‘ദ കേരള സ്‌റ്റോറി’ സിനിമക്കെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി

‘ദ കേരള സ്റ്റോറി’ സിനിമയുടെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സിനിമക്കെതിരെ നൽകിയ വിവിധ ഹർജികളാണ് ജസ്റ്റിസുമാരായ എൻ.നഗരേഷും സോഫി തോമസും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. സിനിമയ്ക്ക് സെൻസർ ബോർഡിന്റെ അനുമതിയുണ്ടെന്നും സിനിമ ജനം വിലയിരുത്തുമെന്നും കോടതി വ്യക്തമാക്കി.

അതേസമയം ദ കേരള സ്റ്റോറിയുടെ ടീസർ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് പിൻവലിക്കുമെന്ന് നിർമ്മാണക്കമ്പനി ഹൈക്കോടതിയിൽ വ്യക്തമാക്കി. കേസിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു. പ്രദർശനം തടയണമെന്ന ഹർജി മദ്രാസ് ഹൈക്കോടതിയും വ്യാഴാഴ്ച തള്ളിയിരുന്നു.

തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നും ചിത്രം പ്രദര്‍ശിപ്പിക്കുന്നത് മതസൗഹാര്‍ദ്ദം തകര്‍ക്കാനിടയാക്കുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ചിത്രം ജനങ്ങളുടെ മനസ്സില്‍ വിഷം കുത്തിവെക്കുന്നുവെന്നും ഐ പി സി 153 എ ഉള്‍പ്പടെ വകുപ്പുകള്‍ പ്രകാരം കേസെടുക്കേണ്ട ഉള്ളടക്കമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ശരിയായി വിശകലനം നടത്തിയ ശേഷമാണ് ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു. 32,000 സ്ത്രീകളെ മതം മാറ്റിയെന്ന് സിനിമയില്‍ പറയുന്നില്ല. ഒരു മതത്തെയും നിന്ദിക്കുന്ന വാക്കോ ദൃശ്യമോ സിനിമയില്‍ ഇല്ലെന്ന് ഉറപ്പാക്കിയിരുന്നു. ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയതെന്നും ഹര്‍ജികള്‍ തള്ളണമെന്നും സെന്‍സര്‍ബോര്‍ഡ് കോടതിയെ അറിയിച്ചു.
സിനിമ സാങ്കല്‍പിക കഥയാണെന്നും യഥാര്‍ത്ഥ സംഭവത്തെ നാടകീയവല്‍ക്കരിച്ചതാണെന്നും ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ വിവാദത്തിനിടയാക്കിയ ടീസര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നുള്‍പ്പടെ നീക്കം ചെയ്യുമെന്നും നിര്‍മ്മതാതാവ് വ്യക്തമാക്കി.ഇതിനിടെ, കേരള സ്റ്റോറി ചരിത്രസിനിമയല്ല,സാങ്കല്പിക കഥയാണെന്ന് വാദം കേള്‍ക്കുന്നതിനിടെ കോടതി വാക്കാല്‍ പരാമര്‍ശിച്ചു.പ്രദര്‍ശനം തല്‍ക്കാലം തുടരാമെന്ന് വ്യക്തമാക്കിയ കോടതി ഇപ്പോള്‍ ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്നും അറിയിച്ചു. തുടര്‍ന്ന് ഹര്‍ജികള്‍ പിന്നീട് പരിഗണിക്കാന്‍ മാറ്റി.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News