ഭരണവിരുദ്ധ വികാരത്തെ തീവ്രഹിന്ദുത്വയുടെ അജണ്ടകള്‍ കൊണ്ട് മറികടക്കാനുള്ള ബിജെപിയുടെ നീക്കം കര്‍ണാടകയില്‍ ക്ലച്ച് പിടിച്ചിട്ടില്ല. മുഖ്യപ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസിനും ജെഡിഎസിനും ബിജെപിയുടെ ഭരണപാളിച്ചകളെയും ഹിന്ദുത്വ അജണ്ടകളെയും തുറന്ന് കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. ജനങ്ങളുടെ വിഷയങ്ങള്‍ ഉയര്‍ത്തിക്കാണിച്ചുള്ള തെരഞ്ഞെടുപ്പ് അജണ്ടകള്‍ നിശ്ചയിക്കാനും ഈ നിമിഷം വരെ കോണ്‍ഗ്രസിനും ജെഡിഎസിനും സാധിച്ചിട്ടില്ല. ബിജെപി ഭൂരിപക്ഷ ധ്രുവീകരണം ലക്ഷ്യമിടുമ്പോള്‍ ജാതി വോട്ടുബാങ്കുകളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് ഇരു പ്രതിപക്ഷ കക്ഷികളും സ്വീകരിക്കുന്നത്. ബിജെപിയുടെ നെഗറ്റീവുകളെ മറികടക്കാനുള്ള പോസിറ്റീവുകള്‍ മുന്നോട്ടുവയ്ക്കാന്‍ കോണ്‍ഗ്രസിനും ജെഡിഎസിനും സാധിച്ചിട്ടില്ല. മാത്രമല്ല ധാരാളം നെഗറ്റീവുകള്‍ ഇരുപാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് സാധ്യതകള്‍ക്ക് മുകളില്‍ കരിനിഴല്‍ വീഴ്ത്തുന്നുമുണ്ട്.
യെദ്യൂരിയപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റാന്‍ കേന്ദ്രനേതൃത്വം തീരുമാനിക്കുമ്പോള്‍ യെഡ്യൂരിയപ്പ തന്നെയാണ് ബസവരാജെ ബൊമ്മയുടെ പേര് നിര്‍ദ്ദേശിച്ചത്. എന്നാല്‍ പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു. യെഡ്യൂരിയപ്പക്ക് താല്‍പ്പര്യമില്ലാത്ത ബസവരാജെ ബൊമ്മെയാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നയിക്കുന്നത്. യെഡ്യൂരിയപ്പയുടെ അതൃപ്തി ബിജെപിയെ ഏതുനിലയില്‍ ബാധിക്കുമെന്നത് പ്രവചനാനീതമാണ്. യെഡ്യൂരിയപ്പയുടെ മക്കള്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ നീക്കം അതിനാല്‍ നിര്‍ണ്ണായകമാണ്. മകന്‍ വിജയേന്ദ്ര തന്റെ സിറ്റിംഗ് സീറ്റായ ശിക്കാരിപുര മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന യെഡ്യൂരിയപ്പയുടെ ഏകപക്ഷീയമായ പ്രഖ്യാപനവും പാര്‍ട്ടിയില്‍ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. പക്ഷെ ഇത്തരത്തില്‍ ബിജെപിക്കുള്ളില്‍ ഉരുണ്ടുകൂടിയിരിക്കുന്ന ആഭ്യന്തരവൈരുദ്ധ്യങ്ങളെ മുതലെടുക്കാനുള്ള രാഷ്ട്രീയ തന്ത്രജ്ഞത ഈ നിമിഷം വരെ പ്രകടിപ്പിക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും തയ്യാറായിട്ടുമില്ല.
