വേട്ടയ്‌ക്ക് കാരണം ആ തുറന്നുപറച്ചില്‍ ; ബിബിസി നാടുവിട്ടതല്ല, മോദി സര്‍ക്കാര്‍ നാടുകടത്തിയതാണ്

മോദിക്കെതിരായ ഡോക്യൂമെറ്ററി സംപ്രേഷണം ചെയ്തതോടെ ആദായനികുതിയുടെ വേട്ടയാടലിന് ഇരയായ ബിബിസി, ഇന്ത്യയിലെ ന്യൂസ് റൂം പ്രവര്‍ത്തനം അവസാനിപ്പിച്ചത് കേവലമൊരു വാര്‍ത്തയല്ല. കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ കേവലമൊരു വാര്‍ത്തയെന്ന് തോന്നുമെങ്കിലും ഇന്ത്യയിലെ ഓരോ ജനങ്ങളും തീര്‍ച്ചയായും ഈ വിഷയത്തെ കുറിച്ച് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.

കേന്ദ്ര സര്‍ക്കാരിന്റെ വേട്ടയാടലിന്റെ ഇരയാണ് ബിബിസി എന്ന് ഉറക്കെപ്പറയാനുള്ള തന്റേടം ഇന്ന് പല മാധ്യമങ്ങള്‍ക്കും ഇല്ല എന്ന വസ്തുത പോലും ഒരുപക്ഷേ മോദി സര്‍ക്കാരിന്റെ ഭീകരതയെ ചൂണ്ടിക്കാട്ടുന്നതാണ്. എന്തുകൊണ്ടാണ് നൂറ്റാണ്ടുകള്‍ ചരിത്രമുള്ള ബിബിസിയെന്ന ഒരു വലിയ മാധ്യമസ്ഥാപനം ഇന്ത്യയിലെ ഓഫീസ് അടച്ചുപൂട്ടുന്നത് ? അതിന് കൃത്യവും വ്യക്തവുമായ ഒരു ഉത്തരം മാത്രമേ ഉള്ളൂ. കേന്ദ്രം കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന ചരിത്രമുള്ള പല മാധ്യമങ്ങളില്‍ നിന്നും ബിബസി വേറിട്ട് നിന്നു എന്നത് മാത്രമാണ് ഇതിന്റെ കാരണം.

രാജ്യം ഭരിക്കുന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഭീകരതയെ പേടിച്ച് ജീവിക്കേണ്ടിയും പ്രവര്‍ത്തിക്കേണ്ടിയും വരുന്ന ജനതയാണ് ഇന്ന് ഇന്ത്യ എന്ന മഹാരാജ്യത്തുള്ളത്. കേന്ദ്രത്തിനെതിരെ വാ തുറന്നാല്‍ അല്ലെങ്കില്‍ മോദി സര്‍ക്കാരിനെതിരെ തുറന്നുപറഞ്ഞാല്‍ പിന്നീട് ഈ രാജ്യത്ത് ജീവിക്കാന്‍ കഴിയില്ല എന്നതിന്റെ തെളിവ് കൂടിയാണ് ബിബിസിയുടെ നിലവിലെ അവസ്ഥ നമുക്ക് പഠിപ്പിച്ചുതരുന്ന പാഠം.

2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ബിബിസിയെയും വേട്ടയാടാന്‍ ആരംഭിച്ചത്. 2023ലെ ഫെബ്രുവരിയിലായിരുന്നു 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററി ബിബിസി സംപ്രേഷണം ചെയ്തത്. ഇന്ത്യ- ദ മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററിയുടെ സംപ്രേക്ഷണം കേന്ദ്രസര്‍ക്കാര്‍ വിലക്കി. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിയുടെ പങ്ക് മറയില്ലാതെ വിവരിക്കുന്ന ഡോക്യുമെന്ററി ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

കേന്ദ്രം ഇഡി എന്ന വാളിനെ ഉപയോഗിച്ച് ഫാസിസത്തിനും ഭീകരതയ്ക്കും എതിരെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളേയും വ്യക്തികളേയും വെട്ടിയൊതുക്കാന്‍ ശ്രമിക്കുമ്പോള്‍ കേന്ദ്രം മറന്നുപോകുന്ന മറ്റ് ചിലതുകൂടി ഇവിടെ ഓര്‍മപ്പെടുത്താം. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യങ്ങളെ അടിച്ചമര്‍ത്തുന്നതിലൂടെ ഇന്ത്യയിലെ ഓരോ സാധാരണക്കാരനെയുമാണ് കേന്ദ്രം ഇല്ലായ്മ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് വഴങ്ങാത്തവരും ഈ രാജ്യത്ത് ഉണ്ടെന്ന് ഓര്‍ക്കണം. ദി വയറും ന്യൂസ് ക്ലിക്കും ന്യൂസ് ലോണ്ടറിയുമെല്ലാം മോദിയുടെ വേട്ടയാടലിന് ഇരയാണെന്ന കാര്യം എപ്പോ‍ഴും ഓരോ ഇന്ത്യക്കാരനും ഓര്‍ത്തുകൊണ്ടേയിരിക്കണം.

ഫാസിസത്തിനെതിരെ ഉറച്ചുനിന്ന് പോരാടാന്‍ ഈ രാജ്യത്തെ ഓരോ ജനങ്ങളും തുനിഞ്ഞിറങ്ങിയാല്‍ ഇഡിയെപ്പോലെ ഒരു സ്ഥാപനമെന്നല്ല, കേന്ദ്രം മുഴുവന്‍ ഏത് അടവുകള്‍ പയറ്റിയാലും നിങ്ങള്‍ക്ക് തോറ്റ് തലതാഴ്ത്തി നില്‍ക്കേണ്ടി വരും. കാരണം പോരാട്ടത്തിലൂടെ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ സ്വന്തമാക്കിയവരാണ് ഇന്ത്യക്കാര്‍. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതികൊടുത്ത് വിധേയപ്പെട്ടവരെ ആരാധിക്കുന്നവര്‍ക്ക് തലകുനിക്കാത്ത യഥാര്‍ത്ഥ മാധ്യമങ്ങളുടെ കരുത്തും തന്റേടയും ഒരു പക്ഷേ മനസിലാകണമെന്നില്ല….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration