ആയുസ്സൊടുങ്ങുമ്പോൾ മനുഷ്യർ മരിക്കും. അങ്ങനെ മരിച്ചവരെ സംസ്കരിക്കാറാണ് മനുഷ്യർക്കിടയിൽ പതിവ്. മനുഷ്യർക്ക് പ്രിയപ്പെട്ട വളർത്തു മൃഗങ്ങളായാലും ഇത്തരത്തിൽ സംസ്കരിക്കുന്നത് തന്നെയാണ് പതിവ്. അത്തരത്തിൽ തങ്ങൾക്ക് അത്രമേൽ പ്രിയപ്പെട്ട ഒന്നിനെ വേർപിരിയേണ്ട സന്ദർഭത്തിൽ സംസ്കരിച്ചു കൊണ്ട് വ്യത്യസ്തരാകുകയും സമൂഹ മാധ്യമങ്ങളിൽ ചർച്ചകളിൽ നിറഞ്ഞിരിക്കുകയുമാണ് ഗുജറാത്തിലെ ഒരു കുടുംബം. ഒരു കാറാണ് കഥയിലെ താരം. 12 വർഷം മുമ്പ് ഗുജറാത്ത് അമ്രേലിയിലുള്ള ഒരു കർഷക കുടുംബം ഒരു മാരുതി സുസൂക്കി വാഗൺ ആർ കാർ വാങ്ങി. സഞ്ജയ് പോളാര എന്നു പേരുള്ള ഒരു വ്യക്തിയായിരുന്നു ആ കാർ വാങ്ങിയത്. കാർ കുടുംബത്തിലെത്തിയതോടെ സഞ്ജയ്യുടെ ജീവിതത്തിൽ തന്നെ ചില മാറ്റങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിൻ്റെ ബിസിനസിൽ വളർച്ചയുണ്ടായി.
കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞു. ആളുകളെല്ലാം തങ്ങളെ ബഹുമാനിക്കാൻ തുടങ്ങി. ജീവിതത്തിൽ വെച്ചടിവെച്ചടി കയറ്റമേ കാർ വന്നപ്പോൾ തൊട്ട് ഉണ്ടായിട്ടുള്ളൂ എന്നും അദ്ദേഹം പറയുന്നു. എന്നാൽ, കാലം കടന്നതോടെ കാർ പ്രവർത്തന രഹിതമായി. പക്ഷേ തങ്ങളുടെ കുടുംബത്തിന് ഐശ്വര്യമേകിയ കാറിനെ മറ്റാർക്കും വിൽക്കാൻ ആ കുടുംബത്തിന് മനസ്സ് വന്നില്ല. വെറുതെ നിർത്തിയിട്ടാൽ കാർ കൺമുന്നിലിരുന്ന് ദ്രവിച്ചും പോകും. അത് സഹിക്കാൻ വയ്യ. അങ്ങനെയാണ് തങ്ങളുടെ കുടുംബത്തിലെ തന്നെ ഒരംഗമായ കാറിനെ പ്രിയപ്പെട്ടൊരു വ്യക്തി വിടവാങ്ങുമ്പോഴെന്ന പോലെ സംസ്കരിക്കാൻ കുടുംബം തീരുമാനിക്കുന്നത്. ഹൈന്ദവാചാര പ്രകാരം ഒരു മനുഷ്യന് കൊടുക്കുന്ന ബഹുമതി എന്താണോ അത് കാറിന് നൽകിയാണ് കുടുംബം വാഹനത്തെ സംസ്കരിക്കാൻ തീരുമാനിച്ചത്. ഇതിനായി 15 അടി താഴ്ചയിൽ വലിയൊരു കുഴിയുണ്ടാക്കി.
ALSO READ: സ്വർണം പോലെ ഉള്ളിയും, വില റോക്കറ്റ് പോലുയർന്ന് മേലേക്ക്.!
1500 ഓളം അതിഥികളെയും പുരോഹിതൻമാരെയും ചടങ്ങിന് ക്ഷണിച്ചു. തുടർന്ന് കാർ കഴുകി വൃത്തിയാക്കി. പൂക്കൾ കൊണ്ട് മാലയണിഞ്ഞും കാറിന് മുകളിൽ റോസാ പൂക്കൾ വിതറിയും കാറിനെ സംസ്കാരത്തിനൊരുക്കി. പിന്നീട്, കാറിന് മുകളിൽ പച്ച തുണി കൊണ്ട് മൂടി. നാല് ലക്ഷം രൂപയാണ് കാറിൻ്റെ സംസ്കാരത്തിനായി കുടുംബം ചെലവാക്കിയത് എന്നത് കുടുംബത്തിന് വാഹനത്തോടുള്ള അടുപ്പം വ്യക്തമാക്കുന്നു. തീർന്നില്ല, പ്രിയപ്പെട്ട കാറിനെ സംസ്‌കരിച്ച സ്ഥലത്ത് ഓർമയ്ക്കായി ഒരു മരം നടാനും കുടുംബം ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here