ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കം ചെയ്യുന്നതിനിടെ തൊഴിലാളിയെ കാണാതായ സംഭവത്തിൽ രക്ഷാ പ്രവർത്തനം 7-ാം മണിക്കൂറിലേക്ക് കടക്കുന്നു. തോട് വൃത്തിയാക്കാൻ ഇറങ്ങിയ മാരായിമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. റെയിൽവേയുടെ നിയന്ത്രണത്തിലുള്ള ഭാഗത്താണ് അപകടം ഉണ്ടായത്. ഫയർ ആൻഡ് റെസ്ക്യൂ സംഘവും സ്‌കൂബാ ഡൈവിങ് സംഘവും തെരച്ചിൽ നടത്തുകയാണ്. തോട് വൃത്തിയാക്കുന്നതിനിടെ ശതമായ വെള്ളം വരികയും ജോയി ഒഴുകിപ്പോവുകയുമായിരുന്നു.
റെയിൽവേ പ്ലാറ്റ് ഫോമിലെ മാൻഹോളുകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പ്ലാറ്റ് ഫോമിൽ നിന്ന് ട്രെയിനുകൾ മാറ്റിയാണ് പരിശോധന നടക്കുന്നത്. തോട്ടിലെ ടണലിൽ 30 മീറ്ററോളം സ്‌കൂബാ ഡൈവിങ് സംഘം പരിശോധന നടത്തിയെങ്കിലും ജോയിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ജെസിബി അടക്കമുള്ള സംവിധാനങ്ങൾ എത്തിച്ച് മാലിന്യം നീക്കം ചെയ്യാനുള്ള നടപടികളാണ് നിലവിൽ തുടരുന്നത്.
തോടിന് മുകളിൽ കെട്ടികിടന്ന മാലിന്യം നീക്കിയിട്ടുണ്ടെങ്കിലും ടണലിന് അകത്തും മാലിന്യം നിറഞ്ഞു നിൽക്കുകയാണ്. ടണലിൽ വീതി കുറവായത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. രാത്രി ടണലിന് താഴെയുള്ള പരിശോധന ദുഷ്കരമാണെന്നാണ് സ്‌കൂബാ ഡൈവിങ് സംഘം അറിയിച്ചിരിക്കുന്നത്.
അതേസമയം, ആമയിഴഞ്ചാൽ തോടിന്റെ മറ്റു ഭാഗങ്ങൾ കോർപ്പറേഷൻ വൃത്തിയാക്കിയതാണെന്ന് നഗരസഭ അധികൃതർ അറിയിച്ചു. റെയിൽവേയുടെ നിയന്ത്രണത്തിലുള്ള ഭാഗം വൃത്തിയാക്കാൻ കോർപ്പറേഷന് അനുവാദമില്ലെന്നും, വെള്ളക്കെട്ട് ഉണ്ടാകുന്നത് റെയിൽവേയുടെ നിയന്ത്രണത്തിലുള്ള ഭാഗം വൃത്തിയാക്കാത്തതിനാലാണെന്നും നഗരസഭ അധികൃതർ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here