കേരളത്തിൻ്റെ വളർത്തു പുത്രിയായി അഞ്ചു മാസക്കാലത്തോളം മലയാളികളുടെ സ്നേഹവും കരുതലുമറിഞ്ഞ തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ ബാലികാ മന്ദിരമായ വീട്ടിൽ കഴിഞ്ഞ 13 വയസ്സുകാരി അച്ഛനമ്മമാർക്കും സഹോദരങ്ങൾക്കുമൊപ്പം ചേരാനായി ജന്മദേശമായ അസമിലേക്ക് തിരിച്ചു. അഞ്ചു മാസം മുമ്പ് തിരുവനന്തപുരത്ത് വാടക വീട്ടിൽ നിന്നും പിണങ്ങി വീടു വിട്ടിറങ്ങിയ പെൺകുട്ടിയെ രണ്ടു ദിവസത്തിനകം വിശാഖപട്ടണത്തു നിന്നും കേരള പൊലീസ് തിരികെയെത്തിച്ചിരുന്നു.
തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ കഴിഞ്ഞ പെൺകുട്ടിയെ പിന്നീട് സ്കൂളിൽ ചേർത്ത് പഠനം തുടരാനും ശിശുക്ഷേമ സമിതി അധികൃതർ അവസരമൊരുക്കി. സമിതിയിലെ അമ്മമാർക്കും കൂട്ടുകാർക്കുമൊപ്പം കളിചിരികളോടെ സന്തോഷം പങ്കിട്ട കുട്ടി അസമിലെ അച്ഛനുമമ്മയ്ക്കുമൊപ്പം പോകാനുള്ള ആഗ്രഹം ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപിയെ പിന്നീട് അറിയിക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം സിഡബ്ല്യൂസി ചെയർപേഴ്സൺ അഡ്വ. ഷാനിബാ ബീഗം കുട്ടിയെ നാട്ടിലെത്തിക്കാൻ ഉത്തരവു നൽകി.
കുട്ടിക്ക് സമിതിയിലെ കൂട്ടുകാരും അമ്മമാരും സമിതി ഭാരവാഹിയും ചേർന്ന് വികാര നിർഭരമായ യാത്രയയപ്പ് നൽകുകയും ജി.എൽ. അരുൺഗോപി ശിശുക്ഷേമ സമിതിയുടെ ഉപഹാരം കൈമാറുകയും ചെയ്തു. അഡ്വ. ഷാനിബാ ബീഗം, കെ. ജയപാൽ, മീര ദർശക്, ഒ.എം. ബാലകൃഷ്ണൻ, വേണുഗോപാൽ എന്നിവർ ആശംസകൾ അറിയിച്ചു. വിമാന മാർഗം കുട്ടി നാളെ അസമിൽ എത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here