‘കേരളം ഒഴുക്കിനെതിരെ നീന്തുന്ന സംസ്ഥാനം, എപ്പോ‍ഴും കൈത്താങ്ങ്’: ആര്‍ രാജഗോപാല്‍

വാര്‍ത്താ തലക്കെട്ടുകളിലെ ശക്തമായ നിലപാടുകൊണ്ട് ശ്രദ്ധേയനാണ് മലയാളി മാധ്യമപ്രവര്‍ത്തകന്‍ ആര്‍. രാഗഗോപാല്‍. ദ ടെലിഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് പദവി വഹിക്കുന്ന രാജഗോപാല്‍ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന എഡിറ്റോറിയല്‍ നയങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. കേരളത്തെക്കുറിച്ച്, സംസ്ഥാനത്തെ മാധ്യമങ്ങളെക്കുറിച്ച് രാജഗോപാല്‍ തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവയ്‌ക്കുന്നു.

കേരളീയതയെ കുറിച്ച്

കേരളം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്കെത്തുന്നത് ഒഴുക്കിനെതിരെ നീന്തുന്ന സംസ്ഥാനം എന്നാണ്. അതുപോലെ ഒരു കൈത്താങ്ങ് തരാന്‍ എപ്പോഴും മുന്നോട്ട് വരുന്ന സംസ്ഥാനം കൂടിയാണ് കേരളം. മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് പഠനം മുടങ്ങിയവര്‍ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ ഉപരിപഠനത്തിന് സൗകര്യമൊരുക്കിയത് ഇതിന് ഉദാഹരണമാണ്. കേരളത്തിനകത്ത് തന്നെ ഇത്തരം കാര്യങ്ങള്‍ എത്രയധികം അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് പരിശോധിക്കണം.

കേരളത്തിലെ മാധ്യമരംഗം

കേരളത്തിലെ മാധ്യമരംഗം ദേശീയതലത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണെന്ന് എനിക്ക് അഭിപ്രായമില്ല. പരമ്പരാഗത മാധ്യമങ്ങള്‍, ദൃശ്യമാധ്യമങ്ങള്‍, സമൂഹ മാധ്യമങ്ങള്‍ എന്നിവയ്‌ക്കെല്ലാം അതിന്റേതായ സ്വഭാവമുണ്ട്. ഞാന്‍ ഏറ്റവുമധികം ശ്രദ്ധിച്ചിരുന്നത് പരമ്പരാഗത മാധ്യമങ്ങളെയാണ്. പത്രപ്രവര്‍ത്തന മേഖലയിലേക്ക് പ്രവേശിക്കുന്നതിന് കേരളത്തിലെ പത്രങ്ങള്‍ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ക്രാഫ്റ്റ്, കഴിവുകള്‍, റിസോഴ്‌സ് എന്നിവയില്‍ കേരളത്തിലെ മാധ്യമങ്ങള്‍ ദേശീയ മാധ്യമങ്ങളേക്കാള്‍ ഏറെ മുന്നിലാണ്. എന്നാല്‍ ഒരു രാഷ്ട്രീയ നിലപാട് എടുക്കേണ്ട സമയത്ത് പലരും ഉള്‍വലിയുന്നതായി തോന്നാറുണ്ട്. യുദ്ധം, കായിക മേളയില്‍ ലഭിക്കുന്ന അംഗീകാരം, പ്രമുഖ നേതാക്കളുടെ വേര്‍പാട് തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്ന പ്രൊഫഷണല്‍ നിലപാട് മനുഷ്യാവകാശ ലംഘനം, ആവിഷ്‌ക്കാര സ്വാതന്ത്ര്യ ലംഘനം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ മാധ്യമങ്ങള്‍ സ്വീകരിക്കാറില്ല എന്നാണ് അഭിപ്രായം. ഇത് എന്തുകൊണ്ടാണെന്നത് ചര്‍ച്ച ചെയ്യപ്പെടണം.

കേരളത്തിലെ മാധ്യമങ്ങളുടെ അവസ്ഥ തീര്‍ച്ചയായും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ദേശീയതലത്തില്‍ ന്യൂസ് ക്ലിക്കിനു സംഭവിച്ചതു പോലെ ഇന്ത്യയിലൊരിടത്തും സംഭവിച്ചിട്ടില്ല. കേരളത്തിലും ചില പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെങ്കിലും ദേശീയ തലത്തിലെ പ്രശ്‌നങ്ങളുമായി താരതമ്യം ചെയ്യാനാകില്ല.

