കൂട്ടുകാർ ഒത്തുചേർന്ന് ഐ ഫോണിലൊരുക്കിയ സിനിമ IFFK-യിലെ തിളങ്ങുന്ന അധ്യായമായി, ‘കാമദേവൻ നക്ഷത്രം കണ്ടു’വിന് അഭിനന്ദന പ്രവാഹം

ഐ ഫോണിലൊരു സിനിമ എടുത്താൽ അത് വിജയിപ്പിക്കാനാവുമോ? എവിടെ പ്രദർശിപ്പിക്കും? മാർക്കറ്റ് വാല്യു കിട്ടുമോ? തുടങ്ങി ഒട്ടേറെ സംശയങ്ങൾ തോന്നുകയാൽ പലരും ആ ഉദ്യമം ഉപേക്ഷിക്കലായിരിക്കും പതിവ്. എന്നാൽ, മാർക്കറ്റ് വാല്യു എന്തായാലും എവിടെയും പ്രദർശിപ്പിക്കാനായില്ലെങ്കിലും തങ്ങൾക്ക് പറയാനുള്ളത് പറയണം എന്നുറച്ചു കൊണ്ട് ഒരു സംഘം കൂട്ടുകാർ ചേർന്ന് ഐ ഫോണിൽ എടുത്ത സിനിമ ഇപ്പോൾ ഐഎഫ്എഫ്കെയിലെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഇരുപതോളം കൂട്ടുകാർ ചേർന്ന് ഐ ഫോണിലെടുത്ത ‘കാമദേവൻ നക്ഷത്രം കണ്ടു’ എന്ന സിനിമയാണ് ഐഎഫ്എഫ്‌കെയിൽ ചലച്ചിത്ര പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. കലാഭവൻ തിയേറ്ററിൽ നടന്ന ആദ്യ പ്രദർശനം കാണാൻ ചലച്ചിത്ര പ്രേമികളുടെ വലിയ തിരക്കായിരുന്നു. പോണ്ടിച്ചേരി സർവകലാശാലയിലെ നാടക വിദ്യാർഥികൂടിയായ ആദിത്യ ബേബി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രംകൂടിയാണിത്.

ALSO READ: ഗുകേഷിലൂടെ ലോട്ടറി അടിച്ചത് സര്‍ക്കാരിന്; താരം നികുതി ഒടുക്കേണ്ടത് ധോണിയുടെ പ്രതിഫലത്തേക്കാള്‍

യുവ സംവിധായകർക്കും കലാകാരന്മാർക്കും സിനിമകളെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഐഎഫ്എഫ്‌കെ വലിയ പങ്കു വഹിക്കുന്നതായി പ്രദർശന ശേഷം ആദിത്യ ബേബി പറഞ്ഞു. ‘മലയാള സിനിമ ഇന്ന്’എന്ന വിഭാഗത്തിലായിരുന്നു ‘കാമദേവൻ നക്ഷത്രം കണ്ടു’ൻ്റെ പ്രദർശനം. സാമ്പത്തിക ലാഭത്തിനും വരുമാനത്തിനുമപ്പുറം കലയോടുള്ള ഇഷ്ടവും സിനിമ ചെയ്യാനുള്ള ആഗ്രഹവുമായിരുന്നു മനസിലെന്ന് ആദിത്യ പറയുന്നു. ദേവൻ, മുകുടി എന്നീ രണ്ട് സുഹൃത്തുക്കളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹൈപ്പർസെക്ഷ്വലായ മനുഷ്യരുടെ ചെയ്തികളെ ചോദ്യം ചെയ്യുന്നതാണ് ചിത്രത്തിൻ്റെ പ്രമേയം.

സ്ത്രീ ശരീരത്തെ ഉപഭോഗവസ്തുവായി കാണുന്ന, അവരുടെ വികാരങ്ങൾക്കോ വിചാരങ്ങൾക്കോ വില കൽപ്പിക്കാത്ത രീതികളെ സിനിമ കൃത്യമായി അടയാളപ്പെടുത്തുന്നു. അന്ധവിശ്വാസം, മാനസിക ആരോഗ്യം, പുരുഷാധിപത്യം തുടങ്ങി സമൂഹം ചർച്ച ചെയ്യേണ്ട വിഷയങ്ങളും സിനിമയിൽ പ്രമേയങ്ങളാകുന്നു. സിനിമ 18ന് രാവിലെ 9നു കൈരളി തിയേറ്ററിലും 19ന് വൈകിട്ട് ആറിന് ന്യൂ തിയേറ്റർ സ്‌ക്രീൻ 2ലും ചിത്രം പ്രദർശിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News