ചില അധ്യാപകർ സ്നേഹം കൊണ്ട് കുട്ടികളുടെ മനസിനെ കീഴ്പ്പെടുത്താറുണ്ട്. അത്തരം അധ്യാപകരുമായുള്ള വേർപിരിയൽ കുട്ടികൾക്ക് വല്ലാത്ത വിഷമമുണ്ടാക്കും.
ഇത്തരത്തിൽ സ്നേഹനിധിയായ ഒരു അധ്യാപകൻ സ്കൂളിൽ നിന്നും പിരിഞ്ഞു പോകുന്നതറിഞ്ഞ് കൂട്ടക്കരച്ചിൽ നടത്തുന്ന വിദ്യാർത്ഥികളുടെ ഹൃദയ സ്പർശിയായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കല്ലാച്ചി ഗവ യു പി സ്കൂളിലെ അധ്യാപകനും സ്റ്റാഫ് സെക്രട്ടറിയുമായ കാക്കുനി സ്വദേശി ഇ കെ കുഞ്ഞബ്ദുല്ല (49) തന്റെ സ്ഥലംമാറ്റവിവരം ക്ലാസിൽ പറഞ്ഞപ്പോളാണ് കുട്ടികളുടെ ഈ സ്നേഹപ്രകടനം.
‘‘ഇത് നിങ്ങളുടെ നാലാംക്ലാസിലെ പുതിയ ക്ലാസ് ടീച്ചർ. പേര് ജീഷ്മ. എന്റെ മാതാവിന്റെ അസുഖംകാരണം ഞാൻ നാട്ടിലെ സ്കൂളിലേക്ക് പോവുകയാണ്…’’ അധ്യാപകൻ പറഞ്ഞുനിർത്തുന്നതിനുമുമ്പേ ക്ലാസിൽ കൂട്ടക്കരച്ചിലായി. ‘സാറ് വേറെയെവിടെയും പോകരുത്. ഞങ്ങളെ സാർതന്നെ പഠിപ്പിക്കണം’ -വിദ്യാർഥികൾ ഉറക്കെ വിളിച്ചുപറഞ്ഞു. ക്ലാസിൽനിന്ന് പുറത്തിറങ്ങിയ അധ്യാപകന് പിന്നാലെ വിദ്യാർഥികൾ വരാന്തയിലെത്തി ചുറ്റും കൂടി നിന്ന് കരയുകയും, കുട്ടികൾ പിരിഞ്ഞുപോകുന്നില്ലെന്ന് കണ്ടതോടെ മാതാവിന്റെ അസുഖംമാറിയാൽ വീണ്ടും സ്കൂളിലേക്ക് തിരിച്ചുവരുമെന്ന് പറഞ്ഞ് വിദ്യാർഥികളെ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളും വിഡിയോയിൽ കാണാം.
2016 മുതൽ കുഞ്ഞബ്ദുല്ല കല്ലാച്ചി ഗവ യു പി സ്കൂളിൽ എൽ പി വിഭാഗത്തിൽ അധ്യാപകനായി ജോലിചെയ്യുന്നുണ്ട്. വിദ്യാർഥികളുമായി നല്ല ഹൃദയബന്ധം പുലർത്തിയ അധ്യാപകനായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ സ്ഥലംമാറ്റവിവരം ആരെയും അറിയിച്ചിരുന്നില്ല. മാതാവിന്റെ അസുഖം കാരണം എന്നാണ് കുട്ടികളോട് പറഞ്ഞത്. വീടിനടുത്തുള്ള അരമ്പോൾ ഗവ എൽ പി സ്കൂളിലേക്കാണ് സ്ഥലംമാറ്റം ലഭിച്ചത്. പകരം അധ്യാപിക വന്നപ്പോഴാണ് പലരും കുഞ്ഞബ്ദുല്ലയുടെ സ്ഥലംമാറ്റവിവരം അറിയുന്നത്. സ്കൂളിലെ തന്നെ ഒരു അധ്യാപികയാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത് ശേഷം ഇത് അധ്യാപകരുടെ ക്ലാസ് ഗ്രൂപ്പിലിടുകയായിരുന്നു. ഈ വീഡിയോ നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഫെയ്‌സ്ബുക്കിൽ പോസ്റ്റുചെയ്തു. ഇതോടെയാണ് അധ്യാപകന്റെയും വിദ്യാർഥികളുടെയും ഹൃദയസ്പർശിയായ ഈ വീഡിയോ വൈറലായത്.
also read :ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്തു സര്‍വെയ്ക്ക് സുപ്രീംകോടതിയുടെ അനുമതി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here