രാജ്യത്തെ 5 പ്രധാന ആശുപത്രികളുടെ പട്ടികയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജും; സെന്റര്‍ ഓഫ് എക്‌സലന്‍സിൽ തെരഞ്ഞെടുത്തത് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ

tvm medical college

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ കേന്ദ്ര സര്‍ക്കാര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി തെരഞ്ഞെടുത്തു. അത്യാഹിത വിഭാഗ ചികിത്സയുടെ പഠനത്തിനായി നീതി ആയോഗ് – ഐസിഎംആര്‍ തിരഞ്ഞടുക്കുന്ന രാജ്യത്തെ 5 മെഡിക്കല്‍ കോളേജുകളുടെ പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജും ഉള്‍പ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ വര്‍ഷവും രണ്ടു കോടി രൂപ മെഡിക്കല്‍ കോളേജിന് ലഭിക്കും. കേരളത്തില്‍ നിന്നൊരു മെഡിക്കല്‍ കോളേജ് ഈ സ്ഥാനത്ത് എത്തുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയെ അപൂര്‍വ രോഗങ്ങളുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഈ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇതോടെ മെഡിക്കല്‍ കോളേജും എസ്.എ.ടി. ആശുപത്രിയും സെന്റര്‍ ഓഫ് എക്‌സലന്‍സായി മാറുകയാണ്.

രാജ്യത്തെ 5 പ്രധാന ആശുപത്രികള്‍ക്കൊപ്പം തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തുമ്പോള്‍ വളരെ സന്തോഷമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഈ സര്‍ക്കാരിന്റെ തുടക്കകാലത്ത് 2021ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മുന്നറിയിപ്പില്ലാതെ മന്ത്രി നടത്തിയ സന്ദര്‍ശനമാണ് എമര്‍ജന്‍സി മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് തുടക്കം കുറിച്ചത്.

പഴയ അത്യാഹിത വിഭാഗം സ്ഥലപരിമിതിയോടെ, അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഞെങ്ങി ഞെരുങ്ങിയാണ് പ്രവര്‍ത്തിച്ചു വന്നിരുന്നത്. വെളിച്ചമില്ലാത്ത വരാന്തയില്‍ അഞ്ചും ആറും മണിക്കൂറുകള്‍ മതിയായ ചികിത്സ ലഭ്യമാകാതെ സ്ട്രച്ചറില്‍ കാത്തു കിടക്കുന്ന രോഗികളെ കാണാന്‍ സാധിച്ചു. പലയിടത്ത് നിന്നും ഇസിജി വേരിയേഷന്‍ രേഖപ്പെടുത്തി വന്നവരും അക്കൂട്ടത്തില്‍ ഉണ്ട്. ഓരോ ഡോക്ടര്‍മാരുടെ ടേബിളിന് ചുറ്റും മുപ്പതും നാല്‍പതും രോഗികള്‍ ഉണ്ടായിരുന്നു. സേവനം ലഭിച്ചിരുന്നത് മണിക്കൂറുകള്‍ കഴിഞ്ഞു മാത്രമാണെന്ന് പലരും പരാതി പറഞ്ഞു. അപ്പോഴാണ് ഈ അവസ്ഥ മാറ്റി എമര്‍ജന്‍സി മെഡിക്കസിന്‍ വിഭാഗം എവിടെ തുടങ്ങും എന്നുള്ള ചിന്ത വന്നത്.

നിര്‍മ്മാണം തുടങ്ങിയെങ്കിലും വളരെക്കാലം നിലച്ചു പോയിരുന്ന കെട്ടിടത്തില്‍ നൂതന എമര്‍ജന്‍സി മെഡിസിന്‍ സംവിധാനങ്ങളൊരുക്കിയാണ് പുതിയ അത്യാഹിത വിഭാഗം പ്രവര്‍ത്തനമാരംഭിച്ചത്. ശാസ്ത്രീയമായ ട്രയാജ് സംവിധാനം ആദ്യമായി നടപ്പിലാക്കി. ചെസ്റ്റ് പെയിന്‍ ക്ലിനിക്, സ്‌ട്രോക്ക് ഹോട്ട്‌ലൈന്‍, അത്യാധുനിക പരിശോധനാ സംവിധാനങ്ങള്‍, രോഗീ സൗഹൃദ അന്തരീക്ഷം എന്നിവ ഉറപ്പാക്കി. സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കി. മെഡിക്കല്‍ കോളേജിലെ എല്ലാ തലത്തിലും സൂക്ഷ്മമായ ഇടപെടല്‍ വേണമെന്ന് കണ്ടതുകൊണ്ട് പുതിയ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, പുതിയ സംവിധാനങ്ങള്‍, ഫെലോഷിപ്പ് പ്രോഗ്രാം എന്നിവ ആരംഭിച്ചു. എയിംസ്, ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ അത്യാഹിത വിഭാഗം സന്ദര്‍ശിച്ച് അഭിനന്ദിച്ചു. എമര്‍ജന്‍സി മെഡിസിനില്‍ മൂന്ന് പിജി സീറ്റുകള്‍ക്ക് അനുമതി ലഭ്യമാക്കി കോഴ്സ് ആരംഭിച്ചു. 100 ഐസിയു കിടക്കകളുള്ള പ്രത്യേക ബ്ലോക്ക്, സ്‌പെക്റ്റ് സ്‌കാന്‍ എന്നിവ സ്ഥാപിച്ചു. പെറ്റ് സ്‌കാന്‍ സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു.

ഈ കാലയളവില്‍ ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിങ്ങില്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പെട്ടു. സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത്. 85ല്‍ അധികം തവണയാണ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത്. മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായി കിഫ്ബി വഴി 717 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത്. ആദ്യഘട്ടത്തിലെ റോഡും പാലവും നിര്‍മ്മാണം പൂര്‍ത്തിയാക്കി 194.32 കോടി അനുവദിച്ച് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ മേഖലയിലെ ന്യൂറോ കാത്ത് ലാബ് ഉള്‍പ്പെട്ട 14.3 കോടിയുടെ സമഗ്ര സ്ട്രോക്ക് സെന്റര്‍ സജ്ജമാക്കി. മെഡിക്കല്‍ കോളേജില്‍ റോബോട്ടിക് സര്‍ജറി ആരംഭിക്കുന്നതിന് തുക അനുവദിച്ചിട്ടുണ്ട്.

മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി ആരംഭിച്ചു. ലിനാക്, ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂണിറ്റ്, ബേണ്‍സ് ഐസിയു എന്നിവ സ്ഥാപിച്ചു. രാജ്യത്ത് മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ ആരംഭിച്ചു. 23 കോടിയുടെ ലേഡീസ് ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാക്കി. അടുത്തിടെ മെഡിക്കല്‍ കോളേജിനായി 25 അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്രിറ്റിക്കല്‍ കെയര്‍, ജനറ്റിക്‌സ്, ജെറിയാട്രിക്, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങള്‍ ആരംഭിക്കാനുള്ള ജീവനക്കാരെ നിയമിച്ച് നടപടികള്‍ പുരോഗമിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News