34കാരനായ ടെക്കി അതുല്‍ സുഭാഷിന്റെ മരണത്തിൽ ഭാര്യ നികിത സിംഘാനിയ, അമ്മ നിഷ, സഹോദരന്‍ അനുരാഗ് എന്നിവരെ ആത്മഹത്യാ പ്രേരണ കേസില്‍ അറസ്റ്റ് ചെയ്തു. നികിതയും കുടുംബവും ഉപദ്രവിച്ചെന്നും പണം തട്ടിയെന്നും ആരോപിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അതുല്‍ ആത്മഹത്യ ചെയ്തിരുന്നു.
നികിതയെ ഗുരുഗ്രാമില്‍ നിന്നും അമ്മയെയും സഹോദരനെയും പ്രയാഗ്‌രാജില്‍ നിന്നും അറസ്റ്റ് ചെയ്തു. പ്രതിയായ അമ്മാവന്‍ സുശീല്‍ ഒളിവിലാണ്. മൂന്ന് പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്യുകയും രാത്രി വൈകി ബെംഗളൂരുവില്‍ എത്തിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആളുകള്‍ പ്രക്ഷുബ്ധരായതിനാല്‍ പൊലീസ് കരുതലോടെയാണ് അറസ്റ്റുമായി മുന്നോട്ട് പോയതെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
മൂന്ന് ദിവസത്തിനകം ഹാജരാകണമെന്ന് ബെംഗളൂരു പൊലീസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. അതുല്‍ സുഭാഷിന്റെ ആത്മഹത്യാ മരണത്തിലും 24 പേജുള്ള ആത്മഹത്യാ കുറിപ്പിലും 80 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലും നികിത സിംഘാനിയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരെ വന്‍ രോഷം ഉയർന്നിരുന്നു. ബിഹാറിലെ സമസ്തിപൂര്‍ സ്വദേശിയായ 34 കാരനായ ടെക്കിയെ തിങ്കളാഴ്ചയാണ് ബെംഗളൂരുവിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇദ്ദേഹത്തിൻ്റെ വീട്ടില്‍ നിന്ന് പൊലീസ് വിശദമായ കുറിപ്പ് കണ്ടെത്തിയിരുന്നു. ‘നീതി നല്‍കണം’ എന്നാണ് ഓരോ പേജും തുടങ്ങുന്നത്. മാച്ച് മേക്കിംഗ് വെബ്സൈറ്റ് വഴിയാണ് 2019 ല്‍ നികിതയുമായുള്ള വിവാഹം. അടുത്ത വര്‍ഷം ദമ്പതികള്‍ക്ക് ഒരു മകനുണ്ടായി. ബിസിനസ്സ് തുടങ്ങാന്‍ നികിതയും കുടുംബവും തന്നോട് വന്‍ തുക ആവശ്യപ്പെടുമെന്ന് ഇയാള്‍ ആരോപിച്ചു. വിസമ്മതിച്ചപ്പോള്‍ തര്‍ക്കങ്ങളുണ്ടായി. ഒടുവില്‍ 2021ല്‍ മകനോടൊപ്പം നികിത വീടുവിട്ടു. അടുത്ത വര്‍ഷം, സ്ത്രീക്കെതിരായ ക്രൂരത, സ്ത്രീധന പീഡനം, കൊലപാതകം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി തനിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ കേസുകള്‍ ഫയല്‍ ചെയ്തുവെന്ന് അതുല്‍ ആരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here