പൊതുമരാമത്ത് വകുപ്പിന് കീഴില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജിയണുകളില്‍
വിതരണംചെയ്ത ഓട്ടോമാറ്റിക് മൊബൈല്‍ ടെസ്റ്റിംഗ് ലാബുകളിലൂടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരവും സുതാര്യതയും ഉറപ്പുവരുത്താന്‍ കഴിയുമെന്ന്
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം പാപ്പനംകോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് റോഡിന്റെ ഗുണനിലവാര പരിശോധന വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവൃത്തി നടക്കുന്ന സ്ഥലത്ത് നേരിട്ടെത്തി റോഡ്, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ ഗുണനിലവാര പരിശോധന പൂര്‍ത്തീകരിക്കാന്‍ ലാബിലൂടെ സാധിക്കും. റോഡ് പ്രവൃത്തികളില്‍ ഉപയോഗിക്കുന്ന മിക്‌സിന്റെ താപനില, ബൈന്‍ഡര്‍ കണ്ടന്റ്, ബിറ്റുമിന്‍ കണ്ടന്റ് എന്നിവ പരിശോധിക്കാം. ബൈന്‍ഡര്‍ കണ്ടന്റ് പരിശോധിക്കുമ്പോള്‍ മിക്‌സിലെ ബിറ്റുമിന്‍, ജലസാന്നിദ്ധ്യം ഉള്‍പ്പെടെയുള്ള എല്ലാ ഘടകങ്ങളും പരിശോധിക്കാവുന്നതാണ്.
ഇതോടൊപ്പം പ്രവൃത്തി നടക്കുന്ന സ്ഥലത്തു വെച്ച് തന്നെ ഗുണനിലവാര പരിശോധനയുടെ റിപ്പോര്‍ട്ട് ലഭ്യമാകും എന്നതും ലാബിന്റെ പ്രത്യേകതയാണ്. പ്രവൃത്തി നടത്തുമ്പോള്‍ തന്നെ ആവശ്യമായ തിരുത്തലുകള്‍ വരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാനും ഇതോടെ കഴിയും.
ഓട്ടോമാറ്റിക് ക്വാളിറ്റി ടെസ്റ്റിംഗ് ലാബ് വഴി മൂന്നു റീജിയണുകളിലും നടക്കുന്ന പരിശോധനയുടെ വിവരങ്ങള്‍ എല്ലാ മാസവും പത്താം തീയതിക്ക് മുമ്പ് പൊതുമരാമത്ത് സെക്രട്ടറിക്ക് ലഭ്യമാക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിശോധനകളുടെ വിവരം സെക്രട്ടറി തലത്തില്‍ പരിശോധിക്കും. എസ്റ്റിമേറ്റ്, ബില്ലുകള്‍ എന്നിവ തയാറാക്കുന്നതിനുള്ള
പ്രൈസ് സോഫ്റ്റ്വെയര്‍ കൈകാര്യം ചെയ്യുന്നതിനാവശ്യമായ ത്രിദിന പരിശീലനം നടന്നു വരികയാണ്. നവീന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായി ഗുണനിലവാരം ഉറപ്പിച്ച് പ്രവൃത്തികള്‍ സുതാര്യമായി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ പരിശീലനം ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍മാരായ അജിത് രാമചന്ദ്രന്‍, ഹൈജീന്‍ ആല്‍ബര്‍ട്ട്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി എസ് ജ്യോതീന്ദ്രനാഥ്, പി ഇന്ദു തുടങ്ങിയവര്‍ പരിശോധനയില്‍ മന്ത്രിക്കൊപ്പം പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here