കൊച്ചി വാട്ടര്‍ മെട്രോയില്‍ കേന്ദ്ര സര്‍ക്കാരിന് ഒരു രൂപ പോലും വിഹിതമില്ല

കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരുന്നു. കേരളത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഒരു പദ്ധതിയാണ് കൊച്ചി വാട്ടര്‍ മെട്രോ. രാജ്യത്തെ ആദ്യത്തെ വാട്ടര്‍ മെട്രോ എന്നതിന് പുറമെ പ്രകൃതിസൗഹാര്‍ദ്ദ പൊതുഗതാഗത്തിന്റെ ആശയപ്രകാശനം കൂടിയാണ് കൊച്ചി വാട്ടര്‍ മെട്രോ. കൊച്ചിയിലെ ഗതാഗതക്കുരുക്കിന് വലിയൊരു ആശ്വാസം പകരാനുള്ള ബദല്‍ ഗതാഗത മാര്‍ഗ്ഗമെന്ന നിലയിലും കൊച്ചി വാട്ടര്‍ മെട്രോക്ക് പ്രധാന്യമുണ്ട്. മെട്രോ റെയിലിനോട് അനുബന്ധമായുള്ള വാട്ടര്‍ മെട്രോ എന്ന നിലയിലും രാജ്യത്തിന് ആദ്യ അനുഭവമാണ് കൊച്ചി വാട്ടര്‍ മെട്രോ. ഇത്രയേറെ സവിശേഷതകളുള്ള കേരളത്തിന്റെ സ്വന്തം സ്വപ്‌ന പദ്ധതിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

Also Read: രാജ്യത്തിന് കേരളം സമ്മാനിക്കുന്ന മറ്റൊരു വികസന ബദല്‍; കൊച്ചി വാട്ടര്‍ മെട്രോ യാഥാര്‍ത്ഥ്യത്തിലേക്ക്
എന്നാല്‍ ഇതിന് പിന്നാലെ കൊച്ചി വാട്ടര്‍ മെട്രോ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് എന്ന നിലയിലുള്ള വ്യാപകമായ പ്രചാരണം സോഷ്യല്‍ മീയയില്‍ ഓടാന്‍ തുടങ്ങി. ബോധപൂര്‍വ്വമായ ലക്ഷ്യത്തോടെയായിരുന്നു ഈ പ്രചാരണമെന്ന് ഇത്തരം പോസ്റ്റുകള്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. കേന്ദ്രസര്‍ക്കാര്‍ കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിക്കായി 819 കോടി മുടക്കിയെന്നാണ് ഇത്തരം പോസ്റ്റുകളിലെ പ്രധാന അവകാശവാദം. ഈ അവകാശവാദത്തെ സാധൂകരിക്കാനായി ബിസിനസ് ലൈനിന്റെ ഓണ്‍ലൈന്‍ ലിങ്കും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

കൊച്ചി വാട്ടര്‍ മെട്രോക്ക് ആകെ ചെലവ് 1137 കോടി രൂപയാണെന്നും അതില്‍ കേന്ദ്ര വിഹിതം819 കോടിയാണെന്നും പറയുന്ന പോസ്റ്റില്‍ ജര്‍മ്മന്‍ ലോണ്‍ 765 കോടിയാണെന്നും കേരളത്തിന് ഒരു രൂപപോലും വിഹിതമില്ലെന്നും പറയുന്നു.

