സ്‌കൂള്‍ തുറക്കുന്നതിനോട് അനുബന്ധിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപക സംഘടനകള്‍ മുഖ്യ പങ്കു വഹിക്കും

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അടുത്ത അക്കാദമിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപക സംഘടനകളുടെ പൂര്‍ണപിന്തുണ. മെയ് 21 മുതല്‍ 27 വരെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും ശുചീകരിക്കും. മെയ് 21ന് കരമന ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും.

സ്‌കൂള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപക സംഘടനകള്‍ മുഖ്യ പങ്കു വഹിക്കും. സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പിലെ ക്യു.ഐ. പി. ഡി ഡിമാര്‍ക്ക് ജില്ല തിരിച്ചുള്ള ചുമതല നല്‍കും.അധ്യയന ദിവസങ്ങള്‍ ചുരുങ്ങിയത് 200 തികയ്ക്കാനുള്ള നടപടികള്‍ കൈക്കൊള്ളും.

ലഹരി വസ്തുക്കള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്‌കൂള്‍ തല ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. പോലീസ്, എക്‌സൈസ്,ജനപ്രതിനിധികള്‍, പി.ടി.എ.അംഗങ്ങള്‍,അധ്യാപകര്‍ എന്നിവര്‍ അടങ്ങുന്നതാണ് സമിതി.

ഭിന്നശേഷി ഉത്തരവ് താഴെത്തട്ടില്‍ അടിയന്തരമായി നടപ്പാക്കാന്‍ നടപടികള്‍ എടുക്കും.ജില്ലാ അടിസ്ഥാനത്തില്‍ ഡി. ഡി.മാരും ആര്‍. ഡി.ഡി.മാരും അധ്യാപക സംഘടന നേതാക്കളും അടങ്ങുന്ന ജില്ലാതലയോഗം അതത് ജില്ലയിലെ വിഷയങ്ങള്‍ പരിശോധിക്കും.

സ്‌കൂളുകളിലെ ഇന്റര്‍നെറ്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ നടപടി ഉണ്ടാകും.കൈറ്റ്, എസ്. എസ്. കെ., എസ്. സി. ഇ.ആര്‍.ടി. തുടങ്ങി വകുപ്പിലെ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കും.

വരുംവര്‍ഷത്തെ അക്കാദമിക കലണ്ടര്‍ പൂര്‍ത്തീകരിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി,
ഡിജി,വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍,ക്യു.ഐ. പി. സംഘടനകള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന അടിയന്തര യോഗം വിളിക്കും.ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ പിടിഎ, നാട്ടുകാര്‍,പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകള്‍,മറ്റു സംഘടനകള്‍ തുടങ്ങിയവരെ ഏകോപിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും.

ആഗസ്റ്റ്,സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തില്‍ സംസ്ഥാനത്തെ എല്ലാ ഓഫീസുകളുടെയും കുടിശ്ശിക ഫയലുകള്‍ സംബന്ധിച്ച വിവരം ശേഖരിച്ച് ഫയല്‍ അദാലത്ത് നടത്തും.ഫയലുകള്‍ വച്ച് താമസിപ്പിക്കുന്നു എന്ന് അദാലത്തില്‍ ബോധ്യപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അധ്യാപകരുടെ സ്‌പെഷ്യല്‍ ട്യൂഷന്‍, പ്രൈവറ്റ് എന്‍ട്രന്‍സ് കോച്ചിംഗ്, അധ്യാപക പരിശീലന പരിപാടിയില്‍ പങ്കെടുക്കാതിരിക്കല്‍, മൂല്യനിര്‍ണയ ക്യാമ്പുകളില്‍ നിന്ന് വിട്ടുനില്‍ക്കല്‍ തുടങ്ങിയവക്കെതിരെ കര്‍ശനനടപടികള്‍ ഉണ്ടാവും.

ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ ശാക്തീകരണം അടുത്ത വര്‍ഷത്തെ പ്രധാന മുദ്രാവാക്യമാണ്. ഇതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കെ.എസ്. ടി. എ., കെ.പി.എസ്. ടി. എ., എ.കെ.എസ്. ടി. യു. തുടങ്ങി 44 അധ്യാപക സംഘടനകളുടെ സംസ്ഥാന നേതാക്കള്‍ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ. എ. എസ്., പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ്. ഐ. എ. എസ്., വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News