സുപ്രീംകോടതി ഇടപെട്ടു, പഞ്ചാബ്-ഹരിയാന അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്ര സർക്കാർ ഒടുവിൽ ചർച്ച നടത്തി

പഞ്ചാബ്-ഹരിയാന അതിർത്തിയായ ഖനൗരിയില്‍ സമരം തുടരുന്ന കർഷകരുമായി ഒടുവിൽ ചർച്ചയ്ക്ക് തയാറായി കേന്ദ്ര സർക്കാർ. വിഷയത്തിൽ കേന്ദ്ര-പഞ്ചാബ് സർക്കാരുകൾ കർഷകരുമായി ചർച്ച നടത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് കേന്ദ്രം കർഷകരുമായി ചർച്ചയ്ക്ക് തയാറായത്. കേന്ദ്ര ആഭ്യന്തര ഡയറക്ടര്‍ മായങ്ക മിശ്രയുടെ നേതൃത്വത്തിൽ നടത്തിയ ചര്‍ച്ചയില്‍ നിരാഹാരമിരിക്കുന്ന ജഗ്ജിത് സിംഗ് ദല്ലേവാളിന് വൈദ്യസഹായം ഉറപ്പുവരുത്താന്‍ തീരുമാനമായി.

മിനിമം താങ്ങുവില നിയമപരമാക്കുക എന്നിവ ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കർഷകരുടെ സമരം. പഞ്ചാബ്, ഹരിയാന അതിര്‍ത്തിയായ ഖനൗരിയില്‍ സമരമിരിക്കുന്ന കര്‍ഷകരുമായി കേന്ദ്ര ആഭ്യന്തര ഡയറക്ടര്‍ മായങ്ക മിശ്രയുള്‍പ്പടെയുള്ള സംഘം ചര്‍ച്ച നടത്തി.

നിരാഹാരമിരിക്കുന്ന കര്‍ഷക നേതാവ്  ജഗ്ജിത് സിംഗ് ദല്ലേവാളിനെ നേരിട്ട് കണ്ട് വേണ്ട വൈദ്യസഹായം നല്‍കുമെന്ന് ഉറപ്പുനല്‍കിയതായും സുപ്രീം കോടതി നിര്‍ദേശപ്രകാരം കര്‍ഷകരുടെ ആവശ്യങ്ങള്‍ നേരിട്ടുകണ്ട് മനസിലാക്കാനാണ് താനെത്തിയതെന്നും മായങ്ക മിശ്ര പ്രതികരിച്ചു. മിശ്രക്കൊപ്പം പഞ്ചാബ് ഡിജിപിയും കര്‍ഷകരെ നേരിട്ട് കണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തി.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിൻ്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു. സമരമിരിക്കുന്ന ദല്ലേവാളിനും കര്‍ഷകര്‍ക്കും ഐക്യദാര്‍ഢ്യമറിയിച്ച് എംഎല്‍എയും ഗുസ്തി താരവുമായ വിനേഷ് ഫോഗട്ട് രംഗത്തെത്തി. പാര്‍ലമെൻ്റിലടക്കം മുഴുനീള പ്രസംഗം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും വിനേഷ് ഫോഗട്ട് വിമര്‍ശിച്ചു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ദില്ലിയിലേക്കുള്ള മാര്‍ച്ച് പരിയാന പൊലീസ് തടഞ്ഞതു മുതല്‍ കര്‍ഷകര്‍ ഖനൗരി അതിര്‍ത്തിയില്‍ സമരത്തിലാണ്. മാര്‍ച്ച് പുനരാരംഭിച്ചെങ്കിലും പൊലീസ് മൂന്ന് തവണയും അനുമതി നിഷേധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News