നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ച് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചിരിക്കയാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന.
36 നിയമസഭാ മണ്ഡലങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പാർട്ടി നിയോഗിച്ച നിരീക്ഷകർ സമർപ്പിച്ച സർവേ റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം.
പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ ശനിയാഴ്ച ബാന്ദ്രയിലെ വസതിയായ മാതോശ്രീയിൽ വിളിച്ച യോഗത്തിൻ്റെ പ്രധാന അജണ്ട റിപ്പോർട്ടിൻ്റെ അവലോകനമായിരുന്നു. കോൺഗ്രസുമായുള്ള സഖ്യം മൂലം ഹിന്ദുത്വത്തിൻ്റെ മുഖ്യ അജണ്ട മുന്നോട്ട് വയ്ക്കുന്നതിൽ സേന പരാജയപ്പെട്ടുവെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ഏകദേശം 60,000 കോടി രൂപ വാർഷിക ബജറ്റുള്ള ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ബിഎംസിയിലേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച തുടരുകയാണ്. ബിഎംസിയുടെ വാർഷിക ബജറ്റ് ഇന്ത്യയിലെ ആറോ ഏഴോ ചെറിയ സംസ്ഥാനങ്ങളെക്കാൾ വലുതാണ്.
ബിഎംസി തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡിയിൽ നിന്ന് (എംവിഎ) പുറത്തു പോകാതെ ഒറ്റയ്ക്ക് മത്സരിക്കാനാണ് തൻ്റെ പാർട്ടി ലക്ഷ്യമിടുന്നതെന്ന് ശിവസൈനികർക്കിടയിലെ ജനകീയ കാഴ്ചപ്പാടുകളെ അംഗീകരിച്ചുകൊണ്ട് പാർട്ടി എംപി സഞ്ജയ് റാവത്ത് പറഞ്ഞു. ലോക്‌സഭാ, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളേക്കാൾ കൂടുതൽ ടിക്കറ്റ് മോഹികളാണ് തദ്ദേശ തെരഞ്ഞെടുപ്പിനായി കാത്തിരിക്കുന്നതെന്നും റാവത്ത് ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here