പൂഞ്ച് ഭീകരാക്രമണം; ജമ്മു കശ്മീരില്‍ അതീവ ജാഗ്രത

പൂഞ്ചില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരില്‍ സൈന്യം സുരക്ഷ ശക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രദേശം വളഞ്ഞ സൈന്യം ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഭീകരര്‍ വനമേഖല വിട്ടു പോകാന്‍ സാധ്യതയില്ലെന്നാണ് സൈന്യത്തിന്റെ നിഗമനം. ആക്രമണത്തില്‍ അഞ്ചു സൈനികാരാണ് വീരമൃത്യുവരിച്ചത്. അതേസമയം ഗുരുതരമായി പരുക്കേറ്റ സൈനികന്‍ റജൗരിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്

ഇന്നലെ ( 20.04.2023 )വൈകിട്ട് മൂന്ന് മണിക്കാണ് ഭീകരവിരുദ്ധ ഓപ്പറേഷന്‍ വിഭാഗത്തിലെ സൈനികര്‍ സഞ്ചരിച്ച ട്രക്കിന് നേരെ ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള വനമേഖലയ്ക്ക് അടുത്ത് വച്ചാണ് ആക്രമണം നടന്നത്.പൂഞ്ചിലെ ഭീംബര്‍ ഗലിയില്‍നിന്ന് ടോട്ട ഗാലിയിലെ സൈനിക യൂണിറ്റിലേക്ക് മണ്ണെണ്ണ കൊണ്ടുപോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ട്രക്കില്‍ ആറ് സൈനികരാണ് ഉണ്ടായിരുന്നത്.

സംഭവസ്ഥലത്ത് തന്നെ അഞ്ചു സൈനികരും വീരമൃത്യുവരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരു സൈനികന്‍ റജൗറിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയും ഗ്രനേഡ് ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയുമായിരുന്നുവെന്ന് സൈന്യം അറിയിച്ചു. ഡ്രോണ്‍ ഉള്‍പ്പെടെ ഉപയോഗിച്ച് മേഖലയില്‍ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ വിവരങ്ങള്‍ ധരിപ്പിച്ചു. ആക്രമണത്തെത്തുടര്‍ന്ന് ജമ്മു പൂഞ്ച് ദേശീയപാത അടച്ചിരിക്കയാണ്. ട്രക്കില്‍ മിന്നലേറ്റാണ് തീപിടിച്ചത് എന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ഭീകരാക്രമണമാണ് ഉണ്ടായതെന്ന് സ്ഥിരീകരിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News