വയനാട് ചുണ്ടേലിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടം ആസൂത്രിതമെന്ന് കണ്ടെത്തൽ. അപകടത്തിൽ ചുണ്ടേൽ കാപ്പംകുന്ന് കുന്നത്ത്പീടിയേക്കൽ അബ്ദുൽ നവാസ് കൊല്ലപ്പെട്ടിരുന്നു. എന്നാൽ അപകടത്തിൽ ദുരൂഹത ആരോപിച്ച് നവാസിൻ്റെ പിതൃ സഹോദരൻ പൊലീസിൽ നൽകിയ പരാതിയിലാണ് അപകടം ആസൂത്രിതമാണെന്ന് പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ ജീപ്പ് ഓടിച്ചിരുന്ന സുമില്‍ ഷാദിനെയും ഇയാളുടെ സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
സുമില്‍ ഷാദിന് നവാസിനോടുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ചുണ്ടേൽ എസ്റ്റേറ്റ് ഫാക്ടറിക്കു സമീപം അമ്മാറ-ആനോത്ത് റോഡിൽ തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. നവാസ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ എതിരെ വരുകയായിരുന്ന ഥാർ ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.
എന്നാൽ, വാഹനത്തിരക്ക് തീരെയില്ലാത്ത, വളവില്ലാത്ത റോഡിൽ അപകട സാധ്യത ഇല്ലെന്നും ഇത് മന.പൂർവമുണ്ടാക്കിയ അപകടമാണെന്നും നാട്ടുകാർ നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. തുടർന്നാണ് നവാസിൻ്റെ പിതൃ സഹോദരൻ കേസിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയത്.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കേസിലെ മുഖ്യപ്രതിയായ സുമില്‍ ഷാദ് സംഭവത്തിന് മുന്‍പ് ചുണ്ടേല്‍ എസ്റ്റേറ്റ് പള്ളിക്ക് സമീപമുള്ള റോഡിൽ ഒരു മണിക്കൂറോളം ജീപ്പുമായി നവാസിനെ കാത്ത് നിന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുകയായിരുന്നു.
നവാസ് ഓട്ടോയുമായി റോഡിലിറങ്ങിയത് ഫോണിലൂടെ അറിഞ്ഞ സുമിൽഷാദ് തുടർന്നായിരുന്നു വാഹനവുമായി മുന്നോട്ട് പോയതും ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിച്ചതും. അപകടത്തിൽ സുമിൽ ഷാദിനും പരുക്കേറ്റിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here