Also Read: സംഘപരിവാറിന്റെ ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ പരീക്ഷണശാലയില്‍ ഒരുങ്ങുന്നത്
ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസും ആശ്രയിക്കുന്നത് ജാതി സമവാക്യങ്ങള്‍
ഭാരത് ജോഡോ യാത്രയോട് അനുബന്ധിച്ച് രാഹുല്‍ ഗാന്ധി ബിജെപി സര്‍ക്കാരിനെ 40% കമ്മീഷന്‍ സര്‍ക്കാര്‍ എന്ന് വിമര്‍ശിച്ചിരുന്നു. ബിജെപിയുടെ ഭരണത്തിന് കീഴില്‍ എന്ത് നടക്കണമെങ്കിലും 40% കമ്മീഷന്‍ എന്നതായിരുന്നു ഈ പ്രചരണത്തിന്റെ അടിസ്ഥാനം. ‘പെടിഎമ്മി’ന് പകരം ‘പെസിഎം’ എന്നൊരു ക്യാമ്പയിന്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഏറ്റെടുത്തിരുന്നു. തുടക്കത്തില്‍ നല്ല രീതിയില്‍ ജനങ്ങളെ ആകര്‍ഷിച്ച ഈ ക്യാമ്പയിന്‍ പക്ഷെ അതേ നിലയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. 40% അഴിമതിയെന്ന വിഷയം രാഷ്ട്രീയ ആരോപണമായി ഉയര്‍ന്നു വന്നതല്ല. കര്‍ണ്ണാടകയിലെ പൊതുമരാമത്ത് കരാറുകാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഉയര്‍ത്തിയ ആരോപണമായിരുന്നു 40% കമ്മീഷന്‍ എന്നത്. ബില്‍ മാറണമെങ്കില്‍ 40% കമ്മീഷന്‍ നല്‍കണമെന്നായിരുന്നു ആരോപണം.
കരാറുകാരുടെ സംഘടന ഇത്തരം വിഷയങ്ങള്‍ തുറന്നുപറഞ്ഞത് വിവാദമായ സമയത്ത് തന്നെ ഒരു കരാറുകാരന്‍ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തി ആത്മഹത്യ ചെയ്തിരുന്നു. ഗ്രാമവികസന-പഞ്ചായത്ത് രാജ് വകുപ്പ് മന്ത്രിയായിരുന്ന ഈശ്വരപ്പക്കെതിരെ ആത്മഹത്യ ചെയ്ത കരാറുകാരന്‍ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബസവരാജെ മന്ത്രിസഭയില്‍ നിന്നും ഈശ്വരപ്പ രാജിവച്ചത് ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇത്രയും ഗൗരവമായ ഒരു വിഷയത്തെ ബിജെപി സര്‍ക്കാരിനെതിരായ രാഷ്ട്രീയ വിഷയമായി ഉയര്‍ത്തുന്നതില്‍ പക്ഷെ കോണ്‍ഗ്രസും ജെഡിഎസും പരാജയപ്പെട്ടു.
2019ലെ പൊതുതിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയെ കോടതി ശിക്ഷിച്ചത്. ഇതേ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനത്തിന് ലോക്‌സഭാ സെക്രട്ടറിയേറ്റ് അയോഗ്യത കല്‍പ്പിച്ചത്. എന്നാല്‍ കോലാര്‍ പ്രസംഗത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ നീക്കങ്ങള്‍ കര്‍ണാടക തിരഞ്ഞെടുപ്പിനെ നേരിട്ടു സ്വാധീനിക്കില്ലെന്നാണ് വിലയിരുത്തല്‍.
ഭാരത് ജോഡോ യാത്ര കര്‍ണാകയുടെ മുഴുവന്‍ പ്രദേശങ്ങളിലും കടന്നുചെന്നിരുന്നില്ല. പക്ഷെ ഭാരത് ജോഡോ യാത്ര കടന്നുപോയ പ്രദേശങ്ങളിലെല്ലാം ആളുകള്‍ തിങ്ങികൂടിയിരുന്നു. ഇത് വോട്ടായി മാറുമോയെന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ഭാരത് ജോഡോ യാത്രയില്‍ തടിച്ചുകൂടിയ ജനങ്ങളെ, തെരഞ്ഞെടുപ്പിലും ഒപ്പം അണിനിരത്താനുള്ള ഇടപെടല്‍ നടത്താന്‍ താഴെതട്ടില്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നതാണ് വാസ്തവം. ബിജെപിക്കും സര്‍ക്കാരിനും എതിരെ ഉയര്‍ത്തിക്കാണിക്കേണ്ട വിഷയങ്ങളെ വിവരണാത്മകമായി ജനങ്ങളില്‍ എത്തിക്കാന്‍ തയ്യാറാവുന്നില്ലെന്നതാണ് കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടാക്കാണിക്കുന്നത്.
ലിംഗായത്ത് വിഭാഗത്തിനിടയില്‍ സ്വാധീനമുള്ളൊരു നേതാവില്ലായെന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാണ്. ഡികെ ശിവകുമാറും സിദ്ധാരാമയ്യയും വെക്കിലിംഗ വിഭാഗത്തിനും ഒബിസി വിഭാഗത്തിനും സ്വീകാര്യരാണ്. പട്ടികജാതിക്കാര്‍ക്ക് ആഭ്യന്തര സംവരണം നല്‍കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തില്‍ ബഞ്ചാര വിഭാഗം അടക്കം കടുത്ത പ്രതിഷേധത്തിലാണ്. പട്ടികജാതി വിഭാഗത്തിന് ആഭ്യന്തര സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ പട്ടികജാതി വിഭാഗത്തിനിടയില്‍ കടുത്ത ആശങ്കയുണ്ട്.
