റഷ്യക്കെതിരെ ഉപരോധം കടുപ്പിക്കാന്‍ ജി7 യോഗത്തില്‍ തീരുമാനം

റഷ്യക്കെതിരെ ഉപരോധം കടുപ്പിക്കാനും യുക്രൈന് കൂടുതല്‍ സൈനിക പരിശീലനം നല്‍കാനും ഹിരോഷിമയിലെ ജി7 യോഗത്തില്‍ തീരുമാനം. അണുബോംബിന്റെ ഇരയായ നഗരത്തില്‍ വെച്ച് തന്നെ യുദ്ധത്തിന് കോപ്പുകൂട്ടാന്‍ എങ്ങനെ കഴിയുന്നുവെന്നാണ് ജി7 വിമര്‍ശകരുടെ മുദ്രാവാക്യം. യോഗത്തില്‍ ക്ഷണിതാവായി പങ്കെടുക്കാന്‍ നരേന്ദ്ര മോദിയും ജപ്പാനില്‍ എത്തിയിട്ടുണ്ട്.

റഷ്യക്കെതിരെ യുദ്ധക്കുറ്റം ചുമത്തി കൂടുതല്‍ ഉപരോധങ്ങള്‍ കൊണ്ടുവരാനും അന്തര്‍ദേശീയ തലത്തില്‍ ഒറ്റപ്പെടുത്താനുമാണ് ജി7 യോഗത്തിലെ ആദ്യദിനം കൈക്കൊണ്ട പ്രധാന തീരുമാനം. കൂടാതെ യുക്രെയിന് കൂടുതല്‍ സഹായം എത്തിക്കാനും തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. F16 വിമാനങ്ങളില്‍ പറക്കാന്‍ യുക്രൈനിലെ സൈനികര്‍ക്ക് പരിശീലനം നല്‍കാനും വിമാനങ്ങള്‍ വിതരണം ചെയ്യാനും തങ്ങള്‍ ഒരുക്കമാണെന്ന് അമേരിക്ക അറിയിച്ചു. യൂറോപ്പില്‍ വെച്ച് പരിശീലനം നടത്താന്‍ തയാറാണെന്നും വിമാനം വിതരണം ചെയ്യാന്‍ ഒരുക്കമാണെന്നും ബ്രിട്ടണ്‍ അടക്കമുള്ള രാജ്യങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ ജിദ്ദയില്‍ അറബ് ലീഗ് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലിന്‍സ്‌കി ജപ്പാനിലേക്ക് എത്തുന്നത്. ആദ്യം ഓണ്‍ലൈനായി ജി7 യോഗത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചെങ്കിലും പിന്നീട് നേരിട്ടെത്താന്‍ തീരുമാനിക്കുകയായിരുന്നു സെലിന്‍സ്‌കി.

ജി7 യോഗത്തിനെത്തിരെ കടുത്ത വിമര്‍ശനവുമായി പ്രക്ഷോഭകര്‍ ഹിരോഷിമയിലെ തെരുവിലും അണിനിരന്നിട്ടുണ്ട്. പലയിടത്തും പോലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷവും ഉണ്ടാകുന്നുണ്ട്. ഏറ്റവും കടുത്ത യുദ്ധക്കെടുതി അനുഭവിച്ച ഒരു നഗരത്തില്‍ ഇരുന്ന് കൊണ്ട് യുദ്ധത്തിന് കോപ്പുകൂട്ടുന്ന ലോകരാജ്യങ്ങളുടെ യുക്തിരാഹിത്യത്തിനെതിരെ മുദ്രാവാക്യം ഉയര്‍ത്തുകയാണവര്‍.

ഗ്ലോബല്‍ സൗത്തിന്റെ പ്രതിനിധിയായി വികസ്വര രാജ്യങ്ങളുടെ പ്രശ്‌നങ്ങള്‍ പങ്കുവെയ്ക്കുമെന്നാണ് യോഗത്തില്‍ ക്ഷണിതാവായി പങ്കെടുക്കാന്‍ ഹിരോഷിമയില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം. ഹിരോഷിമയില്‍ വെച്ച് സൗത്ത് കൊറിയ അടക്കമുള്ള രാജ്യങ്ങളുമായി ഉഭയകക്ഷി യോഗങ്ങളിലും പാക്കിസ്ഥാന്‍, ചൈന, ഭക്ഷ്യപ്രതിസന്ധി, പരിസ്ഥിതി, ഊര്‍ജം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകളിലും മോദി പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News