അർജുന്റെ രക്ഷാദൗത്യം നിലച്ചുവെന്ന ആരോപണവുമായി കുടുംബം. “ആദ്യം കിട്ടിയ വിവരപ്രകാരം നാല് ദിവസത്തിനുശേഷം തിരച്ചിൽ പുനരാരംഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. അതിനുശേഷം ഔദ്യോകികമായ വിവരങ്ങളൊന്നും കർണാടകയുടെ ഭാഗത്തുനിന്നും ലഭിച്ചിട്ടില്ല. ഈ പ്രശ്നങ്ങളൊക്കെ പ്രതിപക്ഷ നേതാവിനോട് ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹം കാര്യങ്ങൾ സംസാരിക്കണമെന്നും, കൂടെത്തന്നെയുണ്ടെന്നുമാണ് നമ്മളോട് പറഞ്ഞത്”. അർജുന്റെ സഹോദരിയുടെ ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു.
“അവിടെനിന്ന് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഈശ്വർ മാൽപെയുമായി ബന്ധപ്പെട്ടിരുന്നു, വേലിയിറക്കവും ഉണ്ടാകുമ്പോൾ ഇറങ്ങാൻ സന്നദ്ധനാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. പക്ഷെ അത് അത്ര പ്രാവർത്തികമാണെന്ന് കരുതുന്നില്ല. കാരണം കർണാടക ഭരണകൂടത്തിൽ നിന്ന് അനുവാദം ലഭിക്കാതെ അദ്ദേഹത്തിന് പുഴയിലിറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല”, അർജുന്റെ സഹോദരിയുടെ ഭർത്താവ് ജിതിൻ.
“കഴിഞ്ഞ തവണ പോലും തനിക്ക് ജീവഹാനിയുണ്ടായാൽ സർക്കാരിന് യാതൊരു ഉത്തരവാദിത്വവുമില്ല എന്ന് എഴുതിക്കൊടുത്ത ശേഷമാണ് അദ്ദേഹം ഇറങ്ങിയത്. ആ കാര്യത്തിൽ മാനസികമായ ഒരു ബുദ്ധിമുട്ട് അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്. അങ്ങനെ തന്നെ ഇനിയും നടക്കുമെന്നാണ് തോന്നുന്നത്. കൂടെയുള്ള മുങ്ങൽ വിദഗ്ധർക്ക് പരിക്കുപറ്റിയതിനാൽ മറ്റ് വിദഗ്ധർ വരാൻ കാത്തുനിൽക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്”.
“അവിടുന്ന് എംഎൽഎയുമായി പോരുമ്പോഴാണ് അവസാനമായി കോണ്ടാക്ട് ചെയ്തത്. ഉത്തര കന്നഡ കളക്ടറെ വിളിച്ചിട്ട് ഫോണും എടുത്തിട്ടില്ല. നിലവിൽ തിരച്ചിൽ പ്രതിസന്ധിയിലാണ്. ഇന്നലെ തന്നെ അങ്ങോട്ട് പോകാനൊരുങ്ങിയതാണ്. ലോറി വെള്ളത്തിനടിയിലായതുകൊണ്ട് നാവികസേനയാണ് ഇതിൽ മുൻകൈ എടുക്കേണ്ടത്. അവർ 10 കിലോമീറ്റർ ചുറ്റളവിൽ തന്നെ ഉള്ളതിനാൽ എപ്പോൾ വിളിച്ചാൽ വേണമെങ്കിലും വരാമെന്ന് അവരും പറഞ്ഞിട്ടുണ്ട്, ജിതിൻ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here