ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്, ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

ദില്ലി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. 70 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായി നടത്തുന്ന തെരഞ്ഞെടുപ്പ് ഫെബ്രുവരി 5 നായിരിക്കും നടത്തുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വോട്ടെണ്ണൽ ഫെബ്രുവരി 8 ന് നടക്കുമെന്നും ആകെ 13,033 പോളിങ് ബൂത്തുകളിലായി നടക്കുന്ന വോട്ടെടുപ്പിൻ്റെ സജ്ജീകരണം അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു.

തെരഞ്ഞെടുപ്പിൻ്റെ വിജ്ഞാപനം ഈ മാസം 10 നായിരിക്കും പ്രസിദ്ധീകരിക്കുക. തുടർന്ന് ജനുവരി 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാനും ജനുവരി 18 ന് സൂക്ഷ്മ പരിശോധനയും നടക്കും. ജനുവരി 20 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിനം. ആകെ 1.55 കോടി വോട്ടർമാരാണ് ദില്ലിയിലുള്ളത്. ഇതിൽ 2.08 ലക്ഷം പേരും പുതിയ വോട്ടർമാരാണെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. 58 ജനറൽ സീറ്റുകളിലേക്കും 12 സംവരണ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴാം ദില്ലി നിയമസഭയുടെ കാലാവധി ഫെബ്രുവരി 15ന് അവസാനിക്കാനിരിക്കെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ തീയതി പ്രഖ്യാപിച്ചത്.

ALSO READ: എൻ എം വിജയൻ്റെ കുടുംബത്തിന് അന്തവും കുന്തവും ഇല്ല, അവർ എന്തൊക്കെയോ പറയുന്നു; പരിഹസിച്ച് കെ സുധാകരൻ

ഇതിനോടനുബന്ധിച്ച് വോട്ടർ പട്ടികയിലും ഇവിഎമ്മിലും അട്ടിമറി നടത്തിയെന്ന ആരോപണത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ  തള്ളി. അതേസമയം, ദില്ലിയിൽ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തിൽ  പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ് ആം ആദ്മി പാർട്ടി. 2015, 2020 തെരഞ്ഞെടുപ്പുകളിൽ 67ഉം 62ഉം സീറ്റുകൾ നേടിയാണ് ആം ആദ്മി അധികാരത്തിലെത്തിയത്.

ഇത്തവണ നേരത്തെ തന്നെ മുഴുവൻ സീറ്റിലും സ്ഥാനാർഥികളെയും അവർ പ്രഖ്യാപിച്ചു. എന്നാൽ, ആം ആദ്മിയെയും അരവിന്ദ്  കെജ്രിവാളിനെയും കടന്നാക്രമിച്ചും ദേശീയ നേതാക്കളെ അടക്കം പ്രചാരണരംഗത്തിറക്കിയുമാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 29 സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടികയും ബിജെപി പുറത്തിറക്കി. ബിജെപി സ്ഥാനാർഥിയായ രമേശ് ബിധുരിയുടെ പ്രിയങ്ക ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം പ്രചരണ ആയുധമാക്കി കോൺഗ്രസും മൽസര രംഗത്തുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News