മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദത്തിന് വേണ്ടിയുള്ള ബിജെപി ശിവസേന തർക്കം തുടരുന്നു. ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായാൽ, ഷിൻഡെയ്ക്ക് വേണ്ടി ബിജെപി ‘പ്ലാൻ ബി’ ഒരുക്കുമെന്നാണ് സൂചന. മഹായുതിയുടെ വലിയ നേട്ടത്തിൽ നിഴൽ വീഴ്ത്തുന്ന മുഖ്യമന്ത്രി സ്ഥാന തർക്കം ഏതാനും ദിവസങ്ങളിലായി സഖ്യത്തിൽ കീറാമുട്ടിയായിരിക്കുകയാണ്.
ബിജെപി ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടയിൽ ഷിൻഡെയുടെ പ്രവൃത്തികളിൽ ഉരുണ്ടുകൂടുന്ന ദുരൂഹത ബിജെപിയിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മുഖ്യമന്ത്രിയിൽ നിന്ന് ഉപമുഖ്യമന്ത്രിയിലേക്കുള്ള തരംതാഴ്ത്തൽ ഷിൻഡേ അംഗീകരിക്കില്ലെന്ന തരത്തിൽ ഫഡ്‌നാവിസ് മന്ത്രിസഭയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഷിൻഡെയോട് അടുത്ത ക്യാമ്പുകളിൽ നിന്ന് ലഭിക്കുന്ന വിവരം.
ഈ സാഹചര്യത്തിലാണ് ഷിൻഡെയ്ക്കായി ബിജെപി ഒരു പ്ലാൻ ബി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതിൻ്റെ ഭാഗമായി ഫഡ്‌നാവിസും ഷിൻഡെയും അജിത് പവാറും ചേർന്ന് ബിജെപി കേന്ദ്ര നേതൃത്വവുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഏകനാഥ് ഷിൻഡെയെ നരേന്ദ്രമോദി മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള നീക്കമാണ് ബിജെപിയുടെ മനസ്സിലുള്ളത്. ഏക്‌നാഥ് ഷിൻഡെയുടെ മകനും കല്യാൺ എംപി യുമായ ശ്രീകാന്ത് ഷിൻഡെയേയും ദില്ലിയിലേക്ക് വിളിച്ച് വരുത്തിയിട്ടുണ്ട്.
‘പ്ലാൻ ബി’ നടന്നില്ലെങ്കിൽ ഒരു ‘പ്ലാൻ സി’യ്ക്കും ഇത് സാധ്യത തെളിയിക്കുന്നു. അതേസമയം, നിലവിലെ അനിശ്ചിതത്വങ്ങളുടെ സാഹചര്യത്തിൽ സത്യപ്രതിജ്ഞാ ചടങ്ങ് മൂന്ന് നാല് ദിവസത്തേക്ക് കൂടി നീളുമെന്നാണ് ലഭിക്കുന്ന വിവരം. ഒരു മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും എന്ന പഴയ ഫോർമുലയും മഹാരാഷ്ട്രയിൽ തുടരാൻ സാധ്യതയുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here