കരുത്തരായ ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ മണ്ണിൽ പോരിന് ഇറങ്ങുകയാണ് രോഹിത് ശർമ്മയും കൂട്ടരും. അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് നാളെ പെർത്തിൽ തുടക്കമാകും. ശേഷിക്കുന്ന നാല് മത്സരങ്ങൾ അഡ്‌ലെയ്ഡ്, ബ്രിസ്‌ബേൻ, മെൽബൺ, സിഡ്‌നി എന്നിവിടങ്ങളിൽ നടക്കും. കഴിഞ്ഞ രണ്ടുതവണയും കംഗാരുമണ്ണിൽ വെന്നിക്കൊടി പാറിച്ചത് ഇന്ത്യയായിരുന്നു. ആ നേട്ടം തുടരാമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ ഓസ്ട്രേലിയയിൽ ലാൻഡ് ചെയ്തിരിക്കുന്നത്.
നിലവിൽ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമൻമാരാണ് ഓസീസ്. സ്വന്തം മണ്ണിൽ രണ്ടുതവണയായി നഷ്ടപ്പെട്ട പരമ്പര തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആതിഥേയർ. ഓസ്ട്രേലിയയിൽ ജയിക്കാൻ ഇന്ത്യ ഏറെ പ്രതീക്ഷയർപ്പിക്കുന്ന 7 താരങ്ങൾ ആരൊക്കെയെന്ന് നോക്കാം…
Also Read: ഷമിയെ കളത്തിൽ കാണാൻ പറ്റും; ടീമിനെ പറ്റി അപ്ഡേറ്റ് തന്ന് ബൂമ്ര
വിരാട് കോഹ്‌ലി: ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പരയ്ക്കായി അഞ്ചാം തവണയാണ് കിങ് കോഹ്ലി എത്തുന്നത്. ഓസ്ട്രേലിയൻ മണ്ണിൽ മികച്ച റെക്കോർഡുള്ള ബാറ്ററാണ് കോഹ്ലി. ഇതുവരെ കളിച്ച 13 മത്സരങ്ങളിൽ നിന്ന് 1352 റൺസാണ് മുൻ ഇന്ത്യൻ നായകൻ അടിച്ചുകൂട്ടിയിട്ടുള്ളത്. ഓസ്‌ട്രേലിയയിൽ അദ്ദേഹത്തിൻ്റെ ബാറ്റിംഗ് ശരാശരി 54.08 ആണ്. ആറ് സെഞ്ച്വറികളും നേടിയിട്ടുണ്ട്.
രോഹിത് ശർമ്മ: ഇന്ത്യയുടെ നായകനാണ് രോഹിത് ശർമ്മ. രണ്ടാമത്തെ കുട്ടി ജനിച്ചതിനാൽ ആദ്യ ടെസ്റ്റിൽ രോഹിത് കളിക്കാനിടയില്ല. ഓസ്‌ട്രേലിയയിൽ ഏഴ് ടെസ്റ്റ് മത്സരങ്ങൾ കളിച്ച രോഹിത് മൂന്ന് അർധസെഞ്ചുറികൾ ഉൾപ്പടെ 408 റൺസ് നേടിയിട്ടുണ്ട്. ഓസ്ട്രേലിയൻ മണ്ണിൽ കഴിഞ്ഞ രണ്ട് ടെസ്റ്റ് പരമ്പരകൾ ജയിച്ച ഇന്ത്യൻ ടീമിൽ രോഹിത് ഉണ്ടായിരുന്നു.
ജസ്പ്രീത് ബുംറ: 2024-25ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത് ബുംറയാണ്. ഓസ്ട്രേലിയൻ മണ്ണിൽ ബുംറ ഇതുവരെ ഏഴ് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 32 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2018-19ൽ ഓസ്ട്രേലിയയിൽ ഇന്ത്യയുടെ പരമ്പര വിജയത്തിൽ നിർണായകമായത് ബുംറയുടെ മികവായിരുന്നു. സീമർമാർക്ക് പിന്തുണ ലഭിക്കുന്ന ഓസീസ് പിച്ചുകളിൽ ഇത്തണയും ഇന്ത്യയുടെ മുന്നേറ്റം ബുംറയുടെ ഫോമിനെ ആശ്രയിച്ചായിരിക്കും.
രവിചന്ദ്രൻ അശ്വിൻ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറാണ് ആർ അശ്വിൻ. ഇതുവരെ കളിച്ച 22 മത്സരങ്ങളിൽ അശ്വിൻ 114 ഓസീസ് ബാറ്റർമാരെ പുറത്താക്കിയിട്ടുണ്ട്. ഓസ്ട്രേലിയൻ മണ്ണിൽ 10 മത്സരങ്ങളിൽനിന്ന് 39 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ബൌളിങ്ങിൽ മാത്രമല്ല ബാറ്റിങ്ങിലും അശ്വിൻ ഓസീസ് മണ്ണിൽ തിളങ്ങിയിട്ടുണ്ട്. അശ്വിൻ നേടിയ രണ്ട് അർദ്ധസെഞ്ച്വറികൾ പരമ്പര വിജയത്തിലും നിർണായകമായിട്ടുണ്ട്.
രവീന്ദ്ര ജഡേജ: ലോക ഒന്നാം നമ്പർ ടെസ്റ്റ് ഓൾറൗണ്ടർറായ രവീന്ദ്ര ജഡേജ ഓസ്‌ട്രേലിയയിൽ നാല് ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. 14 വിക്കറ്റുകളും 175 റൺസുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ജഡേജയുടെ ഇടംകൈയൻ സ്പിൻ ഓസീസ് ബാറ്റർമാരെ കുഴപ്പിക്കുമെന്നാണ് ഇന്ത്യൻ ക്യാംപ് പ്രതീക്ഷിക്കുന്നത്.
ശുഭ്മാൻ ഗിൽ: 2020 ഡിസംബർ 26ന് മെൽബണിൽ ഇന്ത്യയ്ക്കുവേണ്ടി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ശുഭ്മാൻ ഗിൽ മൂന്ന് ടെസ്റ്റുകളാണ് ഓസ്ട്രേലിയയിൽ കളിച്ചിട്ടുള്ളത്. ഓസ്‌ട്രേലിയയിൽ 51.80 ശരാശരിയിൽ 259 ടെസ്റ്റ് റൺസ് നേടിയിട്ടുണ്ട്. ഗിൽ ഫോമിലെത്തിയാൽ ഈ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ കുതിപ്പിന് വലിയ ഊർമായി അത് മാറും.
മുഹമ്മദ് സിറാജ്: മുഹമ്മദ് ഷമിയുടെ അഭാവത്തിൽ, ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ പരിചയസമ്പന്നനായ രണ്ടാമത്തെ പേസറാണ് മുഹമ്മദ് സിറാജ്. ഹൈദരാബാദുകാരനായ സിറാജ് കഴിഞ്ഞ ഓസീസ് പര്യടനത്തിലാണ് ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. ഓസ്‌ട്രേലിയയിൽ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകളാണ് സിറാജ് നേടിയിട്ടുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here