എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിലെ പ്രതിയെ ഇന്ന് കേരളത്തിലെത്തിക്കും. രത്‌നഗിരിയിൽ എത്തിയ കേരള പൊലീസ് സംഘത്തിന് ഉച്ചയോടെയാണ് പ്രതിയെ കൈമാറിയ വിവരം ത്നഗിരി എസ് പി ധനഞ്ജയ് കുൽക്കർണി അറിയിച്ചത് അതേസമയം ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചതായും അന്വേഷണ സംഘം സ്ഥിരീകരിച്ചു .
മഹാരാഷ്ട്ര പൊലീസ് കൈമാറിയ പ്രതി ഷാരൂഖ് സെയ്ഫിയുമായി കേരള പോലീസിന്റെ പ്രത്യേക അന്വേഷണസംഘം കേരളത്തിലേക്ക് യാത്രതിരിച്ചു. രാവിലെ മുതൽ എന്‍.ഐ.എ.യും മഹാരാഷ്ട്ര എ ടി എസ്സും പ്രതിയെ ചോദ്യംചെയ്തിരുന്നു. തുടര്‍ന്ന് വൈദ്യപരിശോധന പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയശേഷമാണ് കേരള പൊലീസിന് പ്രതിയെ കൈമാറിയത്.
കേരളത്തിൽ നിന്ന് ഡിവൈ.എസ്.പി. റഹീം അടക്കമുള്ളവരാണ് പൊലീസ് സംഘത്തിലുള്ളത്. സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി അന്വേഷണ സംഘത്തിന് ട്രെയിന്‍മാര്‍ഗമുള്ള യാത്രയ്ക്ക് അനുമതി കിട്ടിയില്ല. ഇതോടെയാണ് പ്രതിയുമായി റോഡ് മാര്‍ഗം പുറപ്പെട്ടതാണെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം .
കേരളത്തിൽ കോഴിക്കോട് എലത്തൂരിൽ എത്തിയ ശേഷമായിരിക്കും കൂടുതൽ തെളിവെടുപ്പുകൾ നടക്കുക. രത്നഗിരിയിൽ വച്ചുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ച സാഹചര്യത്തിൽ രാജ്യദ്രോഹ കുറ്റകൃത്യത്തിലേക്ക് ഷാരൂഖിനെ നയിച്ച കാരണങ്ങളാണ് ഇനി കണ്ടെത്തേണ്ടത്. കൂടാതെ കൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ, എന്താണ് കാരണം തുടങ്ങിയ കാര്യങ്ങളൊക്കെ ചോദ്യംചെയ്യലിന് ശേഷം അറിയിക്കും. ഇതുവരെയുള്ള ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെന്ന് സംശയിക്കുന്നയാളെ പിടി കൂടിയതും ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തിയതും.
പ്രതി രത്‌നഗിരിയിലുണ്ടെന്ന സൂചന ആദ്യം ലഭിച്ചത് രഹസ്യാന്വേഷണ ഏജന്‍സികളിൽ നിന്നാണ് . ഉടനെ മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം വ്യാപിപ്പിച്ചത്. തലയ്ക്ക് പരിക്കേറ്റ ഒരാള്‍ ചികിത്സയ്ക്ക് എത്തിയിട്ടുണ്ടെന്ന വിവരമാണ് ആദ്യം ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ചത്. തുടർന്ന് നടന്ന രഹസ്യ നീക്കത്തിലൂടെയാണ് രത്‌നഗിരിയിലെ സിവിൽ ആശുപത്രിയില്‍ നിന്ന് പ്രതിയെ പിടി കൂടാൻ കഴിഞ്ഞത്.
പൊലീസ് വല വീശിയ സൂചന ലഭിച്ച പ്രതി ഓടി രക്ഷപെടാൻ ശ്രമിക്കവേ രത്നഗിരി റയിൽവേ സ്റ്റേഷനിൽ വച്ച് ആർ പി എഫ് സംഘമാണ് ഇയാളെ ബലപ്രയോഗത്തിലൂടെ പിടി കൂടിയത്. പ്രതിയെന്ന് പൊലീസ് നേരത്തെ സംശയം പ്രകടിപ്പിച്ച ഉത്തർപ്രദേശ് നോയിഡ സ്വദേശിയായ ഷഹറൂഖ് സെയ്ഫിയെ തന്നെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത് . മൂന്ന് ദിവസമായി രാജ്യം മുഴുവൻ പ്രതിക്കായി തെരച്ചിൽ നടത്തുമ്പോഴാണ് ഇയാൾ മഹാരാഷ്ട്രയിൽ പിടിയിലാകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here