സതീശന്‍-സുധാകരന്‍ തര്‍ക്കം കാരണം മാറ്റിവച്ച കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഹൈക്കമാൻഡിൻ്റെ കർശന നിർദ്ദേശത്തെ തുടർന്ന് ജനുവരി 19ന് നടത്താൻ കെപിസിസിയിൽ തീരുമാനം. കെപിസിസി പ്രസിഡൻ്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള തർക്കം പാർട്ടിയിലും മുന്നണിയിലും പ്രതിസന്ധി സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് യോഗം ഉടൻ നടത്താൻ ഹൈക്കമാൻഡ് കെപിസിസിയ്ക്ക് കർശന നിർദ്ദേശം നൽകിയത്.
നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയെന്നാണ് സൂചന. നേതാക്കൾക്കിടയിലെ പോര് കാരണം തദ്ദേശ തെരഞ്ഞെടുപ്പിലെ അടക്കം ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കെപിസിസി യോഗം പ്രതിപക്ഷ നേതാവ് ബഹിഷ്ക്കരിച്ചിരുന്നു.
ALSO READ: തൃശ്ശൂർ പീച്ചി ഡാം റിസർവോയറിൽ വിദ്യാർഥികൾ വീണുണ്ടായ അപകടത്തിൽ മരണം മൂന്നായി
ഇതിനു പകരമായി യുഡിഎഫ് യോഗം കെ. സുധാകരനും ബഹിഷ്‌കരിച്ചു. ഇതോടെ പല കാര്യങ്ങളിലും തീരുമാനം എടുക്കാന്‍ കഴിയാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്. വിവാദ വിഷയങ്ങളില്‍ പോലും ഇരു നേതാക്കളും പരസ്പര വിരുദ്ധമായാണ് മറുപടി പറയുന്നത്. ഇതില്‍ മാറ്റം വേണമെന്നാണ് ഹൈക്കമാഡിൻ്റെ നിലപാട്. ഇതിനെ തുടർന്നാണ് മാറ്റിവച്ച രാഷ്ട്രീയകാര്യ സമിതി യോഗം അടിയന്തരമായി ചേരാന്‍ ഹൈക്കമാഡ് നിര്‍ദേശം നല്‍കിയത്. തുടർന്നാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം 19ന് ചേരാന്‍ തീരുമാനിച്ചത്.
യോഗത്തില്‍ പി.വി. അന്‍വറിനോട് കോണ്‍ഗ്രസ് എടുക്കേണ്ട നിലപാടും ചര്‍ച്ചയാകും. അന്‍വറിനെ പെട്ടെന്ന് മുന്നിണിയില്‍ എടുക്കുന്നതിനോട് ഭൂരിഭാഗം നേതാക്കള്‍ക്കും യോജിപ്പില്ല. അന്‍വര്‍ മാപ്പ് പറഞ്ഞതോടെ വി.ഡി. സതീശന്‍ അയഞ്ഞിട്ടുണ്ടെങ്കിലും മറ്റു നേതാക്കള്‍ പ്രതിഷേധത്തിലാണ്. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ തള്ളി ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടതിലും നേതാക്കള്‍ അതൃപ്തരാണ്. പാര്‍ട്ടിക്കുള്ളില്‍ വിള്ളല്‍ ഉണ്ടാക്കാനുള്ള ശ്രമം ആണ് അന്‍വര്‍ നടത്തിയതെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍. എ വിഭാഗം നേതാക്കള്‍ക്കും ഇതില്‍ പ്രതിഷേധമുണ്ട്. ഇത്തരം കാര്യങ്ങള്‍ 19ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ചര്‍ച്ചയാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here