കേരളത്തില്‍ മാധ്യമരംഗത്തേക്ക് കൂടുതല്‍ ആളുകള്‍  കടന്നുവരുന്നതിനെ കുറിച്ച്

സാക്ഷരതയ്ക്ക് കേരളത്തിന്റെ പുരോഗതിയില്‍ വലിയ പങ്കുണ്ട്. പുരോഗമനപരമായ നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍, പുരോഗമനപരമായ സാഹചര്യം തുടങ്ങിയവ ഇവിടെയുണ്ട്. രാഷ്ട്രീയ, സാമൂഹ്യ പശ്ചാത്തലം, വിദ്യാഭ്യാസ മേഖലയിലെ മികവ് തുടങ്ങിയവയും ഇവിടെയുണ്ട്. ഇത്തരം സാഹചര്യം എവിടെയുണ്ടായാലും കൂടുതല്‍ പേര്‍ ഇത്തരം മേഖലയിലേക്ക് കടന്നുവരും. അതുതന്നെയാണ് കേരളത്തിലും സംഭവിച്ചത്.

മലയാളിയുടെ ആഗോള പൗരത്വം

ഭൂമിശാസ്ത്രപരമായ പ്രത്യേകത സ്വാധീനിച്ചിട്ടുണ്ട്. കടലിനോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ തുറന്ന സമൂഹമായിരിക്കും. കേരളം പോലൊരു ചെറിയ രാജ്യത്ത് നിന്ന് പുതിയ മേഖലകള്‍ തിരഞ്ഞ് ജനങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകാറുണ്ട്.
സ്വാഭാവികമായ രീതിയാണത്.

സമുദ്രതീരങ്ങളിലുള്ള എല്ലാ പ്രദേശങ്ങളിലും കൊടുക്കല്‍ വാങ്ങലുകള്‍ സ്വാഭാവികമാണ്. മൊബിലിറ്റി അടുത്ത കാലത്ത് വലിയ കുഴപ്പമായി കരുതുന്നവരുണ്ട്. അത് വലിയ കുഴപ്പമല്ല. ഇംഗ്ലണ്ട് പോലൊരു ചെറിയ രാജ്യത്തെ സംസ്‌കാരം ലോകം മുഴുവന്‍ പടരാന്‍ കാരണം അവര്‍ അവിടെ ചുരുങ്ങി നിന്നില്ല എന്നതാണ്. അതേത്തുടര്‍ന്നാണ് പല കാര്യങ്ങളും ലോകത്തിന് അറിയാന്‍ കഴിഞ്ഞത്. മൊബിലിറ്റി എന്നത് മനുഷ്യസഹജമാണ്. മനുഷ്യ ചരിത്രത്തിന്റെയും പരിണാമത്തിന്റെയും കൂടി ഭാഗമാണത്. ഒരിക്കലും തടുക്കാന്‍ കഴിയില്ല. കുടിയേറ്റത്തിന് നിരവധി നല്ല വശങ്ങളുണ്ട്.

നവകേരളവും മാധ്യമ സ്വാതന്ത്ര്യവും

നവകേരളവുമായി ബന്ധപ്പെട്ട ആശയ രൂപീകരണ പ്ലാറ്റ്‌ഫോമുകളില്‍ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് മുന്‍വിധികളില്ലാതെ സ്വതന്ത്ര ചര്‍ച്ചകള്‍ നടക്കണം. ഇതിനായുള്ള വേദിയൊരുക്കുക എന്നത് ഒരു സര്‍ക്കാരും ചെയ്യാത്ത കാര്യമാണ്. മാധ്യമരംഗം ഇത്രയധികം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഒരു പ്ലാറ്റ്‌ഫോം സര്‍ക്കാര്‍ ഒരുക്കുന്നത് വലിയ കാര്യമാണ്. കേരളത്തിന്റെ സമസ്ത നേട്ടങ്ങള്‍ അവതരിപ്പിക്കുന്ന കേരളീയത്തിന് ആശംസകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News