്രം.

സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര നികുതി വിഹിതം 41 ശതമാനമായി 15 ആം ധനകമീഷന്‍ നിശ്ചയിക്കുകയുണ്ടായി. എന്നാല്‍, കേന്ദ്രവരുമാനത്തിന്‍റെ മുന്നിലൊന്ന് (കഴിഞ്ഞ വര്‍ഷം 28.1 ശതമാനം) സെസും സര്‍ചാര്‍ജുമായി മാറ്റി. 2014-15 ല്‍ ഇത് വെറും 10 ശതമാനം മാത്രമായിരുന്നു. ഈ സെസ്സും സര്‍ചാര്‍ജും സംസ്ഥാനങ്ങളുമായി വിഭജിക്കേണ്ടതില്ല. അതിനാല്‍ തന്നെ, സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു കൊടുക്കേണ്ട തുകയില്‍ വലിയ കുറവ് വരുത്തി.

Also Read; മദ്യനയ അഴിമതി; അരവിന്ദ് കെജ്‌രിവാൾ കോടതിയിൽ ഹാജരാകണം

ജിഎസ്ടി നടപ്പാക്കുമ്പോള്‍, സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ നികുതി അവകാശങ്ങളുടെ 44 ശതമാനമാണ് അടിയറവ് വെക്കേണ്ടിവന്നത്. എന്നാല്‍ കേന്ദ്രത്തിന് നഷ്ടമായത് 28 ശതമാനം നികുതി അവകാശം മാത്രമാണ്. എന്നാല്‍ ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ വരുമാനത്തിന്‍റെ 50 ശതമാനം കേന്ദ്രത്തിനും 50 ശതമാനം സംസ്ഥാനത്തിനും എന്ന രീതിയില്‍ പങ്ക് വെക്കപ്പെട്ടു. ഇതിലൂടെ സംസ്ഥാനത്തിന് അടിയറവ് പറയേണ്ടി വന്ന നികുതി വരുമാനത്തേക്കാള്‍ കുറഞ്ഞവരുമാനമാണ് ലഭ്യമായിത്തുടങ്ങിയത്. അതായത്, ജിഎസ്ടി വന്നപ്പോള്‍ ഉണ്ടായ നികുതി നഷ്ടത്തേക്കാള്‍ കുറവാണ് ജിഎസ്ടി മൂലം ഉണ്ടായ വരുമാനമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News