പ്രമുഖ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയില്‍ നിന്ന് 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതിനായി ഇവികളുടെ വില കുറച്ചിട്ടും വാഹന വില്‍പ്പനയില്‍ കമ്പനിക്ക് ഇടിവ് സംഭവിച്ചിരുന്നതാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഇലക്ട്രിക് കാര്‍ കമ്പനിയാണ് ടെസ്ല. തീരുമാനം നടപ്പായാല്‍ കമ്പനിയുടെ ആഗോള തൊഴില്‍ശേഷിയില്‍ നിന്ന് 14000 പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ചെലവ് ചുരുക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പ്രഖ്യാപനം.
ഒരു ജോലി തന്നെ ഒന്നിലധികം പേര്‍ ചെയ്യുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി ആലോചിക്കുന്നത്. അടുത്ത ഘട്ടത്തിലും വളര്‍ച്ച നിലനിര്‍ത്തണമെങ്കില്‍ ചെലവ് ചുരുക്കിയേ മതിയാവൂ എന്ന് മസ്‌ക് ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.
‘വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിനായി കമ്പനിയെ തയ്യാറാക്കുമ്പോള്‍, ചെലവ് കുറയ്ക്കുന്നതിനും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കമ്പനിയുടെ എല്ലാ വശങ്ങളും നോക്കേണ്ടത് വളരെ പ്രധാനമാണ്. ഈ ശ്രമത്തിന്റെ ഭാഗമായി, ഞങ്ങള്‍ ഓര്‍ഗനൈസേഷന്റെ സമഗ്രമായ അവലോകനം നടത്തുകയും ആഗോളതലത്തില്‍ ഞങ്ങളുടെ ആളുകളുടെ എണ്ണം 10 ശതമാനത്തിലധികം കുറയ്ക്കാനുള്ള ബുദ്ധിമുട്ടുള്ള തീരുമാനമെടുക്കുകയും ചെയ്തു.’- ഇലോണ്‍ മസ്‌ക് കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here