സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഇകഴ്ത്തി കാട്ടുകയെന്നതാണ് പ്രതിപക്ഷ ലക്ഷ്യം; മുഖ്യമന്ത്രി

നല്ല രീതിയിലുള്ള വില്‍പ്പനയാണ് സപ്ലൈകോയില്‍ ഉണ്ടാകുന്നതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ഓണം ഫെയര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സപ്ലൈകോയില്‍ അവശ്യസാധനങ്ങള്‍ ഇല്ലെന്ന ആരോപണവും മുഖ്യമന്ത്രി നിഷേധിച്ചു. ചില തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്നും ചില സ്ഥലങ്ങളില്‍ സാധനങ്ങള്‍ വേഗത്തില്‍ തീര്‍ന്ന് പോകുന്നതിനാലാണ് ചിലയിടത്ത് സാധനങ്ങള്‍ കിട്ടാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

also read: മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് 4.2 കോടി രൂപ മില്‍മയുടെ ഓണസമ്മാനം

1600ല്‍ പരം സപ്ലൈകോ ഔട്ട്‌ലെറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഫലപ്രദമായ പൊതുവിതരണ സമ്പ്രദായമാണ് കേരളത്തിലുള്ളത്. പ്രതിമാസം 40 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകളാണ് സപ്ലൈകോയില്‍ നിന്നും സബ്‌സിഡി സാധനങ്ങള്‍ വാങ്ങുന്നത്. നിക്ഷിപ്ത താല്‍പര്യക്കാരുടെ നിര്‍ബന്ധമാണ് ഈ രംഗത്ത് ഒന്നും നടക്കുന്നില്ല എന്ന് വരുത്തി തീര്‍ക്കുന്നത്. അവമതിപ്പുണ്ടാക്കി വലിയ രീതിയിലുള്ള കുപ്രചരണം അഴിച്ചു വിടുകയാണ് ഇവർ. സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഇകഴ്ത്തി കാട്ടുകയെന്നതാണ് പ്രതിപക്ഷ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒട്ടേറെ പുതുമകളോടെയാണ് ഇത്തവണ ഓണം ഫെയര്‍ ഒരുക്കിയിട്ടുള്ളതെന്നും ഏറ്റവും കുറഞ്ഞ വിലക്കയറ്റ തോത് നിലനില്‍ക്കുന്ന സംസ്ഥാനം കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വില വര്‍ദ്ധന നിയന്ത്രിക്കാനുള്ള ശ്രമം രാജ്യത്ത് നടന്നില്ലെന്നും കണ്ടില്ലെന്ന് നടിക്കുന്ന സ്ഥിതിയാണ് കേന്ദ്രസര്‍ക്കാറിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

also read: വാര്‍ത്തക്ക് പിന്നില്‍ ഗൂഢ ലക്ഷ്യം: മന്ത്രി അഹമ്മദ് ദേവർകോവിൽ

അതേസമയം ജനങ്ങള്‍ക്ക് വേണ്ടി നിരവധി ഇടപെടലുകളാണ് സപ്ലൈകോയിലൂടെ നടത്തുന്നതെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനിൽ വ്യക്തമാക്കി. ഓരോ ഔട്ട്‌ലെറ്റുകള്‍ പരിശോധിച്ചാല്‍ അഭിമാനിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ നാല് ദിവസം സപ്ലൈകോയുടെ വില്‍പ്പന കൂടി വരുന്നു. ഇത് വ്യക്തമാക്കുന്നത് കേരളത്തിലെ ജനങ്ങള്‍ സപ്ലൈക്കോയെ ആശ്രയിക്കുന്നു എന്നതാണ്. ഇതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ചിലര്‍ തെറ്റായ പ്രചാരണം നടത്തുന്നുവെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here