പ്രതിപക്ഷ നേതാവ് വിഡി സതീശന് തിരിച്ചടി, കെ ഫോണിൽ അഴിമതി ആരോപിച്ചുള്ള അദ്ദേഹത്തിൻ്റെ ഹർജി ഹൈക്കോടതി തള്ളി; പദ്ധതിയിൽ ക്രമക്കേട് കണ്ടെത്താനായില്ലെന്ന് ഡിവിഷൻ ബെഞ്ച്

കെ ഫോൺ പദ്ധതിയ്ക്കു പിന്നിൽ ആസൂത്രിതമായ അഴിമതിയുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവിൻ്റെ വാദത്തിന് തിരിച്ചടി. കെ ഫോണിൽ കമ്പനികൾക്ക് കരാർ നൽകിയതിൽ ക്രമക്കേട് ഉണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വി.ഡി. സതീശൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി.  പദ്ധതിയിൽ ക്രമക്കേടോ, നിയമവിരുദ്ധതയോ കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സതീശൻ്റെ ഹർജി തള്ളിയത്. വാദത്തിനിടെ കോടതിയിൽ നിന്നും പ്രതിപക്ഷ നേതാവിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. പ്രതിപക്ഷ നേതാവിന് പൊതുതാൽപര്യമല്ല പബ്ലിസിറ്റി താൽപര്യമാണെന്നായിരുന്നു ഡിവിഷൻ ബെഞ്ചിൻ്റെ വിമർശനം. ഹർജിയിൽ  ലോകായുക്തക്കെതിരെ
 ഉന്നയിച്ച ആരോപണങ്ങൾ കോടതി വിമർശനത്തെ തുടർന്ന്  പ്രതിപക്ഷ നേതാവിന് പിൻവലിക്കേണ്ടതായും വന്നു.
ആരോപണത്തിന് തെളിവ് ചോദിച്ച കോടതിയോട് സിഎജി റിപ്പോർട്ട് ലഭിച്ചതിനു ശേഷം ഹാജരാക്കാം എന്ന് പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞതും കോടതിയുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു. അതേസമയം, ഇൻ്റർനെറ്റ് സാങ്കേതിക വിദ്യ സാർവത്രികമാക്കുന്നതിനായി കൊണ്ടുവന്ന പദ്ധതിയാണ് കെ ഫോണെന്നും നടപടിക്രമങ്ങളെല്ലാം സുതാര്യമാണെന്നും സർക്കാർ കോടതിയിൽ വാദിച്ചു. പദ്ധതി നടത്തിപ്പിൽ അഴിമതിയില്ല,
പ്രതിപക്ഷ നേതാവിൻ്റേത് തെളിവുകളില്ലാത്ത ആരോപണങ്ങളാണെന്നും  കേവലം രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ആരോപണത്തിന് പിന്നിലെന്നും സർക്കാർ കോടതിയിൽ വാദിച്ചു. ഇരുവിഭാഗത്തിൻ്റെയും വാദങ്ങൾ വിശദമായി പരിശോധിച്ച കോടതി സർക്കാർ വാദങ്ങൾ അംഗീകരിച്ച് , വി.ഡി. സതീശൻ്റെ ഹർജി തള്ളി ഉത്തരവിടുകയായിരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News