സാങ്കേതിക സർവകലാശാല നാളെ നടത്താനിരുന്ന സർവകലാശാല യൂണിയൻ ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. വോട്ടർ പട്ടികയിൽ സപ്ലിമെന്ററി പരീക്ഷകൾ ഉള്ള 9 വിദ്യാർത്ഥികൾ ഉൾപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.
ലിംഗ്ദോ കമ്മീഷൻ ശുപാർശ പ്രകാരം പരീക്ഷകളിൽ തോറ്റ വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകാൻ കഴിയില്ല. ഇങ്ങനെയുള്ള വിദ്യാർത്ഥികൾ വോട്ടർ പട്ടികയിൽ ഉൾപെട്ടിട്ടുണ്ടെന്ന പരാതിയിൽ പട്ടിക പരിശോധിച്ച സ്റ്റുഡന്റ് അഫയേഴ്സ് സിൻഡിക്കേറ്റ് സ്റ്റാന്റിംഗ് കമ്മിറ്റിയാണ് അയോഗ്യരായ വിദ്യാർത്ഥികൾ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശുപാർശ വൈസ് ചാൻസലർ അംഗീകരിക്കുകയായിരുന്നു.
അന്വേഷണത്തിൽ ചില കോളേജുകളിലെ പ്രിൻസിപ്പൽമാർ സമർപ്പിച്ച യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരുടെ പട്ടികയിൽ യൂണിവേഴ്സിറ്റി യൂണിയൻ ചട്ടങ്ങളുടെയും ലിംഗ്ദോ കമ്മീഷൻ ശുപാർശകളുടെയും ഗുരുതരമായ ലംഘനങ്ങൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ചില കോളേജുകളിൽ തെരഞ്ഞെടുപ്പ് നടന്നില്ല എന്നും പ്രിൻസിപ്പൽമാർ സ്വയം കൗൺസിലർമാരെ തെരഞ്ഞെടുക്കുകയായിരുന്നു എന്നും വിദ്യാർത്ഥികളുടെ പരാതികളും സർവ്വകലാശാലക്ക് ലഭിച്ചിരുന്നു. ഈ പരാതികളിൽ അന്വേഷണം നടത്താനും സർവകലാശാല തീരുമാനിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here