ഒടിയൻ സിനിമയുടെ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജുവാര്യരുടെ പരാതിയിലെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് രജിസ്റ്റർ ചെയ്ത് നാലു വർഷമായിട്ടും കേസിൽ മഞ്ജു വാര്യർ തൻ്റെ നിലപാട് അറിയിക്കാത്തതിനാലാണ് കേസ് ഹൈക്കോടതി റദ്ദ് ചെയ്തത്. കേസിൽ മഞ്ജുവാര്യർ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതിയും നടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മഞ്ജുവാര്യരുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് കോടതിയുടെ നടപടി. ഒടിയൻ സിനിമയ്ക്കു ശേഷം മഞ്ജു വാര്യർക്കു നേരെ നടന്ന സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് നടി അന്നത്തെ ഡിജിപിയായ ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നൽകിയിരുന്നു. സൈബർ ആക്രമണത്തിനു പിന്നിൽ ശ്രീകുമാർ മേനോനാണ് എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടിയുടെ പരാതി.
പരാതി ഡിജിപി തൃശൂർ ടൗണ്‍ ഈസ്റ്റ് പൊലീസിന് കൈമാറി. തുടർന്ന് 2019 ഒക്ടോബര്‍ 23ന് കേസിൽ എഫ്‌ഐആറിട്ടു. എന്നാൽ, സംവിധായകനെതിരെ ചുമത്തിയ കുറ്റങ്ങളും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആക്ഷേപവും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കുറ്റകരമായ ഉദ്ദേശത്തോടെ പിന്തുടര്‍ന്നുവെന്ന ആക്ഷേപവും നിലനില്‍ക്കുന്നതല്ലെന്നും ഭീഷണിപ്പെടുത്തിയതിന് ശ്രീകുമാർ മേനോനെ വിചാരണ ചെയ്യാന്‍ മാത്രം മതിയായ തെളിവില്ലെന്നും ഹൈക്കോടതി കണ്ടെത്തി. എന്നാൽ, കേസ് ഗൗരവതരമാണെന്നും വിചാരണ നടത്താന്‍ ആവശ്യമായ തെളിവുണ്ടെന്നുമായിരുന്നു അന്ന് പ്രോസിക്യൂഷൻ്റെ വാദം. 2020 മുതല്‍ പരിഗണനയിലുള്ള ഹര്‍ജിയില്‍ എന്നാൽ പിന്നീട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും മഞ്ജു വാര്യര്‍ നിലപാട് അറിയിക്കാതിരുന്നു. ഇതാണ് ഇപ്പോൾ കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ പ്രേരിപ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here