പാലക്കാട് പല്ലശ്ശനയിൽ വിവാഹ ചടങ്ങിനിടെ നവവധുവിന്‍റെയും വരന്‍റെയും തലകൾ തമ്മില്‍ മുട്ടിച്ച കേസില്‍ നാട്ടുകാരൻ അറസ്റ്റിൽ. വധുവിന്‍റെ പരാതിയിലാണ് തലമുട്ടിച്ചയാളെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.നാട്ടുകാരനായ സുഭാഷിനെയാണ് (ലക്ഷ്മണൻ-37) അറസ്റ്റ് ചെയ്തത്. കോഴിക്കോട് മുക്കം സ്വദേശിയുമായ സജ്‌ല നൽകിയ പരാതിയിലാണ് നടപടി. പല്ലശ്ശന തെക്കുംപുറത്ത് സച്ചിനുമായുള്ള വിവാഹ ചടങ്ങിനിടെയായിരുന്നു സംഭവം.
ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. വിവാഹ ചടങ്ങിനിടെ വധുവിന്റെയും വരന്റെയും തലകൾ മുട്ടിക്കുന്നതും തുടർന്നു വധു കരയുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വധു സജ്‌ല പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. തുടർന്നു നോട്ടിസ് നൽകി സുഭാഷിനെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ALSO READ: വിമാനങ്ങൾ ആകാശത്ത് വെച്ചു കൂട്ടിയിടിച്ചു; പൈലറ്റുമാർക്ക് ദാരുണാന്ത്യം
ഇയാളെ പിന്നീട് ജാമ്യത്തിൽ വിടുമെന്നു പൊലീസ് ഇൻസ്പെക്ടർ എ.വിപിൻദാസ് പറഞ്ഞു. തലമുട്ടിക്കലിനെ തുടർന്നു നവവധു കരയുന്ന വിഡിയോയുടെ നിജസ്ഥിതിയെപ്പറ്റി അന്വേഷിക്കാൻ വനിതാ കമ്മിഷൻ കൊല്ലങ്കോട് പൊലീസിനു നിർദേശം നൽകി. ഇതിന്റെ അന്വേഷണ റിപ്പോർട്ട് ഉടൻ വനിതാ കമ്മിഷനു നൽകുമെന്ന് അധികൃതർ പറഞ്ഞു. പല്ലശ്ശനയിൽ നിന്നുള്ള വിവാഹദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ നാട്ടിൽ ഇത്തരമൊരു ആചാരമില്ലെന്ന നിലപാടുമായി നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here