കറണ്ട് അക്കൗണ്ടോ സേവിംഗ്സ് അക്കൗണ്ടോ, ഏതാണ് ഉപയോക്താക്കള്‍ക്ക് ഗുണകരം

ബാങ്കുകളില്‍ അക്കൗണ്ട് തുറക്കാന്‍ ചെല്ലുന്ന സമയത്ത് നമുക്ക് മുന്നില്‍ വരുന്ന രണ്ട് ഓപ്ഷനുകളാണ് കറണ്ട് അക്കൗണ്ടും സേവിംഗ്സ് അക്കൗണ്ടും.  ഇതിലേത് തിരഞ്ഞെടുക്കുന്നതാണ് നമുക്ക് ലാഭം? ഇവ  രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണെന്നും ഇങ്ങനെ അക്കൗണ്ടുകള്‍ തരം തിരിക്കുന്നത് കൊണ്ട് ബാങ്കിനും ഉപയോക്താക്കള്‍ക്കും ഉണ്ടാകുന്ന ലാഭം എന്താണെന്നും പരിശോധിക്കാം.

സേവിംഗ്‌സ് അക്കൗണ്ട്:

ഉപയോക്താക്കളുടെ പണം ലാഭിക്കുന്നതിനും പലിശനേടുന്നതിനുമായി തയ്യാറക്കിയിരിക്കുന്ന അക്കൗണ്ടാണിത്. അക്കൗണ്ട് ഉടമകള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം അവരുടെ പണം എളുപ്പത്തിലും വേഗത്തിലും ക്രയവിക്രയം ചെയ്യാന്‍ സാധിക്കുമെന്നത് സേവിംഗ്സ് അക്കൗണ്ടുകളുടെ പ്രത്യേകതയാണ്. ചെക്ക് ബുക്കുകൾ, ഡെബിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, മറ്റ് ബാങ്കിംഗ് സേവനങ്ങൾ തുടങ്ങിയവ സേവിംഗ്സ് അക്കൗണ്ടിന്റെ ഭാഗമായി ഉപയോക്താവിന് ലഭിക്കും.

ഇന്ത്യയിലെ സേവിംഗ്സ് അക്കൗണ്ടുകൾക്ക് ആർ.ബി.ഐ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് പ്രതിമാസം നടത്താവുന്ന പിൻവലിക്കലുകൾക്കും, ഇടപാടുകൾക്കും ചില പരിധികളുണ്ട്. ഈ പരിധി ഓരോ ബാങ്കിനും വ്യത്യാസമാണ്. ചില അക്കൗണ്ടുകൾ മിനിമം ബാലൻസും നിഷ്‌കർഷിക്കുന്നു. ഉപയോക്താക്കൾക്ക് ഏറ്റവും എളുപ്പം ആരംഭിക്കാന്‍ ക‍ഴിയും.  സേവിംഗ്‌സ് അക്കൗണ്ടുകള്‍ ഓൺലൈനായും തുറക്കാനാകും. താരതമ്യേന മറ്റ് തരത്തിലുള്ള നിക്ഷേപ ഓപ്ഷനുകളേക്കാൾ കുറഞ്ഞ പലിശ നിരക്കാണ് സേവിംഗ്‌സ് അക്കൗണ്ടുകൾ സാധാരണയായി വാഗ്ദാനം ചെയ്യുന്നത്.

കറണ്ട്  അക്കൗണ്ട്:

ബിസിനസുകള്‍ക്കും  കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവരുടെ ദൈനംദിന  ഇടപാടുകള്‍ കൈകാര്യം ചെയ്യാനാണ് കറണ്ട്  അക്കൗണ്ടുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇവയ്ക്ക് പലിശ ലഭിക്കില്ല. പേയ്മെന്റുകൾ, പിൻവലിക്കലുകൾ, നിക്ഷേപങ്ങൾ തുടങ്ങിയ പതിവ് ഇടപാടുകൾ സുഗമമാക്കുക എന്നതാണ് കറന്റ് അക്കൗണ്ടിന്റെ പ്രധാന ലക്ഷ്യം. ഉയർന്ന ഇടപാടുകൾക്കും പരിധിയില്ലാത്ത സേവനങ്ങൾക്കും ഈ അക്കൗണ്ട് ഉപയോഗിക്കുന്നു. പലിശ നൽകേണ്ട എന്നതു കൊണ്ട് തന്നെ ബാങ്കുകൾ കറണ്ട് അക്കൗണ്ടുകളെ പ്രോത്സാഹിപ്പിക്കും.

ചെക്ക് ബുക്കുകൾ, ഡെബിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യങ്ങൾ തുടങ്ങിയ സേവനങ്ങൾ ഇവിടെയും ലഭിക്കും. സേവിംഗ്‌സ് അക്കൗണ്ടിനേക്കാൾ കൂടുതൽ അനുകൂല്യങ്ങൾ ഇവിടെ അക്കൗണ്ട് ഉടമയ്ക്കു ലഭിക്കും. കറണ്ട് അക്കൗണ്ട് ഉടമകൾക്ക് ബാങ്കുകൾ സാധാരണയായി ഓവർ ഡ്രാഫ്റ്റ് സൗകര്യം നൽകാറുണ്ട്. ഓവര്‍ ഡ്രാഫ്റ്റിനു വേണ്ടി മാത്രം കറണ്ട് അക്കൗണ്ട് തുറക്കുന്നവരുമുണ്ട്.

ഒഡി വഴി ചില നിബന്ധനകൾക്കും പരിധികൾക്കും വിധേയമായി ഉടമകൾക്ക് അക്കൗണ്ടിൽ ലഭ്യമായതിനേക്കാൾ കൂടുതൽ പണം പിൻവലിക്കാൻ സാധിക്കും. ഇടപാട് ഫീസ്, അക്കൗണ്ട് മെയിന്റനൻസ് ഫീസ്, ചെക്ക് ബുക്ക് ചാർജുകൾ, എന്നിങ്ങനെ  കറണ്ട് അക്കൗണ്ടിനായി ബാങ്കുകള്‍ ഈടാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News