ബ്രഹ്‌മപുരത്തേയ്ക്കുള്ള മാലിന്യ നീക്കം കൊച്ചി കോര്‍പ്പറേഷന്‍ ഇന്നത്തോടെ അവസാനിപ്പിക്കും. നാളെ മുതല്‍ സ്വകാര്യ ഏജന്‍സികള്‍ ജൈവ മാലിന്യശേഖരണം നിര്‍വ്വഹിക്കും. പ്രതിദിനം 100 ടണ്‍ മാലിന്യം സംസ്‌ക്കരിക്കാന്‍ കഴിയുന്ന പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ കോര്‍പ്പറേഷന്‍ ഉടന്‍ തുടങ്ങും.
ശുചിത്വമിഷന്‍ അംഗീകാരമുള്ള ഏജന്‍സികളാണ് വ്യാഴാഴ്ച്ച മുതല്‍ കൊച്ചി നഗരത്തിലെ മാലിന്യം ശേഖരിക്കുക. വീടുകളില്‍ നിന്നും ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന ജൈവമാലിന്യം ഏജന്‍സികള്‍ക്ക് കൈമാറും. പ്ലാസ്റ്റിക്ക് മാലിന്യം നേരത്തെതന്നെ സ്വകാര്യ ഏജന്‍സികളാണ് ശേഖരിച്ച് കൊണ്ടുപോകുന്നത്. ബ്രഹ്‌മപുരം തീപിടിത്തത്തിനു ശേഷം മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പ്രത്യേക കര്‍മ്മ പദ്ധതി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരുന്നു. ഇതിന്റെ ഭാഗമായി മെയ് 1മുതല്‍ മറ്റ് തദ്ദേശഭരണ സ്ഥാപന പരിധിയിലെ മാലിന്യം ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോകുന്നത് നിര്‍ത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ജൂണ്‍1 ഓടെ കൊച്ചികോര്‍പ്പറേഷന്‍ പരിധിയില്‍ നിന്നും ബ്രഹ്‌മപുരത്തേക്കുള്ള മാലിന്യ നീക്കവും നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു.
അതേ സമയം മാലിന്യ സംസ്‌ക്കരണത്തിനായി പുതിയ പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രാഥമിക നടപടികള്‍ കോര്‍പ്പറേഷന്‍ ഊര്‍ജ്ജിതമാക്കി.പ്രതിദിനം 100 ടണ്‍മാലിന്യം സംസ്‌ക്കരിക്കാന്‍ കഴിയുന്ന പ്ലാന്റ് സ്ഥാപിക്കുന്നതിനായി കോര്‍പ്പറേഷന്‍ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. 48.56 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.കരാറില്‍ ഒപ്പുവെച്ച് 8 മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും 9 മാസത്തിനുള്ളില്‍ പ്രവര്‍ത്തിപ്പിക്കുകയും വേണമെന്നാണ് ടെന്‍ഡര്‍ വ്യവസ്ഥ.അതേ സമയം മാലിന്യത്തില്‍ നിന്നും പ്രകൃതി വാതകമുല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന പ്ലാന്റ് ബി പി സി എല്ലിന്റെ സഹായത്തോടെ സ്ഥാപിക്കുന്നതു സംബന്ധിച്ചും ആലോചനയിലുണ്ട്. സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here