കൊച്ചിയിലെ താന്തോന്നി തുരുത്ത് നിവാസികളുടെ സമരത്തിൽ സർക്കാർ ഇടപെടുന്നു. സമരത്തിന് പരിഹാരം കാണാൻ നാളെ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ പത്തടിപ്പാലം ഗസ്റ്റ് ഹൗസിൽ യോഗം ചേരും. ജിഡ (GIDA) ഉദ്യോഗസ്ഥരും സമരസമിതി പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
64 വീടുകളിലായി 300 ൽ അധികം പേരാണ് കൊച്ചിയിലെ താന്തോന്നിരുത്തിൽ താമസിക്കുന്നത്. രാപ്പകൽ ഭേദമില്ലാതെ വേലിയേറ്റത്തിൽ വീടുകളിലേക്ക് വെള്ളം കയറുന്നതാണ് ഇവർ നേരിടുന്ന പ്രധാന പ്രശ്നം. ഇതൊഴിവാക്കാനായി ദ്വീപിന് ചുറ്റും ഔട്ടർ ബണ്ട് നിർമ്മിച്ചു നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Also read: ഉരുൾപൊട്ടൽ ദുരന്തം: പുനരധിവാസ പ്രവർത്തനങ്ങൾ ഷെഡ്യൂൾ പ്രകാരം മുന്നോട്ടു പോകും: മന്ത്രി കെ രാജൻ
മൂന്നുദിവസമായി ഈ ആവശ്യം ഉന്നയിച്ച് ഗോശ്രീ ദ്വീപ് വികസന അതോറിറ്റിക്കു മുന്നിൽ ഇവർ സമരം ചെയ്തു വരുന്നുണ്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സമരം ചെയ്യുന്ന ദ്വീപുകാരുടെ പ്രശ്നത്തിന് പരിഹാരം കാണാനാണ് മന്ത്രി പി രാജീവ് മുൻകൈ എടുത്ത് യോഗം വിളിച്ചിട്ടുള്ളത്. നാളെ വൈകിട്ട് നാലിന് പത്തടിപ്പാലം ഗസ്റ്റ് ഹൗസിൽ ആണ് യോഗം. ഗോശ്രീ ഐലൻഡ് ഡെവലപ്മെൻറ് അതോറിറ്റി ഉദ്യോഗസ്ഥരും, കോസ്റ്റൽ അതോറിറ്റി ഉദ്യോഗസ്ഥരും, മറ്റു വകുപ്പുതല ഉദ്യോഗസ്ഥരും സമരസമിതി പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
പരിസ്ഥിതി മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഔട്ടർ ബണ്ട് എന്ന പ്രദേശവാസികളുടെ ആവശ്യം എങ്ങനെ നടപ്പിലാക്കാമെന്നാണ് യോഗം പ്രധാനമായി ചർച്ച ചെയ്യുക. ഇതിനിടെ രാത്രിയും പകലും സമരം ചെയ്യുന്ന പ്രതിഷേധക്കാരുടെ ആരോഗ്യസ്ഥിതി മെഡിക്കൽ സംഘത്തിൻറെ നേതൃത്വത്തിൽ പരിശോധിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here