ഇത്തരത്തില്‍ പങ്കുവയ്ക്കപ്പെടുന്ന പോസ്റ്റുകള്‍ വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത വ്യാജപ്രചാരണങ്ങളാണെന്നാണ് കൈരളി ഓണ്‍ലൈന്റെ അന്വേഷണത്തില്‍ വ്യക്തമാകുന്നത്. കൊച്ചി വാട്ടര്‍ മെട്രോയില്‍ കേന്ദ്ര സര്‍ക്കാര്‍ 1 രൂപ പോലും ചെലവാക്കുന്നില്ല. മാത്രമല്ല പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് പണം കണ്ടെത്തി നടപ്പിലാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പദ്ധതിയാണ് കൊച്ചി വാട്ടര്‍ മെട്രോ. കേന്ദ്രം പണം മുടക്കിയെന്ന് ബിസിനസ് ലൈനിനെ ഉദ്ധരിച്ച് പങ്കുവയ്ക്കുന്ന വാര്‍ത്തയിലും കഴമ്പൊന്നുമില്ല. കൊച്ചി വാട്ടര്‍ മെട്രോക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചപ്പോള്‍ ബിസിനസ് ലൈന്‍ ചെയ്ത ഒരു വാര്‍ത്തയുടെ ലിങ്കാണ് തെറ്റുദ്ധരിപ്പിക്കുന്ന നിലയില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. കൊച്ചി വാട്ടര്‍ മെട്രോക്ക് 819 കോടി രൂപയുടെ പാരിസ്ഥിതിക അനുമതി ലഭിച്ചെന്നാണ് വാര്‍ത്ത. ആ സമയം പദ്ധതിക്ക് കണക്കാക്കിയ തുക എന്ന നിലയിലാണ് 819 കോടി രൂപ എന്ന മൊത്തം ചെലവ് ചൂണ്ടിക്കാട്ടി അത്രയും തുക ചെലവ് വരുന്ന പദ്ധതിക്ക് കേന്ദ്രം പാരിസ്ഥിതിക അനുമതി നല്‍കിയെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പിന്നീടാണ് പദ്ധതി ചെലവില്‍ മാറ്റമുണ്ടാകുന്നത്. അപ്പോഴും കേന്ദ്രത്തിന്റെ എന്തെങ്കിലും വിഹിതം ഈ പദ്ധതിയില്‍ നിക്ഷേപിക്കപ്പെട്ടിട്ടില്ല. ഇതിനെയാണ് തെറ്റിദ്ധരിപ്പിക്കുന്ന നിലയില്‍ കേന്ദ്രം 819 കോടി രൂപ അനുവദിച്ചുവെന്ന നിലയില്‍ പ്രചരിപ്പിക്കുന്നത്. ഇതിനെക്കുറിച്ച് ധാരണയില്ലാത്തവര്‍ സത്യമെന്ന് കരുതി ഈ പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്.

ജര്‍മ്മന്‍ വികസന ബാങ്ക് KfWവില്‍ നിന്നുള്ള വായ്പയും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവുമാണ് കൊച്ചി വാട്ടര്‍ മെട്രോയുടെ മുതല്‍ മുടക്ക്. സംസ്ഥാന സര്‍ക്കാരിന് വിദേശവായ്പ എടുക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ നിയമത്തിന്റെ പിന്‍ബലത്തിലാണ് കൊച്ചി വാട്ടര്‍ മെട്രോക്ക് സര്‍ക്കാര്‍ ജര്‍മ്മന്‍ ബാങ്കില്‍ നിന്നും വായ്പ എടുത്തിരിക്കുന്നത്. ഇത്തത്തില്‍ എടുക്കുന്ന വായ്പകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സോവറിന്‍ ഗ്യാരണ്ടി നില്‍ക്കണമെന്ന നിര്‍ബന്ധിത ചട്ടമുണ്ട്. അത് സാങ്കേതികമായ നടപടിക്രമം മാത്രമാണ്. അതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിന് എന്തെങ്കിലും ബാധ്യത വരില്ല. മാത്രമല്ല ലോണ്‍ തിരിച്ചടയ്‌ക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിന് മാത്രമാണ്. ആ നിലയിലും കേന്ദ്രത്തിന്റെ എന്തെങ്കിലും സാമ്പത്തിക പങ്കാളിത്തം ഈ ഘട്ടങ്ങളിലൊന്നും കൊച്ചി വാട്ടര്‍ മെട്രോയിലില്ല.

കൊച്ചി വാട്ടര്‍ മെട്രോ പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി മാത്രമാണെന്നാണ് കൊച്ചി വാട്ടര്‍ മെട്രോയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സാജന്‍ ജോണ്‍ കൈരളി ന്യൂസ് ഓണ്‍ലൈനോട് വ്യക്തമാക്കി. ജര്‍മ്മന്‍ ബാങ്കായ KfWവില്‍ നിന്നുള്ള വായ്പയും, സ്വകാര്യ പങ്കാളിത്തവും, സംസ്ഥാന സര്‍ക്കാരിന്റെ നിക്ഷേപവും മാത്രമാണ് കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയില്‍ ഉള്ളതെന്നാണ് ചീഫ് ഓപ്പറേറ്റര്‍ പറയുന്നത്.

