കാറ്ററിങ് കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ വ്യാപക പരിശോധന, 10 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെയ്പ്പിച്ചു

വടക്കന്‍ കേരളത്തിലെ കാറ്ററിങ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാപക പരിശോധന നടത്തി. ആവശ്യമായ രേഖകളില്ലാതെ പ്രവർത്തിച്ച 10 ഓളം സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെയ്പ്പിച്ചതായി മന്ത്രി വീണാ ജോർജ്. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ നോര്‍ത്ത് സോണിൻ്റെ കീഴിലുള്ള കോഴിക്കോട്, മലപ്പുറം കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ കാറ്ററിങ് യൂണിറ്റുകളിലാണ് വ്യാപക പരിശോധനകള്‍ നടത്തിയത്.

ജില്ലകള്‍ കേന്ദ്രീകരിച്ച് 28 സ്‌ക്വാഡുകളായി തിരിഞ്ഞ് 186 സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. വിവിധ ചടങ്ങുകളോടനുബന്ധിച്ചും അല്ലാതെയും പ്രവര്‍ത്തിക്കുന്ന കാറ്ററിങ് യൂണിറ്റുകളെ കേന്ദ്രീകരിച്ചുണ്ടാകുന്ന ഭക്ഷ്യ വിഷബാധകളും പരാതികളും ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് പരിശോധനകള്‍ നടത്തിയത്. മറ്റ് മേഖലകളിലും പരിശോധന തുടരുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

ALSO READ: കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിലെ കുടിവെള്ളത്തിൽ വീണ്ടും കോളിഫോം ബാക്റ്റീരിയ

വിശദ പരിശോധനയ്ക്കായി 24 സ്ഥാപനങ്ങളില്‍ നിന്നും സ്റ്റാറ്റ്യൂട്ടറി സാമ്പിളുകള്‍ ശേഖരിച്ച് ലാബുകളില്‍ പരിശോധനയ്ക്കയച്ചു. മറ്റ് അപാകതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളില്‍ 45 സ്ഥാപനങ്ങള്‍ക്ക് പിഴ ഒടുക്കുന്നതിനുള്ള നോട്ടീസ് നല്‍കുകയും 40 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസുകള്‍ നല്‍കുകയും 6 സ്ഥാപനങ്ങള്‍ക്ക് ഇപ്രൂവ്‌മെൻ്റ് നോട്ടീസുകള്‍ നല്‍കുകയും ചെയ്തു. നിയമപരമായ ലൈസന്‍സില്ലാതെയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായും പ്രവര്‍ത്തിക്കുന്ന 10 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ത്തിവയ്പ്പിച്ചു.

പരിശോധനയുടെ ഭാഗമായി കാറ്ററിങ് യൂണിറ്റുകളിലെ ലൈസന്‍സ്, ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍, വെള്ളം പരിശോധിച്ച റിപ്പോര്‍ട്ട്, പെസ്റ്റ് കണ്‍ട്രോള്‍ മാനദണ്ഡങ്ങള്‍, പൊതുവായ ശുചിത്വം, പാചകത്തിനായി ഉപയോഗിക്കുന്ന വസ്തുക്കള്‍, ഭക്ഷണം ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുന്ന രീതികള്‍ എന്നിവ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി.

സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് അംഗങ്ങളായ ഭക്ഷ്യ സുരക്ഷാ ജോയിൻ്റ് കമ്മീഷണര്‍ ജേക്കബ് തോമസ്, ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മിഷണര്‍ അജി. എസ്, ഭക്ഷ്യസുരക്ഷാ അസിസ്റ്റൻ്റ് കമ്മിഷണര്‍ സക്കീര്‍ ഹുസൈന്‍, എഫ്എസ്ഒ ജോസഫ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News