ശ്രീനാരായണ ഗുരുവിനെ ഓർത്ത് നമുക്ക് അഭിമാനിക്കാമെന്നും അദ്ദേഹത്തെ എത്ര ആദരിച്ചാലും മതിയാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ എളിയ ശ്രമമാണ് സർക്കാർ ചെയ്യുന്നത്. കൊല്ലത്ത് അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഇന്നത്തെ നിലയിലേക്കെത്താൻ അടിത്തറ ഇട്ടത് ശ്രീനാരായണ ഗുരുവാണ്. അദ്ദേഹത്തിന്റെ പ്രസക്തി രാജ്യം കൂടുതലായി മനസിലാക്കുന്ന കാലഘട്ടമാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ ചടങ്ങിൽ മുഖ്യമന്ത്രിക്ക് മൊമന്റൊ നൽകി. മുകേഷ് എംഎൽ.എ മുഖ്യമന്ത്രിക്ക് കച്ചിപടത്തിൽ തീർത്ത ശ്രീനാരായണ സമുച്ചയത്തിന്റെ ചിത്രവും സമ്മാനിച്ചു.
കിഫ്ബിയുടെ സഹായത്തോടെ സാംസ്‌കാരിക വകുപ്പാണ് മൂന്നര ഏക്കര്‍ ഭൂമിയില്‍ 56.91 കോടി രൂപ ചെലവഴിച്ച് അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയം നിർമ്മിച്ചിരിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും നവോഥാന നായകരുടെ പേരില്‍ സാംസ്‌കാരിക സമുച്ചയങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കൊല്ലം ആശ്രാമം മൈതാനത്തിന് സമീപമാണ് സമുച്ചയം നിർമ്മിച്ചിരിക്കുന്നത്.
ഒരു ലക്ഷം അടിയോളം വിസ്തീര്‍ണത്തില്‍ നിര്‍മിച്ച സമുച്ചയത്തില്‍ ആധുനിക ലൈറ്റിങ് സൗണ്ട് പ്രൊജക്ഷന്‍ സംവിധാനങ്ങള്‍ അടങ്ങിയ എവി തീയറ്റര്‍, ബ്ലാക്ക് ബോക്‌സ് തീയറ്റര്‍, ഇന്‍ഡോര്‍ ഓഡിറ്റോറിയം, സെമിനാര്‍ ഹാള്‍ എന്നിവയ്ക്ക് പുറമെ ഡിജിറ്റല്‍ രൂപത്തിലുള്ള ലൈബ്രറി, ആര്‍ട്ട് ഗ്യാലറി, ക്ലാസ് മുറികള്‍, ശില്പ്പശാലകള്‍ക്കുള്ള വേദി, ക്രാഫ്റ്റ് മ്യൂസിയം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here