സംസ്ഥാനത്ത് 23%ത്തോളമാണ് ദളിത് വിഭാഗങ്ങളുടെ ജനസംഖ്യാ പ്രാധിനിത്യം. നിലവിലെ സാഹചര്യത്തില്‍ ഇതിനെ മുതലെടുക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമോയെന്നതും നിര്‍ണ്ണായകമാണ്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ മുന്‍നിര്‍ത്തി ദളിത് പിന്തുണയ്ക്ക് കോണ്‍ഗ്രസ് ശ്രമിക്കുമോയെന്ന ചോദ്യം ഈ ഘട്ടത്തില്‍ ഉയരുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായേക്കില്ല. ജി പരമേശ്വരയെയും മുനിയപ്പയെയും പോലുള്ള ദളിത് നേതാക്കളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോയെന്ന ചോദ്യവും രാഷ്ട്രീയനിരീക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്. ‘അടിച്ചമര്‍ത്തലിന്റെ ഇരയാണ് ഞാന്‍. അതുകൊണ്ട് മുഖ്യമന്ത്രിപദം കിട്ടിയില്ല, താല്‍പര്യമില്ലാതിരുന്നിട്ടും മനസ്സില്ലാ മനസ്സോടെയാണ് ഉപമുഖ്യമന്ത്രി പദം ഏറ്റെടുത്ത’തെന്ന് ഉപമുഖ്യമന്ത്രിയായിരുന്ന പരമേശ്വര നേരത്തെ പറഞ്ഞിരുന്നു. നേരത്തെ ബസവലിംഗപ്പക്കും കെഎച്ച് രംഗനാഥനും ധ്രുവ് നാരായണും ഖാര്‍ഗെയ്ക്കും ലഭിക്കാതെ പോയ മുഖ്യമന്ത്രി പദവി മറ്റൊരു ദളിത് നേതാവിന് നിലവിലെ സാഹചര്യത്തില്‍ കിട്ടാനിടയില്ലെന്നും നിരീക്ഷണങ്ങളുണ്ട്.
Also Read: സാമുദായിക വോട്ടുകളെ ഹിന്ദുത്വ വോട്ടുകളാക്കാനുള്ള നീക്കം പാളുമ്പോള്‍
കുടുംബ പാര്‍ട്ടിയെന്ന പ്രതിച്ഛായ ജെഡിഎസിന് തിരിച്ചടിയാകുമോ?
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് പ്രഖ്യാപിച്ചാണ് ജെഡിഎസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപി-ജെഡിഎസ് ധാരണ എന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ് ഇത്തരമൊരു പ്രഖ്യാപനം ജെഡിഎസ് നടത്തിയതെന്നതാണ് ശ്രദ്ധേയം. ജെഡിഎസ് ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്ന പ്രഖ്യാപനവും കുമാരസ്വാമി നടത്തിയിട്ടുണ്ട്. ഇത്തവണ എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് മുമ്പായി തന്നെ ജെഡിഎസ് തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയിരുന്നു. കുമാരസ്വാമിയുടെ പഞ്ചരത്‌ന യാത്ര ജെഡിഎസിന് പുത്തന്‍ ഉണര്‍വ്വ് പകര്‍ന്നിട്ടുണ്ടെന്നാണ് ജെഡിഎസ് കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. ഈ ക്യാംപയിന്‍ ആരംഭിക്കുന്നതിന് മുമ്പായി കുമാരസ്വാമി നടത്തിയ പ്രസ്താവന ബിജെപിയെ പ്രതിരോധത്തില്‍ ആക്കിയിരുന്നു. ബ്രാഹ്മണനായ പ്രഹ്‌ളാദ് ജോഷിയെ മുഖ്യമന്ത്രിയാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നായിരുന്നു കുമാരസ്വാമിയുടെ പ്രസ്താവന. വൊക്കലിംഗ, ലിംഗായത്ത് വിഭാഗങ്ങള്‍ക്കിടയില്‍ ഈ പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. വെക്കലിംഗ സമുദായം ഇപ്പോഴും ദേവഗൗഡയെ അവരുടെ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാവായാണ് കാണുന്നത്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വെക്കലിംഗ സാമുദായം കുമാരസ്വാമിയുമായും അടുപ്പം സൂക്ഷിച്ചിരുന്നു. വെക്കലിംഗ സമുദായത്തിന്റെ പിന്തുണയാണ് ജെഡിഎസിന്റെയും കുമാരസ്വാമിയുടെയും പ്രധാനപിന്‍ബലം.
