റഷ്യയിൽ തൃശ്ശൂർ സ്വദേശി കൊല്ലപ്പെട്ട സംഭവം നിർഭാഗ്യകരമാണെന്നും തട്ടിപ്പും മനുഷ്യക്കടത്തും ഇത്തരം സംഭവങ്ങളുടെ ഭാഗമായി നടക്കുന്നുണ്ടെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതിനെതിരെ യോജിച്ച് നീങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ജോലി നൽകാമെന്ന് പറഞ്ഞാണ് യുവാക്കളെ ഇത്തരം സംഘങ്ങൾ റഷ്യയിലേക്ക് കൊണ്ടുപോകുന്നതെന്നും എന്നാൽ അവിടെയെത്തുമ്പോൾ സൈന്യത്തിലേക്കാണ് ഇവരെ ചേർക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത് വലിയ തട്ടിപ്പാണെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. തൃശ്ശൂർ ജില്ലയിലെ കുട്ടനെല്ലൂർ കരുണ ലെയിനിൽ തോലത്ത് വീട്ടിൽ ബാബുവിൻ്റെയും ലൈസയുടേയും മകൻ ബിനിൽ ബാബുവാണ് (32) യുക്രൈൻ സൈന്യത്തിൻ്റെ വെടിയേറ്റ് മരിച്ചത്. നേരത്തെ, റഷ്യയിലെ കൂലിപ്പട്ടാളത്തിൽ ജോലിയ്ക്ക് ചേർത്തായിരുന്നു ബിനിലിനെ തട്ടിപ്പ് സംഘങ്ങൾ മരണത്തിലേക്ക് തള്ളിവിട്ടിരുന്നത്.
ബിനിലിൻ്റെ മരണം സ്ഥിരീകരിച്ചു കൊണ്ട് ഇന്ത്യൻ എംബസിയുടെ അറിയിപ്പ് കഴിഞ്ഞ ദിവസമാണ് വീട്ടുകാർക്ക് ലഭിച്ചത്. ജില്ലാ ഭരണകൂടത്തെ നോർക്കയും വിവരമറിയിച്ചു. അതേസമയം, ബിനിലിനൊപ്പം റഷ്യയിൽ ജോലിക്ക് പോയ വടക്കാഞ്ചേരി സ്വദേശിയും ബന്ധുവുമായ ജെയിൻ കുരിയനും റഷ്യയിൽ വെച്ച് വെടിയേറ്റിരുന്നു. ഇയാൾ മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് ഇന്ത്യൻ എംബസി അറിയിച്ചിട്ടുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here