ഇത്തവണത്തെ സ്‌കൂൾ കലോത്സവത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് നാടക മത്സരം. പതിവുപോലെത്തന്നെ ഇത്തവണയും നാടക മത്സര വിഭാഗത്തിൽ കടുത്ത മത്സരമായിരുന്നുവെങ്കിലും കയ്യടിയിൽ ഒരൽപം മുന്നിൽ നിന്നത് ഹൈസ്‌കൂൾ വിഭാഗത്തിൽ കൊല്ലം നീരാവിൽ ഹൈസ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ച ‘ടെൻ ഡി റാപ്പേഴ്‌സ്’ എന്ന നാടകമായിരുന്നു.
വെടിച്ചില്ലുപോലെ കാണികളിലേക്ക് തെറിച്ചിറങ്ങിയ ഒരു നാടകമായിരുന്നു ഇതെന്ന് ഒറ്റവാക്കിൽ പറയാം. ടാഗോർ തിയേറ്ററിലെ കാണികളെ ഒരു നിമിഷം പോലും കണ്ണിമവെട്ടാതെ സ്റ്റേജിലേക്ക് ഈ നാടകം പിടിച്ചിരുത്തി. നാടകം ഓരോ രംഗങ്ങളിലേക്ക് മാറുമ്പോഴും വേദിയും സദസ്സും ഒരുമിച്ച് ആർത്തിരമ്പിമറിയുകയായിരുന്നു.രാവിലെ പത്തു മണിക്ക് തുടങ്ങിയ നാടകമൽസരത്തിന്റെ കൊട്ടിക്കലാശമായി 18-ാമത്തെ നാടകമായി രാത്രി പത്തരയ്ക്കാണ് ‘ടെൻ ഡി റാപ്പേഴ്‌സ്’ വേദിയിലെത്തിയത്. ആദിമധ്യാന്തം സീറ്റിൽനിന്നെഴുന്നേൽക്കാതെ നാടകം കണ്ടിരുന്ന കാണികൾ ഈ നാടകം കഴിഞ്ഞതോടെ ആർപ്പുവിളികൾ നാടകം കഴിഞ്ഞതും സദസ്സിൽ ഉള്ളവർ ഒന്നാകെ കൂട്ടികളെ സ്നേഹചുംബനങ്ങളാൽ പൊതിഞ്ഞു.പ്രേക്ഷകർക്ക് കുട്ടിക്കുറുമ്പന്മാരും കുറുമ്പികളും ഒരുക്കിയ ദൃശ്യ വിസ്മയം അത്രമേൽ ഗംഭീരമായിരുന്നു.
വിദ്യാർഥികളെ ചൂരൽകാട്ടി പേടിപ്പിച്ച് വരുതിക്കുനിറുത്തുന്ന അധ്യാപകരെ കണക്കറ്റ് പരിഹസിക്കുന്ന നാടകമായിരുന്നു ‘ടെൻ ഡി റാപ്പേഴ്‌സ്’.
കേശു, ഷിബു, ക്രിസ്റ്റോ, ലക്ഷ്‌മി എന്നീ സഹപാഠികളിലൂന്നിയാണ് നാടകം മുന്നോട്ട് പോകുന്നത്. പാടിക്കാൻ മിടുക്കരല്ലാത്ത,
പൊതു പരീക്ഷയിൽ തോൽക്കാൻ സാധ്യതയുള്ള ഈ കുട്ടികളെ ഡീഗ്രേഡ് ചെയ്‌ത് 10 ഡി എന്ന പുതിയ ഡിവിഷൻ ആരംഭിക്കുന്ന അധ്യാപകരും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് നാടകത്തിന്റെ ഇതിവൃത്തം.അധ്യാപകരെ കയ്യിലെടുക്കാൻ കുട്ടികൾ മെനയുന്ന മാർഗ്ഗങ്ങൾ കണ്ടപ്പോൾ പലപ്പോഴും സദസിൽ ഉള്ളവർക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല.”പിള്ളാരെ തോൽപ്പിച്ചല്ലല്ലോ സാറെ നിലവാരമുയർത്തേണ്ടത് “എന്ന പ്രസക്തമായ ചോദ്യത്തിൽ നാടകം അവസാനിക്കുമ്പോൾ പ്രേക്ഷകരിലേക്ക് ചില ഓർമ്മകളും തിരിച്ചറിവുകളും കൂടിയും ഒഴുകിയെത്തിയിരുന്നുവെന്ന് നിസംശയം പറയാേം.
കേശു എന്ന ആ മിടുമിടുക്കൻ യഥാർത്ഥത്തിൽ ഐഷ എന്ന മിടുമിടുക്കിയാണ് എന്ന തിരിച്ചറിഞ്ഞപ്പോൾ ചിലർക്ക് അമ്പരപ്പായിരുന്നു. ചിലരുടെ മനസ്സിൽ അത്രമേൽ ആ കഥാപാത്രം ആഴത്തിലിറങ്ങി എന്നുവേണം പറയാൻ. കുട്ടികൾ മത്സരിച്ച് അഭിനയിക്കുകയായിരുന്നു എന്ന് പറഞ്ഞാൽ ഒരുപക്ഷെ തെറ്റായി പോകും.അവർ സദസ്സിനു മുൻപിൽ ജീവിച്ചു കാണിക്കുകയായിരുന്നു എന്നുവേണം പറയാൻ. അത്രമേൽ മികച്ച പ്രകടവുമാണ് കുട്ടികൾ കാഴ്ചവെച്ചത്.നാടകത്തിലെ രംഗങ്ങളെക്കുറിച്ചും ഡയലോഗുകളെക്കുറിച്ചും പറയാനാണെങ്കിൽ, അതിനെ വിവരിക്കാൻ വാക്കുകളിലല്ല എന്ന് പറയാം. വേറിട്ടൊരു ആശയം വളരെ മികച്ച രീതിയിൽ ഒരു സെക്കന്റ് പോലും ബോറടിപ്പിക്കാതെ എത്തിച്ചുവെന്നത് നാടകകൃത്തിന്റെയും , അതിനെ അഭിനയിപ്പിച്ച് വിസ്മയമാക്കിയ അഭിനേതാക്കളുടെയും വലിയ കഴിവാണ്. ആ കഴിവിന്റെ, അധ്വാനത്തിന്റെ, വിയർപ്പിന്റെ ഫലമായിട്ടാണ് ”ടെൻ ഡി റാപ്പേഴ്‌സ്’ ഇന്നും കാണികളുടെ മനസ്സിൽ മായാതെ കിടക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here