എന്നാല്‍ കുടുംബപാര്‍ട്ടിയെന്ന ആക്ഷേപം ജെഡിഎസിന് തിരിച്ചടിയാണ്. ജെഡിഎസിന്റെ പ്രധാനപ്പെട്ട നേതാക്കളെല്ലാം പാര്‍ട്ടിവിട്ടതിന്റെ പിന്നില്‍ ദേവഗൗഡ ജെഡിഎസിനെ കുടുംബ പാര്‍ട്ടിയാക്കി മാറ്റുന്നതിനെക്കുറിച്ചുള്ള തര്‍ക്കങ്ങളുടെ പേരിലായിരുന്നു. നിലവില്‍ ദേവഗൗഡയുടെ മക്കളായ കുമാരസ്വാമിയും രേവണ്ണയും കുമാരസ്വാമിയുടെ ഭാര്യയും എംഎല്‍എമാരാണ്. രേവണ്ണയുടെ മകന്‍ ഹാസനില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രേവണ്ണയുടെ ഭാര്യ ഹാസനില്‍ നിന്നും കുമാരസ്വാമിയുടെ മകന്‍ രാമനഗരിയില്‍ നിന്നും മത്സരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. അടുത്തിടെ രണ്ട് സിറ്റിംഗ് എംഎല്‍എമാരാണ് ജെഡിഎസില്‍ നിന്നും രാജി വച്ചിരിക്കുന്നത്. ഇത്തരം വിഷയങ്ങള്‍ ജെഡിഎസിന്റെ തെരഞ്ഞെടുപ്പ് സാധ്യതകളെ എങ്ങനെ ബാധിക്കുമെന്നതും നിര്‍ണ്ണായകമാണ്.
ഇത്തരത്തില്‍ കര്‍ണാടകയില്‍ ഉടനീളം വലിയ സ്വാധീനമുണ്ടായിരുന്ന ജെഡിഎസിന് 1994ല്‍ അധികാരത്തിലെത്തിയതിന് ശേഷം ഏറ്റവും കൂടുതല്‍ സീറ്റ് നേടുന്ന ഒറ്റകക്ഷിയാകാന്‍ പിന്നീടൊരിക്കലും സാധിച്ചിട്ടില്ല. മാത്രമല്ല ഇപ്പോള്‍ ജെഡിഎസിന്റെ സ്വാധീനം പഴയ മൈസൂരുവിലേക്ക് മാത്രമായി ചുരുങ്ങിയിട്ടുമുണ്ട്. ബിജെപിക്കും കോണ്‍ഗ്രസിനും ഒപ്പം ചേര്‍ന്നുള്ള ജെഡിഎസിന്റെ ഭരണസഖ്യങ്ങള്‍ അല്പായുസ്സുമായിരുന്നു. 2006ല്‍ ബിജെപിയുമായി സഖ്യം ചേര്‍ന്നതിന് ശേഷം 50 സീറ്റിന് മുകളില്‍ നേട്ടമുണ്ടാക്കാന്‍ ഇതുവരെ ജെഡിഎസിന് സാധിച്ചിട്ടില്ല. 2008ല്‍ 28 സീറ്റുകള്‍ മാത്രമാണ് ജെഡിഎസിന് നേടാന്‍ സാധിച്ചത്. 30 സിറ്റിംഗ് സീറ്റുകളാണ് അന്ന് ജെഡിഎസിന് നഷ്ടമായത്. 2013ല്‍ 40 സീറ്റുകള്‍ നേടാന്‍ ജെഡിഎസിന് സാധിച്ചു. 2018ല്‍ 40 സീറ്റുകള്‍ നേടിയ ജെഡിഎസ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മന്ത്രിസഭ രൂപീകരിച്ചെങ്കിലും ഭരണസഖ്യത്തിലെ കാലുമാറ്റത്തെ തുടര്‍ന്ന് നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടമാകുകയായിരുന്നു. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിച്ചെങ്കിലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് ശക്തികേന്ദ്രങ്ങളില്‍ പോലും തിരിച്ചടി നേരിടുകയായിരുന്നു.
(നാളെ: വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ പോരാട്ടഭൂമികയായി ബാഗെപള്ളി)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here