കേരളത്തിന്‍റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച തീരുമാനം പിൻവലിക്കണം: എളമരം കരീം എംപി 

കേരളത്തിന്‍റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് കത്ത് നൽകി. ഈ വർഷം 32,442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി സാമ്പത്തിക വർഷാരംഭത്തിൽ കേന്ദ്രം നൽകിയിരുന്നതാണ്. എന്നാൽ നേർ പകുതിയായി 15390 കോടി രൂപ മാത്രമായി ഈ തുക ചുരുക്കിയിരിക്കുന്നു. ഇത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസന- ക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ഏതുവിധേനയും കേരളത്തെ ശ്വാസം മുട്ടിക്കുക എന്നതാണ് കഴിഞ്ഞ കുറെ നാളുകളായി കേന്ദ്ര സർക്കാരിന്‍റെ സമീപനം. സംസ്ഥാനത്തിനുള്ള ഗ്രാന്‍റുകളും, വായ്‌പകളും, വികസനവും തുടർച്ചയായി നിഷേധിക്കുകയാണ്.

വികസന പ്രവർത്തനങ്ങളിൽ സംസ്ഥാനങ്ങളെ സഹായിക്കുക എന്നതിൽ നിന്നും മാറി അവയെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുക എന്ന നിലയിലേക്ക് കേന്ദ്രത്തിന്റെ നയം മാറുന്നത് അംഗീകരിക്കാൻ സാധിക്കില്ല. കേരളത്തിലെ ജനങ്ങളൊട്ടാകെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് അർഹമായ തുക കടമെടുക്കാൻ അനുവദിക്കണമെന്നും കേരളത്തിന്‌ അർഹതപ്പെട്ട ഗ്രാന്‍റുകളും മറ്റും എത്രയും വേഗം അനുവദിക്കണം എന്നും എളമരം കരീം എംപി കത്തിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here