പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ പ്രതിനിധി സംഘം മണിപ്പൂരിലെത്തി

പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ 20 അംഗ പ്രതിനിധി സംഘം കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി മണിപ്പുരിലെത്തി. രണ്ട് സംഘങ്ങളായി എത്തിയ എംപിമാര്‍ മണിപ്പുരില്‍ കുക്കി, മെയ്‌തെയ് വിഭാഗങ്ങള്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കും. നാളെ മണിപ്പുര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ചയും നടത്തും. അതേസമയം മണിപ്പുരില്‍ സംഘര്‍ഷത്തിന് അല്‍പ്പം പോലും അയവില്ലാതെ തുടരുകയാണ്.

മണിപ്പുരിലെ കലാപ ബാധിത പ്രദേശങ്ങള്‍ നേരിട്ട് മനസ്സിലാക്കി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും അവിടുത്തെ ആളുകളുടെ ദുരിതങ്ങള്‍ നേരിട്ട് കേള്‍ക്കുന്നതിനും വേണ്ടിയാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ എംപിമാര്‍ മണിപ്പുരിലെത്തിയത്. കലാപബാധിത പ്രദേശങ്ങളായ ചുരാചന്ദ് പുര്‍, ബിഷ്ണുപുര്‍ മേഖലകള്‍ സംഘം സന്ദര്‍ശിക്കും. ഇവിടുത്തെ കുക്കി, മെയ്‌തെയ് വിഭാഗങ്ങളുടെ ദുരിതാശ്വാസ ക്യാമ്പുകളിലും നേരിട്ടെത്തി അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കും. രണ്ട് സംഘങ്ങളിലായി ഇരുപത് എംപിമാരാണ് മണിപ്പുരിലെത്തിയത്. കേരള എംപിമാരായ എ എ റഹിം, എന്‍ കെ പ്രേമചന്ദ്രന്‍, പി സന്തോഷ് കുമാര്‍, ഇ ടി മുഹമ്മദ് ബഷീര്‍ അടക്കമുളളവരും സംഘത്തിലുണ്ട്. ലോക്‌സഭാ പ്രതിപക്ഷ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, ഗൗരവ് ഗൊഗോയ്, കനിമൊഴി, സുസ്മിത ദേവ് അടക്കം 16 പ്രതിപക്ഷ കക്ഷികളുടെ എംപിമാരും സംഘത്തിലുണ്ട്.

ALSO READ: ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി; മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

ലോക്‌സഭയില്‍ നല്‍കിയ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്ക് മുന്നോടിയായി മണിപ്പുരിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുകയാണ് ലക്ഷ്യം. നാളെ മണിപ്പുര്‍ ഗവര്‍ണറെയും രാജ്ഭവനിലെത്തി സംഘം കൂടിക്കാഴ്ച നടത്തും. മണിപ്പുരിലെ സംഘര്‍ഷ പശ്ചാത്തലത്തില്‍ രാജ്യത്താകമാനം പ്രതിഷേധം തുടരുകയാണ്. ദില്ലിയില്‍ ജന്ദര്‍ മന്ദറില്‍ കേരള ലാറ്റിന്‍ കാതലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധം സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്തു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് ബൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു.

ALSO READ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ആക്രമണത്തില്‍ രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികല്‍ പിടിയില്‍

മണിപ്പുരിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇപ്പോഴും കലാപം തുടരുകയാണ്. മ്യാന്‍മര്‍ അതിര്‍ത്തിയിലെ മോറെ മേഖലയില്‍ കുക്കി വിഭാഗം റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്. തുടര്‍ന്ന് സ്ഥലത്ത് കമാന്‍ഡോകളെ വിന്യസിച്ചു. 86 ദിവസമായിട്ടും മണിപ്പുരില്‍ സംഘര്‍ഷത്തിന് യാതൊരു അയവും വന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News