ടെന്നിസ് മത്സരങ്ങള്‍ക്ക് വേണ്ടി അടുത്തിടെ ഇന്ത്യയിലെത്തിയ സെര്‍ബിയന്‍ ടെന്നിസ് താരം ദേയാന റാഡനോവിച്ചിന്റെ രാജ്യത്തെ കുറിച്ചുള്ള പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ ചര്‍ച്ചയാകുന്നത്. രാജ്യത്തെ ഭക്ഷണം, ഗതാഗതം, ശുചിത്വം എന്നിവയെക്കുറിച്ച് രൂക്ഷമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
‘ഗുഡ്ബൈ ഇന്ത്യ. ഇനിയൊരിക്കലും നമ്മള്‍ കാണാതിരിക്കട്ടെ’, എന്നായിരുന്നു വിമാനത്താവളത്തിന്റെ ചിത്രം പങ്കുവെച്ച് സെര്‍ബിയന്‍ താരം കുറിച്ചത്. മ്യൂണിക്കിലെത്തിയതിന് ശേഷം വീണ്ടും ദേയാന പോസ്റ്റിട്ടു. ‘ഹലോ നഗരമേ, മൂന്നാഴ്ച ഇന്ത്യയില്‍ സംഭവിച്ച കാര്യങ്ങള്‍ അനുഭവിച്ചവര്‍ക്ക് മാത്രമേ മനസ്സിലാകൂ. ടാക്സി ഡ്രൈവര്‍മാരുടെ കാര്യം വളരെ രസമാണെന്ന് സമ്മതിച്ചേ പറ്റൂ. ഒരു ദിവസം എന്താണ് നടക്കാന്‍ പോകുന്നതെന്ന് നമുക്ക് പറയാനാവില്ല. ഗതാഗതക്കുരുക്കുണ്ടായാല്‍ എല്ലാ ഡ്രൈവര്‍മാരും ഒരു മത്സരം പോലെ ഹോണ്‍ മുഴക്കിക്കൊണ്ടേയിരിക്കും’, ദേയാന പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
മൂന്ന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ ടൂര്‍ണമെന്റുകളുടെ ഭാഗമായി മൂന്നാഴ്ച ഇന്ത്യയില്‍ ചെലവഴിച്ചതിന് ശേഷമായിരുന്നു ദേയാന പോസ്റ്റിട്ടത്. പരാമര്‍ശങ്ങള്‍ ചര്‍ച്ചയാവുകയും തന്റെ വാക്കുകളില്‍ വംശീയത ആരോപിക്കപ്പെടുകയും ചെയ്തതോടെ താരം കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തി. ‘
നമ്മള്‍ എന്താണ് ശരിക്കും ചര്‍ച്ച ചെയ്യുന്നതെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇന്ത്യ എന്ന രാജ്യത്തെയാണ് എനിക്ക് ഇഷ്ടമാവാത്തത്. ഇന്ത്യയിലെ ഭക്ഷണം, ഗതാഗതം, വൃത്തി എനിക്ക് ഇഷ്ടമായില്ല. ഇന്ത്യയിലെ ഭക്ഷണങ്ങളില്‍ പുഴുക്കളുണ്ട്. ഹോട്ടലുകളില്‍ വൃത്തിയില്ലാത്ത തലയണകളും കിടക്കകളുമാണുള്ളത്’
‘എന്റെ രാജ്യമായ സെര്‍ബിയയിലേക്ക് വന്നാലും ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടമാവില്ല. അതിനര്‍ത്ഥം നിങ്ങള്‍ വംശീയവാദിയാണെന്നാണോ? അതിന് വംശീയതയുമായി എന്താണ് ബന്ധമുള്ളത്? എനിക്ക് എല്ലാ രാജ്യങ്ങളിലും നിറങ്ങളിലുമുള്ള സുഹൃത്തുക്കളുണ്ട്. അതുകൊണ്ട് അത്തരം അസംബന്ധങ്ങളിലേക്ക് കൂടുതല്‍ കടക്കേണ്ട’, ദേയാന ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here