ഹൈക്കോടതി നിർദ്ദേശത്തെ കാറ്റിൽ പറത്തി വളരെ പ്രധാനപ്പെട്ട അക്കാദമിക് വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള യോഗത്തിൽ നിന്നും വിട്ടുനിന്ന സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ നടപടി പ്രതിഷേധാർഹമാണെന്ന് സിൻഡിക്കേറ്റംഗങ്ങൾ. എല്ലാ സർവകലാശാല ചട്ടങ്ങളും നിയമങ്ങളും കോടതി വിധികളും മറികടന്നു കൊണ്ട് മുൻ ചാൻസലർ നിയമിച്ച താൽക്കാലിക VC ആണ് സാങ്കേതിക സർവകലാശാലയിൽ ചുമതല വഹിക്കുന്നത്.
ചുമതലയേറ്റ് മാസങ്ങളായിട്ടും ഇതുവരെ സർവകലാശാല ഭരണ സമിതിയോഗങ്ങൾ കൃത്യമായി വിളിച്ചു ചേർത്തിരുന്നില്ല. ഇന്ന് സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർത്തത് തന്നെ മാസങ്ങൾക്കു ശേഷമാണെന്നും ഹൈക്കോടതി നിർദ്ദേശ പ്രകാരം നിർബന്ധമായും വെക്കേണ്ട അജണ്ടകൾ പരിഗണിക്കാതെ നിസ്സാര കാരണങ്ങൾ പറഞ്ഞ് യോഗത്തിൽ നിന്ന് വിട്ടു നിന്ന വിസിയുടെ നടപടി തരംതാഴ്ന്ന രാഷ്ട്രീയക്കളിയായി കാണേണ്ടി വരുമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
ALSO READ: ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ മത്സരയിനമാക്കാത്ത ഐഒഎയുടെ നടപടി സംശയാസ്പദം; മന്ത്രി വി അബ്ദുറഹിമാന്‍
അക്കൗണ്ടൻ്റ് ജനറൽ ഓഡിറ്റിൽ കണ്ടെത്തിയത് പ്രകാരം ഒരു സെക്ഷൻ ഓഫീസർ പണാപഹരണത്തിന് സസ്പെൻഷനിൽ ആണ് . സേവ് യൂണിവേഴ്സിറ്റി സംഘം നേതാവായ ഇയാൾക്കെതിരെ സീനിയർ ഗവണ്മെൻ്റ് പ്ലീഡർ കൂടിയായ അഡ്വക്കേറ്റ് കമ്മീഷൻ്റെ അന്വേഷണ റിപ്പോർട്ട് സിൻഡിക്കേറ്റ് യോഗം പരിഗണിക്കണമെന്ന ഹൈക്കോടതി നിർദ്ദേശം അവഗണിച്ച് മുന്നോട്ടു പോകാനാണ് വിസി ശ്രമിച്ചത്.
സർവകലാശാല statute നിർദ്ദേശിക്കുന്ന നടപടി പ്രകാരം ഒരു അംഗത്തെ അധ്യക്ഷനാക്കി സിൻഡിക്കേറ്റ് യോഗം നടപടികൾ തുടരുകയും അജണ്ടകൾ പരിഗണിക്കുകയുമാണ് ചെയ്തത്.
സർവകലാശാലാ നിയമത്തെ സംബന്ധിച്ചുള്ള അജ്ഞതയാണ് താൽക്കാലിക വൈസ് ചാൻസലർ കാണിക്കുന്നത്. മറ്റ് സർവകലാശാലകളിൽ നിന്നും വ്യത്യസ്തമായി സ്റ്റാറ്റ്യൂട്ടറി ഓഫീസർമാരടക്കം സിൻഡിക്കേറ്റിൽ അംഗങ്ങളാണ് സാങ്കേതിക സർവകലാശാലയിൽ. ആയതുകൊണ്ട് തന്നെ ഉദ്യോഗസ്ഥരെ യോഗത്തിൽ നിന്ന് തടയാൻ വൈസ് ചാൻസലർക്കാവില്ല. താൻ തന്നെ വിളിച്ചു ചേർത്ത യോഗമാണ് സ്റ്റാറ്റ്യൂട്ട് പ്രകാരം നടന്നത് എന്ന വസ്തുത മനസ്സിലാക്കാതെയാണ് യോഗം നിർത്തിവച്ചു എന്ന തരത്തിൽ വൈസ് ചാൻസലർ പ്രസ്താവന നടത്തുന്നത്. ഇത്തരം പ്രസ്താവനകൾ ലജ്ജാകരമാണെന്നും സർവകലാശാലാ സിൻഡിക്കേറ്റംഗങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here