നടന്മാരായ ബിജു സോപനം, എസ്പി ശ്രീകുമാർ എന്നിവർക്കെതിരെ ലൈംഗിക അതിക്രമത്തിന് പരാതി നൽകിയത് താനല്ലെന്ന് വ്യക്തമാക്കി നടി ഗൗരി ഉണ്ണിമായ. ഇന്നലെയാണ് ഒരു സീരിയൽ നടിയുടെ പരാതിയിൽ നടൻമാർക്കെതിരെ എറണാകുളം ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്.
വാർത്ത പുറത്തുവന്നതിനു പിന്നാലെ പരാതി നൽകിയ നടി ഗൗരിയാണ് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണമുണ്ടായിരുന്നു. ഇത് കടുത്തതോടെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെ ഗൗരി പ്രചാരണങ്ങളെ തള്ളിക്കൊണ്ട് രംഗത്തെത്തിയത്.
ALSO READ; ലൈംഗിക അതിക്രമം: സീരിയൽ നടിയുടെ പരാതിയിൽ നടൻമാർക്കെതിരെ കേസ്
ആ കേസുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും ഒരു യാത്രയിൽ ആയിരുന്നതിനാലാണ് കഴിഞ്ഞ കുറച്ചു എപ്പിസോഡുകളിൽ കാണാതിരുന്നതെന്നും അവർ വ്യക്തമാക്കി. ഇനി പുറത്തിറങ്ങാനുള്ള എപ്പിസോഡുകളിൽ താനുണ്ടെന്നും ഗൗരി പറഞ്ഞു. ഇന്നലെ മുതൽ വ്യാജ വാർത്ത പ്രചരിച്ചിരുന്നെന്നും അതുമായി ബന്ധപ്പെട്ട് കുറെ പേർ എന്നെ വിളിച്ചതായും പറഞ്ഞ ഗൗരി കേസുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി.
പലരും എന്നോടു ചോദിക്കുന്നുണ്ട്, എന്താണ് ഞാൻ എപ്പിസോഡിൽ ഇല്ലാത്തത്, എന്താണ് കാരണം എന്നൊക്കെ. ഷിംലയ്ക്കു പോയി തിരിച്ചു വന്നതേയുള്ളൂ.24 വരെയുള്ള എപ്പിസോഡുകളിൽ ഞാൻ ഭാഗവുമാണ്. അവർ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിൽ ഇനിയുള്ള എപ്പിസോഡുകളിൽ ഞാനുണ്ടാകുമെന്നും ഗൗരി പറഞ്ഞു. ഈ വാർത്തകളിൽ പറയുന്ന നടി ഞാനല്ല. അനാവശ്യ വിവാദങ്ങൾ പരത്തരുത് എന്ന് ഞാൻ അഭ്യർഥിക്കുകയാണ് എന്നും പരാതി സംബന്ധിച്ചുള്ള വാർത്ത പങ്കു വച്ചു കൊണ്ട് ഗൗരി കൂട്ടിച്ചേർത്തു.
കൊച്ചിയിൽ സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു പരാതി. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. വളരെയധികം ജനപ്രിയമായ സീരിയലിലെ രണ്ട് നടൻമാർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. പരാതി നൽകിയിരിക്കുന്ന നടിയും കുറ്റാരോപിതരായ നടന്മാരും ഒരേ സീരിയലിൽ തന്നെയാണ് അഭിനയിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here