പുകസ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ഡി ശ്രീധരൻ നായർ സ്മാരക ബാലപ്രതിഭാ പുരസ്കാരം ഗായിക പ്രാർത്ഥനാ രതീഷിന് ലഭിച്ചു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവും എൻജിഒ യൂണിയൻ, കെജിഒഎ, ഗസറ്റഡ് എൽഡേഴ്സ് മീറ്റ് എന്നിവയുടെ നേതാവുമായിരുന്ന ഡി ശ്രീധരൻ നായരുടെ സ്മരണാർത്ഥമാണ് പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. പത്താം ക്ലാസ് വിദ്യാർത്ഥിയായ പ്രാർത്ഥന വളരെ ചെറിയ പ്രായത്തിൽ തന്നെ കേരളത്തിൻ്റെ പോരാട്ട ചരിത്രത്തെയും വിപ്ലവവീര്യത്തെയും അടയാളപ്പെടുത്തുന്ന പടപ്പാട്ടുകൾ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധേയയാണ്. 18 വയസ്സിൽ താഴെയുള്ള കലാ-സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രതിഭയ്ക്കാണ് വർഷം തോറും പുരസ്കാരം നൽകുന്നത്.
ജില്ലാ സെക്രട്ടറി എസ്. രാഹുൽ കൺവീനറും പ്രൊഫ. വി.എൻ. മുരളി, പി.എൻ. സരസമ്മ, വി.എസ്. ബിന്ദു, ഡോ. എം.എ. സിദ്ദീഖ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്കാര നിർണയം നടത്തിയത്. കലാജീവിതം ഒരു രാഷ്ട്രീയ ഉത്തരവാദിത്വമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് പ്രാർത്ഥന നടത്തുന്ന സർഗ്ഗാത്മക ഇടപെടലുകൾ മാതൃകാപരമാണ്. നാടകഗാനങ്ങളും വിപ്ലവഗാനങ്ങളും പ്രാർത്ഥനയുടെ ശബ്ദത്തിലൂടെ പുതിയ തലമുറയ്ക്ക് ആവേശകരമായ അനുഭവമായിട്ടുണ്ടെന്നും കമ്മിറ്റി വിലയിരുത്തി. 2024 ഒക്ടോബർ 16ന് വൈകുന്നേരം 4 മണിക്ക് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ഡി ശ്രീധരൻനായർ സ്മൃതിദിന ചടങ്ങിൽ വെച്ച് പുരസ്കാരം വിതരണം ചെയ്യും. തുടർന്ന് പ്രാർത്ഥനാ രതീഷും സംഘവും അവതരിപ്പിക്കുന്ന നാടകഗാനങ്ങളുടെ ഗാനസന്ധ്യയും ഉണ്ടായിരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here