താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പരാതിയാക്കി മുഖ്യമന്ത്രിയ്ക്ക് എഴുതി നല്‍കിയെന്നും ഇതോടെ ഈ വിഷയത്തിലുള്ള തന്റെ ഉത്തരവാദിത്വം അവസാനിച്ചെന്നും പി.വി. അന്‍വര്‍. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച അവസാനിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രി സശ്രദ്ധം കേട്ടു. സത്യസന്ധമായ അന്വേഷണം ഇനി ഇക്കാര്യത്തില്‍ നടക്കും. ഒരു സഖാവ് എന്ന നിലയ്ക്കാണ് താന്‍ ഈ വിഷയത്തിലേക്ക് ഇറങ്ങിയത്. ഒരു സഖാവിന്റെ ഉത്തരവാദിത്വം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുക എന്നതാണ്. അത് താന്‍ ചെയ്തു കഴിഞ്ഞു. ഇനി പാര്‍ട്ടി തീരുമാനിക്കട്ടെ. മുഖ്യമന്ത്രിയ്ക്കു നല്‍കിയ അതേ പരാതിയുടെ പകര്‍പ്പ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ക്കും നല്‍കുന്നുണ്ട്. സെക്രട്ടറി നിലവില്‍ തിരുവനന്തപുരത്തില്ല.
എന്നാല്‍, അദ്ദേഹത്തെയും നേരില്‍ക്കണ്ട് താന്‍ വിവരങ്ങള്‍ ധരിപ്പിക്കുമെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. അതേസമയം, എഡിജിപി എം.ആര്‍. അജിത്കുമാറിനെ സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയില്ലല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അജിത്കുമാറിനെ മാറ്റി നിര്‍ത്തണമെന്ന അഭിപ്രായക്കാരനല്ല ഞാനെന്നും മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി അരമണിക്കൂറിനുള്ളില്‍ തന്നെ നടപടി ആവശ്യപ്പെടാന്‍ കഴിയില്ലെന്നും പി.വി. അന്‍വര്‍ മറുപടി നല്‍കി. സമീപകാലത്തെ പൊലീസിന്റെ നിലപാടുകളും പ്രവര്‍ത്തനങ്ങളും പൊലീസിന് പല പ്രശ്‌നങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ഈ സംഭവങ്ങളും പൊലീസിലെ പുഴുക്കുത്തുകളുമാണ് താന്‍ പരാതിയിലൂടെ മുഖ്യമന്ത്രിയ്ക്ക് ഇപ്പോള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ താന്‍ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാര്‍ തീര്‍ച്ചയായും സര്‍ക്കാരിന് പരിഗണിക്കേണ്ടി വരുമെന്നും നെഞ്ചില്‍ കൈവെച്ച് പറയാം തന്റെ പുറകില്‍ സര്‍വ ശക്തനായ ദൈവം മാത്രമാണ് ഉള്ളതെന്നും അന്‍വര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here