വാട്ടര്‍ മെട്രോയുടെ നടത്തിപ്പിനായി സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്പനിയില്‍ സംസ്ഥാന സര്‍ക്കാരിന് 74% ഓഹരിയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (KMRL)ന് 26% ഓഹരിയുമുണ്ട്. സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും 50% വീതം ഓഹരിയുള്ള കെഎംആര്‍എല്ലിന് വാട്ടര്‍ മെട്രോയുടെ നടത്തിപ്പില്‍ ഓഹരി പങ്കാളിത്തമുണ്ട് എന്നത് പരിഗണിച്ചാലും കേന്ദ്രത്തിന് ഏതെങ്കിലും നിലയില്‍ വാട്ടര്‍ മെട്രോയില്‍ നിക്ഷേപമുണ്ട് എന്ന് സ്ഥാപിക്കാന്‍ സാധിക്കില്ല. കെഎംആര്‍എല്‍ കൊച്ചി വാട്ടര്‍ മെട്രോക്കായി പണം മുടക്കുന്നില്ല. കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡിന് നഷ്ടം വന്നാലും അത് കെഎംആര്‍എല്ലിനെ ബാധിക്കില്ല. അങ്ങനെ സംഭവിക്കുന്ന നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കും.

കൊച്ചി മെട്രോ റെയിലിന് സമാനമായ യാത്രാ സൗകര്യങ്ങളോടെയാണ് വാട്ടര്‍ മെട്രോ ഒരുക്കിയിരിക്കുന്നത്. 38 ടെര്‍മിനലുകളാണ് വാട്ടര്‍ മെട്രോക്കായി ഒരുക്കിയിട്ടുണ്ട്. ഇവയെ ബന്ധിപ്പിക്കുന്ന 78 വാട്ടര്‍ മെട്രോ ബോട്ടുകളാണ് സര്‍വീസ് നടത്തുക. ഇത് ജലഗതാഗതത്തെ ഏറെ ആശ്രയിക്കുന്ന ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി, വൈപ്പിന്‍ വാസികള്‍ക്കും പ്രയോജനകരമാകും. ആദ്യഘട്ടത്തില്‍ 9 ബോട്ടുകളാണ് യാത്രയ്ക്ക് തയ്യാറാവുന്നത്. 100 പേര്‍ക്ക് സഞ്ചരിക്കാവുന്ന 23 ബോട്ടുകളും 50 പേര്‍ക്ക് സഞ്ചരിക്കാവുന്ന 55 ബോട്ടുകളും പദ്ധതി പൂര്‍ണ്ണ സജ്ജമാകുന്നതോടെ സര്‍വീസ് ആരംഭിക്കും.

Also Read: കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടന വിവരം പോസ്റ്റ് ചെയ്ത് നരേന്ദ്രമോദി; കമന്റില്‍ നിറഞ്ഞ് പിണറായി വിജയന്‍

ആദ്യഘട്ടത്തില്‍ ഹൈക്കോര്‍ട്ട്-വൈപ്പിന്‍ ടെര്‍മിനിലുകളില്‍ നിന്നും വൈറ്റില-കാക്കനാട് ടെര്‍മിനലുകളില്‍ നിന്നുമാണ് വാട്ടര്‍ മെട്രോയുടെ സര്‍വീസ്. സാധാരണഗതിയില്‍ തിരക്കേറിയ സമയത്ത് ഹൈക്കോര്‍ട്ട് മുതല്‍ വൈപ്പിന്‍ വരെ റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ വേണ്ടിവരുന്ന സമയം ഒരു മണിക്കൂറോളമാണ്. വാട്ടര്‍ മെട്രോ വരുന്നതോടെ ഇതിന്റെ ദൈര്‍ഘ്യം 20 മിനിറ്റായി കുറയും. അതായത് 40 മിനിറ്റിന്റെ ലാഭം. വൈറ്റിലയില്‍ നിന്ന് കാക്കനാട്ടേക്കുള്ള യാത്രയിലും അങ്ങനെ തന്നെ. ഒരു മണിക്കൂറിന് അടുത്ത് സമയം വേണ്ടിവരുന്ന വൈറ്റില-കാക്കനാട് യാത്രയ്ക്ക് വാട്ടര്‍ മെട്രോയില്‍ ആവശ്യമായുള്ളത് വെറും 25 മിനിറ്റ് മാത്രമാണ്. സമയ ലാഭം മാത്രമല്ല, കുറഞ്ഞ ടിക്കറ്റ് നിരക്കും വാട്ടര്‍ മെട്രോ വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവില്‍ കുറഞ്ഞ ടിക്കറ്റ് നിരക്ക് 20രൂപയും കൂടിയ ടിക്കറ്റ് നിരക്ക് 40 രൂപയുമാണ്. ഇത് കൂടാതെ സ്ഥിരം യാത്രക്കാര്‍ക്കായി ആഴ്ച, മാസം, മൂന്നുമാസം എന്നീ കാലയളവുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന യാത്രാ പാസും അനുവദിക്കുന്നുണ്ട്. വാട്ടര്‍ മെട്രോയില്‍ നിലവില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചിരിക്കുന്ന സമയം രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് വരെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News