മഹാരാഷ്ട്രയിൽ തകർന്നടിഞ്ഞ് കോൺഗ്രസ്, മഹാവികാസ് അഘാഡിയിലെ സഖ്യകക്ഷികളുമായി അടികൂടി കോൺഗ്രസ് മൽസരിച്ച 102 സീറ്റുകളിൽ വിജയിച്ചത് വെറും 15 സീറ്റുകളിൽ

മഹാവികാസ് അഘാഡി സഖ്യത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് മഹാരാഷ്ട്രയിൽ തകർന്നടിഞ്ഞു. സഖ്യ കക്ഷികളുമായി അടികൂടി 102 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് ജയിക്കാനായത് വെറും 15 സീറ്റുകളിൽ  മാത്രം. രാഹുൽഗാന്ധി എഫക്ടും രമേശ് ചെന്നിത്തലയുടെ തന്ത്രങ്ങളുമൊന്നും  മഹാരാഷ്ട്രയിൽ ഏശിയില്ല. ചുരുക്കത്തിൽ, ഹരിയാനയിലും ജമ്മുകശ്മീരിലും കോൺഗ്രസിനുണ്ടായ വൻ തകർച്ച മഹാരാഷ്ട്രയിലും ആവർത്തിച്ചു.

ജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത സീറ്റുകൾ പോലും മഹാരാഷ്ട്രയിൽ ചോദിച്ചു വാങ്ങിയായിരുന്നു മഹാരാഷ്ട്രയിൽ കോൺഗ്രസ് തന്ത്രമൊരുക്കിയിരുന്നത് ഒടുവിൽ അതെല്ലാം എൻഡിഎ സഖ്യത്തിന് വിജയത്തിലേക്കുള്ള സുവർണാവസരങ്ങളായി മാറി. 288 സീറ്റുകളിൽ 102 സീറ്റിൽ സ്ഥാനാർഥിയെ നിർത്തിയ കോൺഗ്രസിന് ജയിക്കാനായത് 15 സീറ്റുകൾ മാത്രം. സഖ്യകക്ഷികളായ ഉദ്ധവ് താക്കറെ പക്ഷത്തിനും, എൻസിപി ശരദ് പവാർ വിഭാഗത്തിനും സ്വാധീനമുള്ള മേഖലകളിൽ പോലും കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തി സൗഹൃദ മത്സരത്തിന് വഴിയൊരുക്കിയതും കല്ലുകടിക്ക് കാരണമായി.

ALSO READ: അവകാശ സംരക്ഷണ പോരാട്ടത്തിലെ നായകന്‍; മഹാരാഷ്ട്രയില്‍ തുടര്‍ജയവുമായി വിനോദ് നിക്കോളെ

രമേശ് ചെന്നിത്തലയ്ക്കായിരുന്നു മഹാരാഷ്ട്രയുടെ പൂർണ ചുമതല. കെ.സി. വേണുഗോപാലിനെ അമിതമായ വിശ്വസിച്ച രാഹുൽഗാന്ധിക്ക് വീണ്ടും വലിയ തിരിച്ചടിയായി മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് മാറി. മഹാരാഷ്ട്രയിൽ നിരവധി റാലികളിൽ പങ്കെടുത്തെങ്കിലും രാഹുൽ എഫക്ട് ജനവിധിയിൽ പ്രതിഫലിച്ചില്ല. നേരത്തെ ജമ്മു കശ്മീരിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 29 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ആറു സീറ്റിൽ മാത്രമാണ് ജയിച്ചത്. ബിഹാറിൽ 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡിയിൽ നിന്ന്‌ 70 സീറ്റ്‌ പിടിച്ചുവാങ്ങി മത്സരിച്ച കോൺഗ്രസ് 19 മണ്ഡലത്തിൽ മാത്രം ജയിച്ചു.

കോൺഗ്രസിൻ്റെ മോശം പ്രകടനം ആർജെഡി മുന്നണിയുടെ പരാജയത്തിനും കാരണമായി. ജാർഖണ്ഡിൽ ഇന്ത്യ മുന്നണി വിജയിക്കാൻ കാരണമായത് ജെഎംഎമ്മിൻ്റെ തേരോട്ടമാണ്. 30 സീറ്റുകൾ ചോദിച്ചു വാങ്ങിയ കോൺഗ്രസ് ജാർഖണ്ഡിൽ പകുതി സീറ്റ് മാത്രമാണ് ജയിച്ചത്.  ഹരിയാനയിലും ജമ്മുകശ്മീരിലും ജാർഖണ്ഡിലും മഹാരാഷ്ട്രയിലും നിർണായക ജയം നേടാൻ കഴിയാതെ വിയർക്കുകയാണ് കോൺഗ്രസ്.  ദേശീയതലത്തിൽ കോൺഗ്രസിന് ചുക്കാൻ പിടിക്കുന്ന കെ.സി. വേണുഗോപാൽ അടക്കമുള്ള നേതാക്കൾക്കെതിരെ വരും ദിവസങ്ങളിൽ പാളയത്തിൽ പട ശക്തമാകുമെന്ന് ഉറപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News